Monday
23 Jul 2018

ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; ഹര്‍ജി തള്ളി

By: Web Desk | Friday 1 December 2017 10:43 PM IST

ഹര്‍ജിക്കാര്‍ക്ക് 25 ലക്ഷം പിഴയിട്ടു

ന്യൂഡല്‍ഹി: സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രിം കോടതി തള്ളി. ഒപ്പം ഹര്‍ജിക്കാര്‍ക്ക് കോടതി 25 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ആറുമാസത്തിനകം സംഘടന പിഴയടക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും അടക്കം അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയാണ് 25 ലക്ഷം പിഴയോടെ പരമോന്നത കോടതി തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അതേസമയം നീതിതേടി കോടതിയിലെത്തുന്ന ഹര്‍ജിക്കാരെ ഭീഷണിപ്പെടുത്തുന്നതാണ് സുപ്രിം കോടതി വിധിയെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ഇതേ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നല്‍കിയ ഹര്‍ജിയും കോടതി നേരത്തെ തള്ളിയിരുന്നു. ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണനയിലിരിക്കെയായിരുന്നു അഭിഭാഷകയായ കാമിനി ജയ്‌സ്വാള്‍ ഇതേ ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കിയത്. കാമിനി ജയ്‌സ്വാളിന്റെ ഹര്‍ജി സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് ജസ്റ്റിസ് ചെലമേശ്വറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിനല്ലാതെ മറ്റൊരു സുപ്രിം കോടതി ജഡ്ജിക്കും ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഉത്തരവിട്ടു. കാമിനി ജയ്‌സ്വാളിന്റെ ഹര്‍ജി പിന്നീട് മൂന്നംഗ ബെഞ്ച് പരിഗണിച്ച് തള്ളുകയായിരുന്നു.
ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രിം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

Related News