Monday
20 Aug 2018

കിഴക്കന്‍മലയോരമേഖലയില്‍ വ്യാപകനാശം

By: Web Desk | Thursday 30 November 2017 10:09 PM IST

പുനലൂര്‍: കിഴക്കന്‍മലയോരമേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപകനാശം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരങ്ങള്‍ കടപുഴകിവീണു, ആറ് മണിക്കൂര്‍ ഗതാഗതം നിലച്ചു.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മരങ്ങള്‍ കടപുഴകി വീണ് അമ്പതിലധികം വീടുകള്‍ക്ക് നാശം സംഭവിച്ചു. ഉറുകുന്ന് മോഹനവിലാസത്തില്‍ ആര്‍ മോഹനന്‍, അച്ചന്‍കോവില്‍ ആദിവാസികോളനിയിലെ താമസക്കാരായ ലീല, ഭവാനി, ഷൈലജ, ആനപെട്ടകോങ്കല്‍ സ്വദേശികളായ അശോകന്‍, രാജേഷ്, പ്രതാപന്‍, ശശിധരന്‍ തുടങ്ങി നിരവധി പേരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇടമണ്‍ തണ്ണിവളവ് സ്വദേശിയായ സത്യശീലന്റെ നൂറ്മൂട് ഏത്തവാഴയും കാറ്റില്‍ നശിച്ചു.
ദേശീയപാതയിലെ കോട്ടവാസലിലൂടെ കടന്നുവന്ന ലോറിയുടെ മുകളില്‍ മരം കടപുഴകിവീണ് ആറുമണിക്കൂര്‍ ഗതാഗതം നിലച്ചു. ഇതിന് സമീപത്തെ നിരവധി സ്ഥലങ്ങളില്‍ പത്തോളം വൃക്ഷങ്ങള്‍ പിഴുത് റോഡില്‍ വീണു.
ഇന്നലെ രാവിലെ പതിമൂന്ന് കല്ലറ പാലത്തിന് സമീപത്തുനിന്ന മരം പിഴുതുവീണ് രണ്ടുമണിക്കൂര്‍ ഗതാഗതം നിലച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇത് നീക്കം ചെയ്തത്. ഗതാഗതം നിലച്ചതോടെ ആര്യങ്കാവ് ആര്‍ടി ഓഫീസ് മുതല്‍ തമിഴ്‌നാട്ടിലെ പുളിയറ വരെ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.
പിന്നീട് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് മരങ്ങള്‍ ദേശീയപാതയില്‍ നിന്നും നീക്കിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങിയ കനത്തകാറ്റും മഴയും ഇന്നലെ രാവിലെ 10 മണിയോടെ ശക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപകമായി കൃഷിനാശവും സംഭവിച്ചു.
മഴ കനത്തതുമൂലം അച്ചന്‍കോവില്‍ആറ് കരകവിഞ്ഞൊഴുകി. കുംഭാവുരുട്ടി, മണലാര്‍ എന്നീ ചെറുനദികളില്‍ നിന്നും മലവെള്ളം എത്തിയതോടെ ചെങ്കോട്ട-അച്ചന്‍കോവില്‍ റോഡിലെ മടന്തര്‍ ചപ്പാത്തും നിറഞ്ഞൊഴുകി. ഇവിടെ വൃക്ഷങ്ങള്‍ കടപുഴകിവീണത് മുറിച്ചുമാറ്റാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും കനത്ത കാറ്റുമൂലം അവര്‍ മടങ്ങുകയായിരുന്നു. ഇത് അന്വേഷിക്കാന്‍ കുംഭാവുരുട്ടിക്ക് സമീപം എത്തിയ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റും സിപിഐ പുനലൂര്‍ മണ്ഡലംകമ്മിറ്റി അംഗവുമായ അച്ചന്‍കോവില്‍ സുരേഷ്ബാബു മലവെള്ളപാച്ചിലില്‍ ഒറ്റപ്പെട്ടുപോയി. രണ്ട് ഭാഗത്തേക്കും കടന്നുപോകാന്‍ കഴിയാതെ നാലുമണിക്കൂര്‍ വനത്തില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാരും വനപാലകരും എത്തിയാണ് ഇദ്ദേഹത്തെ രക്ഷപെടുത്തിയത്. മഴ കനത്തതോടെ തെന്മല അണക്കെട്ട് ഏതുസമയത്തും തുറന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞു. കല്ലടയാറിന്റെ രണ്ടുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.