Sunday
24 Sep 2017

മെഡിക്കല്‍ അലോട്ടുമൈന്റിനുശേഷവും സീറ്റുകള്‍ അധികം;ആശങ്കയും

By: Web Desk | Friday 1 September 2017 10:22 AM IST

അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഇന്നു പുലര്‍ച്ചയോടെ പൂര്‍ത്തിയായപ്പോള്‍ എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്ന കൃത്യമായ കണക്ക് ഇനിയുമില്ല. സര്‍ക്കാര്‍ ഗാരന്റി നല്‍കിയാലും ആറുലക്ഷം രൂപയുടെ കടബാധ്യത വിദ്യാര്‍ഥികള്‍ക്കു കുരുക്കായി മാറുമെന്ന് ആശങ്കയുണ്ട്. അസീസിയ മെഡിക്കല്‍ കോളജ് കൂടി ബാങ്ക് ഗാരന്റി ഒഴിവാക്കി. ഡിഎം വയനാട് 50 സീറ്റില്‍ അഞ്ചുലക്ഷം രൂപയ്ക്കു ബാങ്ക് ഗാരന്റിയില്ലാതെ പഠിപ്പിക്കും. എന്നാല്‍, ബാങ്ക് ഗാരന്റി ഒഴിവാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ച ചില മെഡിക്കല്‍ കോളജുകള്‍ ഗാരന്റി വേണമെന്ന് ആവശ്യപ്പെട്ടതായി രക്ഷിതാക്കള്‍ക്ക് ആക്ഷേപമുണ്ട്
ബുധനാഴ്ച തുടങ്ങിയ സ്‌പോട്ട് അഡ്മിഷന്‍ ഇന്നലെ രാവിലെ വരെ തുടര്‍ന്നു. ബുധനാഴ്ച അലോട്‌മെന്റിനു വിളിച്ച ചില വിദ്യാര്‍ഥികള്‍ക്ക് ഇന്നലെയാണു പ്രവേശനം നല്‍കിയത്. ഇതേസമയം ഒഴിവുകളുടെ കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച രാവിലെ 690 മെഡിക്കല്‍ സീറ്റ് ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയായപ്പോള്‍ 400 സീറ്റ് ശേഷിക്കുന്നുണ്ട്.

ഇത്രയേറെ സമയം പ്രവേശനം നടത്തിയിട്ടും ധാരാളം ഒഴിവു ശേഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇതു മാനേജ്‌മെന്റുകള്‍ സ്വന്തമാക്കുമോയെന്നും വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. മുന്‍വര്‍ഷങ്ങളില്‍ ഒറ്റപ്പെട്ട ഏതാനും സീറ്റുകള്‍ മാത്രമാണു സ്‌പോട്ട് അഡ്മിഷനില്‍ ഉണ്ടായിരുന്നത്. ഫീസ് അമിതമായതു മൂലം ഒഴിവുകള്‍ വര്‍ധിച്ചു. പ്രവേശനത്തിന്റെയും സീറ്റിന്റെയും വിശദാംശങ്ങള്‍ 27നു ശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതും ആശയക്കുഴപ്പം സൃഷ്ടിച്ചു.

ഇന്നലെ വൈകിട്ടോടെ മെരിറ്റ് സീറ്റുകള്‍ തീര്‍ന്നുവെന്നും നാനൂറോളം ക്വാട്ട സീറ്റുകളാണു ശേഷിക്കുന്നതെന്നും അറിയിപ്പു വന്നു. ക്വാട്ട സീറ്റുകളില്‍ ആളില്ലെങ്കില്‍ മെരിറ്റിലേക്കു മാറ്റും. ഇതു പ്രതീക്ഷിച്ചു ധാരാളം പേര്‍ കാത്തിരുന്നു.
ലിസ്റ്റിന്റെ ഏറ്റവും പിന്നിലുള്ള ധനശേഷിയുള്ളവര്‍ പ്രവേശനം നേടാനിടയുണ്ടെന്ന സൂചനയുണ്ട്. സാമ്പത്തിക ബാധ്യതയും നീളുന്ന അനിശ്ചിതത്വവും മൂലം അര്‍ഹരായ ഒട്ടേറെപേര്‍ പ്രവേശനം നേടാതെ പിന്നോട്ടുമാറിയെന്നാണ് സൂചന. ഗാരന്റിവേണ്ടെന്നും മറ്റും പറയുന്ന സ്ഥാപനങ്ങള്‍ മറ്റുകുരുക്കുകള്‍ ഒരുക്കി വച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഒരു മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് 70ലക്ഷം ആണ് അവസാന നിരക്കെന്ന് അപേക്ഷിച്ചവര്‍ പറയുന്നു. ലിസ്റ്റിന്റെ വാലറ്റത്തുള്ള പലരും ഈ നിരക്കുമായി കാത്തിരിപ്പുണ്ട്.