Monday
15 Oct 2018

നഗരങ്ങള്‍ നരകങ്ങള്‍

By: Web Desk | Monday 13 November 2017 8:56 PM IST

കെ കെ ശ്രീനിവാസന്‍

കലി തുള്ളാതെ കാലവര്‍ഷം കനിഞ്ഞാല്‍ കര്‍ഷകര്‍ക്ക് ആശ്വാസം. കാലവര്‍ഷം കലിതുള്ളുമ്പോഴാകട്ടെ കര്‍ഷകന്റെ നെഞ്ച് മാത്രമല്ല പിടയുക. രാജ്യത്തെ നഗരവാസികളുടെയും നെഞ്ച് പിടയും. കാലവര്‍ഷം വിതയ്ക്കുന്ന കെടുതികള്‍ നഗരവാസികളെ ദുരിതങ്ങളുടെ ആഴക്കയങ്ങളിലെത്തിക്കുന്നുവെന്നതാണ് ഇതിനു കാരണം. നഗരങ്ങളില്‍ പ്രളയം വിതയ്ക്കാന്‍ പേമാരിയൊന്നും വേണമെന്നില്ല. ഒരു ചെറിയ മഴ. അതുമതി നഗരപ്രദേശങ്ങളെ വെള്ളപ്പൊക്കത്തിന്റെ പിടിയിലാഴ്ത്തുവാന്‍. കാലവര്‍ഷ വേളയില്‍ വെള്ളപ്പൊക്കത്തിന്റെയും വെള്ളക്കെട്ടുകളുടെയും കെടുതികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടതാണ് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം. കാലവര്‍ഷം സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം നഗരങ്ങളെ വിഴുങ്ങുന്നുവെന്നതിന്റെ തുടര്‍ച്ചയ്ക്ക് ഒടുക്കമില്ല.
2017 ഓഗസ്റ്റ് 29 ന് മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം വിതച്ച ദുരന്തത്തില്‍ കെട്ടിടം തകര്‍ന്നതിലുള്‍പ്പെടെ 40 ഓളം പേരുടെ ജീവന്‍ പൊലിഞ്ഞു. ജനജീവിതം പാടേ നിശ്ചലമായി. നഗരവാസികള്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇഴഞ്ഞുനീങ്ങി. മുംബൈ 30 ലക്ഷം ട്രെയിന്‍-ബസ് യാത്രികര്‍ വീടുകളിലേക്ക് തിരിച്ചെത്താനാകതെ പേമാരിയില്‍ പാതിവഴിയില്‍ കുടുങ്ങി. അഴുക്കുചാലുകള്‍ കവിഞ്ഞപ്പോള്‍ നഗരം അക്ഷരാര്‍ഥത്തില്‍ അഴുക്കുവെള്ളത്തില്‍ നിമഞ്ജനം ചെയ്യപ്പെട്ടു. അഴുക്കുവെള്ളം കുടിവെള്ളത്തില്‍ കലര്‍ന്നു. ക്ഷുദ്രജീവികള്‍ ചത്തുചീഞ്ഞളിഞ്ഞ് നഗരവീഥികളില്‍ അങ്ങോളമിങ്ങോളം ഒഴുകി. വെള്ളക്കെട്ടിന്റെ ബാക്കിപത്രമായി മഹാനഗരം പകര്‍ച്ചവ്യാധികളുടെ നരകമായി. വെള്ളപ്പൊക്ക താണ്ഡവത്തിനിരകളായ രോഗികളെക്കൊണ്ട് സര്‍ക്കാരാശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ട്രെയിന്‍-ബസ്-വേ്യാമഗതാഗതങ്ങള്‍ പാടേ താറുമാറായി. തെരുവുകളില്‍ കടപുഴകിയ വൃക്ഷങ്ങള്‍. അതെ, മുംബൈ നഗരവാസികളുടെ ജീവിതം അമ്പേ നിശ്ചിലമായി. ഇത് ഓരോ വര്‍ഷപാതത്തിന്റെയും പതിവുകാഴ്ചകള്‍.
2005 ജൂലൈയില്‍ മുംബൈ നഗരം കണ്ട അതേ വെള്ളപ്പൊക്കക്കെടുതിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും മുംബൈ നഗരവാസികളുടെ ജീവനും സ്വത്തക്കളും ഒഴുക്കികൊണ്ടുപോയത്. അന്നത്തെ വെള്ളപ്പൊക്കക്കെടുതി നഗരത്തെ പിടിച്ചുലച്ചുവെങ്കിലും അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറായതേയില്ല. 2005 ജൂലൈ 26നും 27നും തകര്‍ത്തുപെയ്ത മഴയില്‍ 1094 ജീവനുകള്‍ പൊലിഞ്ഞു. ജനങ്ങളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ റോഡും തോടും തിരിച്ചറിയപ്പെടാതെ പോയി. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അഴുക്കുചാലിനു മുകളിലുള്ള സുരക്ഷാ സ്ലാബുകള്‍ ഒലിച്ചുപോയി. അഴുക്കുചാലുകളുടെ മാന്‍ഹോളുകള്‍ തകര്‍ന്നുപോവുയോ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയോ ചെയ്തു. മഴവെള്ളപ്പാച്ചിലില്‍ നഗരത്തിന്റെ മാലിന്യം പേറുന്ന സാന്‍ഡാക്രൂസ്-വക്കോള-വര്‍ളി തോടിലൂടെയാണ് മനുഷ്യജീവനുകളും വസ്തുവകകളും ഒഴുകി അറബിക്കടലില്‍ നിപതിച്ചത്.
150 വര്‍ഷം മുമ്പ് പണിതീര്‍ക്കപ്പെട്ട അഴുക്കുവെള്ള നിര്‍ഗമന സംവിധാനങ്ങളുമാണിപ്പോഴും മുംബൈ മഹാനഗരത്തില്‍. ഇതിന് 25 മില്ലി മീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ശേഷി മാത്രമേയുള്ളൂ. കാലാകാലങ്ങളില്‍ ഇതിന്റെ പുനരുദ്ധാരണത്തിനും വികസനത്തിനും വേണ്ടി കോടികളുടെ ഫണ്ട് വകമാറ്റിവയ്ക്കപ്പെട്ടു. മാലിന്യങ്ങള്‍ വന്നടിഞ്ഞ് ചാലുകളുടെ ഒഴുക്ക് തടസപ്പെടുന്നു. തടസം നീക്കുന്നതിനായി പേരില്‍ കോടികള്‍ വകയിരുത്തുന്നു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്തിയ പരിഗണന നല്‍കേണ്ട അഴുക്കുചാലുകളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഉദേ്യാഗസ്ഥരുടെ അനാസ്ഥയിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിപ്പോകുകയാണ്.
1993 ലെ ബജറ്റില്‍ 600 കോടി രൂപ വകയിരുത്തപ്പെട്ടു. മുംബൈ മഹാനഗരത്തിന്റെ അഴുക്കുചാല്‍ പദ്ധതിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ യുകെ ആസ്ഥാനമായ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. 2002 ഓടുകൂടി പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്നും പറഞ്ഞു. 600 കോടിയില്‍ 260 കോടി മാത്രമാണ് പദ്ധതിയിലെത്തിയത്. ബാക്കി കോടികള്‍ എവിടേയ്ക്ക് ഒഴുകിപ്പോയി എന്നതിന് ഉത്തരം പറയാന്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ!
മുംബൈ മഹാനഗരത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനുളളില്‍ മാത്രം 2007 കോടി രൂപ ചിലവഴിക്കപ്പെട്ടു. എന്നാലിത്രയും കോടികള്‍ ചിലവഴിച്ചിട്ടും മലിനജലം ഒഴുകിപ്പോകുന്നതിനായുള്ള സൗകര്യങ്ങളുടെ അപര്യാപ്തത നഗരത്തെ വീര്‍പ്പുമുട്ടിക്കുകയാണ്. നഗരാസൂത്രണത്തിനായി വകയിരുത്തപ്പെടുന്ന കോടികളുടെ ഫണ്ട് അഴിമതിയുടെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപോകുന്നു. അഴിമതിയുടെ ഗുണഭോക്താക്കളും പ്രയോക്താക്കളും ഉദേ്യാഗസ്ഥവൃന്ദം മാത്രമല്ല. ഇതൊരു ഉദേ്യാഗസ്ഥ-ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ അവിശുദ്ധ കൂട്ടുകച്ചവടമാണ്.

2015 നവംബറില്‍ ചെന്നൈ നഗരം വെള്ളപ്പൊക്കത്തില്‍ പൊലിഞ്ഞുപോയത് 350ലധികം ജീവനുകള്‍. 15000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം. നഗരത്തിലെ കൂം, അടയാര്‍ നദികളും ബക്കിങ്ഹാം കനാലും നഗരത്തിലെ മാലിന്യവാഹിനികളായി. പക്ഷേ ഇതിന്റെ ഇരുകരകളും കയ്യേറ്റക്കാരുടെ പിടിയിലാണ്. 1.5 ലക്ഷം കയ്യേറ്റങ്ങളുണ്ടെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 2015-ലെ വെള്ളപ്പൊക്ക കെടുതിയുണ്ടാകുന്നതിന് മുമ്പ്, 2015 സെപ്റ്റംബറില്‍, കയ്യേറ്റങ്ങളെ ഒഴിപ്പിച്ച് നദികളെ പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി ജയലളിത സര്‍ക്കാരിനോടാവശ്യപ്പെട്ടതാണ്. അത് പക്ഷേ അവഗണിക്കപ്പെട്ടു. അതിന്റെ ദുരന്ത പരിണിതിയാണ് 2015-ല്‍ ചെന്നൈ നഗരം കണ്ട വെള്ളപ്പൊക്കം.

ലോകത്തിലെ തന്നെ വെള്ളപ്പൊക്ക സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വര്‍ഷത്തില്‍ 113 ദശലക്ഷം ജനങ്ങളെ വെള്ളപ്പൊക്കത്തിന്റെ ഇരകളാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രകൃതി ദുരന്തത്തില്‍ ശരാശരി സാമ്പത്തികനഷ്ടം 980 കോടി ബില്യണ്‍ ഡോളറെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 700 കോടി ഡോളര്‍ നഷ്ടം വരുത്തിവയ്ക്കുന്നത് വെള്ളപ്പൊക്കമാണ്. വെള്ളപ്പൊക്കം മുംബൈ, ചെന്നൈ നഗരങ്ങളുടെ മാത്രം ശാപമല്ല. ഡല്‍ഹി, ഗുഡ്ഗാവ് , ബംഗ്ലൂരു തുടങ്ങിയ മഹാനഗരങ്ങളും കാലവര്‍ഷത്തിന്റെ കെടുതികള്‍ക്ക് വിധിക്കപ്പെട്ടവയാണെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്തിനധികം കേരളത്തിന്റെ കൊച്ചിയും തിരുവനന്തപുരവും മഴ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കവെള്ളക്കെട്ടിന്റെയും പിടിയില്‍ നിന്ന് മാറിനില്‍ക്കുന്ന നഗരങ്ങളല്ല. അതെ, രാജ്യത്തിന്റെ നഗരവാസികളുടെ ജീവനും സ്വത്തും കാലവര്‍ഷം വിതയ്ക്കുന്ന വെള്ളപ്പൊക്കത്തിലും വെള്ളക്കെട്ടുകളിലും മുങ്ങിത്തുടിക്കുകയാണ്.

അധികാരികള്‍ പേമാരിയുടെ കാരണങ്ങള്‍ തേടുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന കാരണത്തില്‍ അഭയം തേടുന്നു. നഗരങ്ങളില്‍ മഴ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കത്തെപ്രതി ഹെലികോപ്ടറില്‍ കറങ്ങി ഭരണാധികാരികള്‍ വ്യസനം പങ്കുവയ്ക്കുന്നു. അശാസ്ത്രീയമായ നഗരാസൂത്രണം, അനധികൃത കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കല്‍, മഴവെള്ളച്ചാലുകളും തോടുകളും കൈയേറിയുള്ള വാണിജ്യസമുച്ചയങ്ങളുടെ നിര്‍മാണം, ശീഘ്രഗതിയിലുള്ള നഗരവല്‍ക്കരണം, പാര്‍പ്പിട സൗകര്യങ്ങളുടെ അഭാവം ഇതെല്ലാം തന്നെ നഗരത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയ്ക്കുള്ള പ്രതിബന്ധങ്ങളാണ്. ഇത് അകറ്റുന്നതിനായി ക്രിയാത്മകമായ ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായിയുണ്ടാകുന്നില്ലെന്നിടത്താണ് ഒരൊറ്റ ചെറുമഴയില്‍ പോലും നഗരങ്ങള്‍ നരകങ്ങളായി പരിണമിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാഗ്രാഫില്‍ മാത്രം കണ്ണും നട്ടിരിക്കുന്നവര്‍ ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത ഒട്ടുമേ പുലര്‍ത്തിക്കാണുന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം നികുതികള്‍ ചുമത്തി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. നികുതിദായകന്റെ നികുതിപ്പണം പക്ഷേ കൃത്യതയോടെ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കപ്പെടുന്നതില്‍ ഗുരുതരമായ അലംഭാവത്തിലും അനാസ്ഥയിലുമാണ് ഭരണാധികാരികള്‍. അതുകൊണ്ടുതന്നെ രാജ്യത്തെ നഗരങ്ങള്‍ നരകങ്ങളായി തുടരാതെ തരമില്ലല്ലോ.

 

Related News