Friday
25 May 2018

മറയൂര്‍ ശര്‍ക്കര ഉദ്പാദനം ജൈവ രീതിയിലാക്കുന്നു

By: Web Desk | Friday 5 January 2018 10:05 PM IST

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: ഭൗമ സൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിയതോടെ മറയൂര്‍ ശര്‍ക്കര പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ കൃഷിവകുപ്പ് ആരംഭിച്ചു.
കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കരയുടെ നിര്‍മ്മാണ രീതി നിലനിര്‍ത്തിക്കൊണ്ട് പൂര്‍ണ്ണമായും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണമാണ് നടക്കുന്നത്. തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നു വരുന്നത്. പരമ്പരാഗത ശര്‍ക്കര നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന കുമ്മായത്തിന് പകരം വെണ്ടക്ക നീര് ഉപയോഗിച്ചുള്ള പരീക്ഷണമാണ് നടക്കുന്നത്. തിളപ്പിച്ചെടുത്ത കരിമ്പിന്‍ സത്തിന് കൂടുതല്‍ ദൃഢത ലഭിക്കുന്നതിന് വേണ്ടിയാണ് ചെറിയ അളവില്‍ കുമ്മായം ഉപയോഗിക്കുന്നത്. വെണ്ട നീര് ഉപയോഗിച്ചുള്ള ഗവേഷണം വിജയം കണ്ടാല്‍ മറയൂരിലെ കര്‍ഷകര്‍ക്ക് ഇതില്‍ പരിശീലനം നല്‍കാനും കൃഷിവകുപ്പ് തീരുമാനിച്ചു. ഭൗമ സൂചിക രജിസ്‌ട്രേഷന് നടപടികള്‍ അവസാന ഘട്ടിത്തിലെത്തിയതോടെ മറയൂരിലെയും കാന്തല്ലൂരിലേയും കരിമ്പ് കര്‍ഷകര്‍ക്ക് ജി ഐ രജിസ്‌ട്രേഷന്‍ നിയമങ്ങളെക്കുറിച്ചും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസം ക്ലാസ് നല്‍കിയിരുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്. മറയൂരിലെ കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കരയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കൂടാതെ ശര്‍ക്കര നിര്‍മ്മിക്കുന്ന ആലപ്പുരകളുടെ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികളും കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മറയൂരിലെ ഭൂരിഭാഗം ശര്‍ക്കര നിര്‍മ്മാണ ആലപ്പുരകളും കരിമ്പ് പാടത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഓലകൊണ്ട് മേഞ്ഞ ആലപ്പുരകള്‍ നവീകരിക്കാന്‍ ധനസഹായം നല്‍കുമെന്നും കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്. ഭൗമ രജിസ്‌ട്രേഷന്റെ ഭാഗമായി അഞ്ചുനാട്ടിലെ മുഴുവന്‍ കരിമ്പ് കര്‍ഷകരുടേയും വിവരങ്ങള്‍ ശേഖരിച്ച് കൃഷിവകുപ്പിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. ഡാറ്റ ടൈം ടേബിള്‍ തയ്യാറാക്കുന്നതോടെ മറയൂര്‍ ശര്‍ക്കരയുടെ വ്യാജനെ തടയാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കൃഷിവകുപ്പ് അധികൃതര്‍.