Friday
20 Jul 2018

തല്ലിക്കൊല്ലുന്ന ഇന്ത്യയില്‍ ജീവനു ഭീഷണിയുണ്ടെന്ന് മെഹുല്‍ ചോക്‌സി

By: Web Desk | Thursday 28 June 2018 10:31 PM IST

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടം വ്യക്തികളെ തല്ലിക്കൊല്ലുന്ന ഇന്ത്യയില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് പിഎന്‍ബി തട്ടിപ്പുകേസില്‍ നീരവ് മോഡിക്കൊപ്പം ആരോപണ വിധേയനായി രാജ്യം വിട്ട മെഹുല്‍ ചോക്‌സി. തനിക്കെതിരായ ജാമ്യമില്ലാ വാറണ്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മെഹുല്‍ ചോക്‌സിയുടെ പരാമര്‍ശം.

ഇന്ത്യയില്‍ ഇപ്പോള്‍ ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുകയാണ്, ജയിലില്‍വരെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും മെഹുല്‍ ചോക്‌സി ബുധനാഴ്ച കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളം മുടങ്ങിയ തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജീവനക്കാരുടെ കുടുംബങ്ങള്‍, ഭൂവുടമകള്‍, വായ്പ നല്‍കിയവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ചോളം വിഭാഗങ്ങള്‍ അസംതൃപ്തരാണ്. ഇവര്‍ക്കെല്ലാം പണം നല്‍കാനുണ്ട്. തന്റെ ജ്വല്ലറിയില്‍ ബിസിനസ് നടക്കുന്നില്ല, ഈ സാഹചര്യത്തില്‍ ജയിലിലടക്കം താന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചോക്‌സി പറയുന്നു.