Monday
10 Dec 2018

ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം; എട്ടാമത്തെ കീമോക്ക് മുമ്പ് വിവാഹം

By: Web Desk | Tuesday 11 September 2018 8:54 AM IST

നിലമ്പൂര്‍: തന്റെ പ്രണയിനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍, അവള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസവും കരുതലും പകര്‍ന്നു നല്‍കി താലി കെട്ടി സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്ന പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സച്ചിന്‍ കുമാറിനും പ്രിയതമ ഭവ്യയ്ക്കും നാടൊട്ടുക്കും ആഭിനന്ദനപ്രവാഹം.
പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവര്‍ക്ക് ആത്മ വിശ്വാസവും കരുത്തും പകര്‍ന്നു നല്‍കി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെ. ക്യാന്‍സറിനെ തോല്‍പ്പിച്ചാണ് പ്രണയത്തിനൊടുവില്‍ സച്ചിന്‍ ഭവ്യയെ ജീവിത സഖിയാക്കിയത്.
കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലിയും ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്.
പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലേക്ക് എത്തുന്നതിന് തൊട്ടു മുന്‍പാണ് ഭവ്യക്ക് വില്ലനായി ക്യാന്‍സറെത്തിയത്. ബാങ്ക് ജോലിക്കിടെ ഭവ്യയില്‍ അസഹ്യമായ പുറംവേദന ഉണ്ടായതാണ് അസുഖത്തിന്റെ തുടക്കം. വിശദമായി പരിശോധന കഴിഞ്ഞപ്പോള്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഭവ്യയെ തനിച്ചാക്കാന്‍ സച്ചിന് കഴിഞ്ഞില്ല. തുടര്‍ പഠനവും മറ്റു തൊഴില്‍ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ച് സച്ചിന്‍ തന്നെ അവളെ ചികില്‍സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോള്‍ മാര്‍ബിള്‍ പണിക്ക് ഇറങ്ങി. ഭവ്യയുടെ അച്ഛനും കൂലിവേലയാണ്. മകളുടെ ചികില്‍സാ ചെലവ് ഭവ്യയുടെ അച്ഛനും താങ്ങാനാവാതെയായി. ഇതു കൂടിയായതോടെയാണ് ഇരു കുടുംബത്തിനും തണലായി സച്ചിന്‍ കൂലിവേലയെടുത്തു തുടങ്ങിയത്.
സ്‌നേഹരാഹിത്യത്തിന്റെയും കാപട്യങ്ങളുടേയു പുതുലോക ക്രമത്തില്‍ പ്രണയം തീര്‍ത്ത കനകകൊട്ടാരത്തില്‍ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിന്റെയും ഭവ്യയുടേയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു.
എട്ടാമത്തെ കീമോ ചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. സനേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകര്‍ന്നു നല്‍കിയ സച്ചിന്റെ ത്യാഗമനോഭാവത്തെയും അര്‍പ്പണ മനസ്സിനേയും വാനോളം പ്രശംസിച്ചാണ് ഓരോരുത്തരും അഭിനന്ദിക്കുന്നത്. എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നതെന്നതിനാല്‍ എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സുമനുകളുടെ സഹായം ലഭിച്ചാല്‍ ഭവ്യയുടെ അസുഖം ഭേദമാക്കാനാവും. അക്കൗണ്ട് നമ്പര്‍- 40160101056769,ഭവ്യപി, ഐഎഫ്എസ് സി: കേരളഗ്രാമീണ്‍ ബാങ്ക്, കരുളായി.

Related News