Monday
17 Dec 2018

മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍; സ്റ്റീവ് സ്മിത്തിന് സെഞ്ചുറി

By: Web Desk | Saturday 30 December 2017 10:59 PM IST

മെല്‍ബണ്‍:

ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയ മോഹത്തിന് മുന്നില്‍ സ്റ്റീവ് സ്മിത്ത് തടസ്സമായി. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അപരാജിത സെഞ്ചുറിയുടെ മികവിലാണ് ഓസ്‌ട്രേലിയ സമനില പിടിച്ചെടുത്തത്.
കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചാണ് സ്മിത്ത് ഒരിക്കല്‍ക്കൂടി വീരനായകനായത്. 102 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. ഈ പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറി നേട്ടം കൂടിയാണിത്. ഡേവിഡ് വാര്‍ണര്‍ 82 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ ഓസ്‌ട്രേലിയ 327, 263/4, ഇംഗ്ലണ്ട് 491.
ഒന്നാമിന്നിങ്‌സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സ് നാലു വിക്കറ്റിന് 263 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇരു ടീമുകളുടേയും നായകന്മാര്‍ സമനില സമ്മതിച്ചു പിരിഞ്ഞത്.
രണ്ടു വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ് ഓസീസ് അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് വാര്‍ണറുടെയും മാര്‍ഷിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന വാര്‍ണറെ പുറത്താക്കി ക്യാപറ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്.
ഓസീസ് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് ആറു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് മാര്‍ഷിനെ ബ്രോഡ് പുറത്താക്കിയത്. അതോടെ ഇംഗ്ലണ്ട് ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ വന്‍മതില്‍ തീര്‍ത്ത് സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് ജയ പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു.
ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് പുറത്താകാതെ നിന്ന് കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.