Monday
19 Nov 2018

3,400 ചെറുപ്പക്കാരെ തോക്കുചൂണ്ടി കെട്ടിച്ചു

By: Web Desk | Sunday 4 February 2018 6:54 PM IST

പട്‌ന: തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി 3,400ലധികം യുവാക്കളെ ബിഹാറില്‍നിന്ന് തട്ടിക്കൊണ്ട്‌പോയത് വിവാഹം ചെയ്യിക്കാന്‍. പക്കട്‌വാ വിവാഹത്തിന് വരന്മാരാക്കാനാണ് ഇത്രയിധം ചെറുപ്പക്കാരെ തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറേ വര്‍ഷങ്ങളായി യുവാക്കളെ തട്ടിക്കൊണ്ട്‌പോകുന്ന പ്രവണതകള്‍ നടക്കുന്നുവെങ്കിലും ഇത്രയധികം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ട് പോകലിന് വിധേയരാകുന്നത് ആദ്യമായാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 3,405 യുവാക്കളെയാണ് പക്കട്‌വാ വിവാഹത്തിന് വരന്മാരാക്കാന്‍ കൊണ്ടുപോയത്.
കൊല്ലുമെന്നും കൂടെ വന്നില്ലെങ്കില്‍ ബന്ധുക്കളെ കൊലപ്പെടുത്തുമെന്നുമൊക്കെ ഭീഷണിയുയര്‍ത്തിയാണ് യുവാക്കളെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് 2016ല്‍ പക്കട്‌വാ വിവാഹത്തിന് ഇരയായത് 3,070 യുവാക്കളാണ്. 2015ല്‍ 3,000ഉം 2014ല്‍ 2,526ഉം യുവാക്കളുമാണ് ഇത്തരത്തില്‍ നിര്‍ബന്ധിത വിവാഹത്തിന് ഇരയായത്.
പ്രതിദിനം ഒമ്പത് യുവാക്കളാണ് പക്കട്‌വാ വിവാഹത്തിന് ഇരയാകുന്നത്. 18 മുതല്‍ 30 വരെ പ്രായത്തിലുള്ള ആണുങ്ങളാണ് തട്ടിക്കൊണ്ട് പോകലിന് ഇരയാകുന്നത്.

സ്ത്രീധന പ്രശ്‌നങ്ങളാണ് ഇത്തരം വിവാഹത്തിന് പ്രധാനകാരണമെന്നും വധു വീട്ടുകാര്‍ ഉന്നയിക്കുന്ന വാദം. വധുവിന് അനുയോജ്യരെന്ന് കരുതുന്ന യുവാക്കളെ വധുവിന്റെ വീട്ടുകാര്‍ തന്നെ തട്ടിക്കൊണ്ട് പോയാണ് നിര്‍ബന്ധിത വിവാഹത്തിന് വിധേയരാക്കുന്നത്. ഇതിനായി പ്രൊഫഷണല്‍ കുറ്റവാളികളെ വിലയ്ക്ക് വാങ്ങിക്കുകയും ചെയ്യുന്നതായി പൊലിസ് പറയുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളെപ്പോലും തട്ടിക്കൊണ്ട് പോകുന്നു. കൂടാതെ പക്കട്‌വാ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നതും ബിഹാറിലാണ്.