Thursday
24 Jan 2019

മെര്‍സല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

By: Web Desk | Sunday 22 October 2017 9:17 AM IST

കെ കെ ജയേഷ്

വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന പ്രസക്തമായ ചില ചോദ്യങ്ങളാണ് മെര്‍സല്‍ എന്ന വിജയ് ചിത്രം ഉയര്‍ത്തുന്നത്. ഒരു പക്ഷെ തമിഴ്‌നാട്ടില്‍ കമല്‍ഹാസനൊഴികെ മറ്റൊരു നടനും പറയാന്‍ ധൈര്യപ്പെടാത്ത ഡയലോഗുകള്‍ ജോസഫ് വിജയ് ചന്ദ്രശേഖരന്‍ എന്ന വിജയ് ഈ ചിത്രത്തില്‍ ധൈര്യമായി പറയുന്നു. നരേന്ദ്ര മോഡിയെയും കേന്ദ്ര സര്‍ക്കാറിനെയും ശക്തമായി വിമര്‍ശിക്കുന്ന ചിത്രം കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് ബി ജെ പി നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കപ്പുറത്ത് മെര്‍സല്‍ ഒരു സാധാരണ വിജയ് ചിത്രം മാത്രമാണ്.

എം ജി ആറിനും രജനീകാന്തിനും ശേഷം തമിഴ് മക്കളുടെ രക്ഷകനായി അവതരിക്കുന്ന വിജയിന്റെ പുതിയ മൂന്ന് അവതാരങ്ങള്‍. വിജയ് എന്ന താരത്തെ ആരാധിക്കുന്നവര്‍ക്ക് മുമ്പില്‍ എല്ലാവിധ താരപ്പകിട്ടോടും കൂടെ മൂന്നു കഥാപാത്രങ്ങള്‍ കടന്നുവരുന്നു. ആട്ടവും പാട്ടും സംഘട്ടനങ്ങളുമെല്ലാമായി ആരാധകര്‍ക്ക് മൂന്നു മണിക്കൂറോളം ആഘോഷിക്കാനുള്ള വകയൊക്കെ ഈ ബ്രഹ്മാണ്ഠ ചിത്രത്തിലുണ്ട്. എന്നാല്‍ കഥയും കഥാപാത്രങ്ങളെയും പുതുമയെയും തേടിപ്പോകുന്നവര്‍ക്ക് നിരാശമാത്രമായിരിക്കും ഫലം.

Image result for mersal vijay

ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെയും ജി എസ് ടിയെയുമെല്ലാമാണ് ചിത്രം പരിഹസിക്കുന്നത്. സിംഗപ്പൂരില്‍ ഏഴ് ശതമാനം ജി എസ് ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജി എസ് ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ അത് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്നാണ് സിനിമയിലെ ചോദ്യം. വടിവേലുവിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ തുടക്കത്തില്‍ കാഷ് ലെസ് എക്കേണമിയെ പരിഹസിക്കുന്നത്. ഭാര്യയുടെ ശവവുമായി ഭര്‍ത്താവ് കിലോമീറ്റുകള്‍ നടന്നതും ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചുവീണതുമെല്ലാം സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ടീ വിയും മിക്‌സിയും നല്‍കി ആളുകളെ കബളിപ്പിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തോടും സിനിമ ചോദ്യങ്ങള്‍ ചോദിക്കുന്നു. ക്ഷേത്രങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് പകരം ആശുപത്രികളാണ് വേണ്ടതെന്നും വിജയുടെ കഥാപാത്രം പറയുന്നുണ്ട്. ഈ ഡയലോഗുകള്‍ സഹിക്കാന്‍ വയ്യാതായ ബി ജെ പിക്കാര്‍ വിജയ് ഒരു ക്രിസ്ത്യാനിയാണെന്നും ഹിന്ദുക്കള്‍ക്കെതിരായ പടമാണ് ഇതെന്നുമെല്ലാം പറഞ്ഞു കൊണ്ട് പതിവുപോലെ രംഗപ്രവേശം ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ ഇത്തരത്തില്‍ ദേശീയ തലത്തിലേക്ക് ഉയരുകയും ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുമ്പോഴും തമിഴ് ഭാഷയോടുള്ള തീവ്രമായ പ്രണയവും സാധാരണ തമിഴ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്താനായി കുത്തിത്തിരുകിയ തമിഴ് ഭാഷാ അഭിമാന ഡയലോഗുകളും ഇവിടെയും തുടരുന്നുണ്ട്. പ്രാദേശികതയെ വാഴ്ത്തിപ്പാടി കയ്യടി നേടാനാണ് സംവിധായകന്റെയും താരത്തിന്റെയും ശ്രമം.

തെരി എന്ന വിജയ ചിത്രത്തിന് ശേഷം ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന ചിത്രമാണ് മെര്‍സല്‍. ആഹ്ലാദകരമായ നടുക്കം എന്നാണ് മെര്‍സലിന്റെ അര്‍ത്ഥം. എ ആര്‍ റഹ്മാന്റെ സംഗീതം, ബാഹുബലിയുടെ കഥാകൃത്ത് വിജയേന്ദ്രപ്രസാദിന്റെ തിരക്കഥ, കാലങ്ങള്‍ക്ക് ശേഷം വിജയ് ചിത്രത്തില്‍ വടിവേലുവിന്റെ സാന്നിധ്യം എന്നിവയൊക്കെ ഉണ്ടെങ്കിലും അത്ര വലിയ ആഹ്ലാദമൊന്നും മെര്‍സല്‍ പകരുന്നില്ല. പതിവുപോലെ നായകന്റെ സഹായം തേടുന്ന, അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന ആയിരങ്ങള്‍…. അവര്‍ക്ക് മുമ്പില്‍ രക്ഷകനായി ഇളയ ദളപതി (സോറി ദളപതി. ഇളയദളപതിയെന്ന വിളിപ്പേരിനെ ചിത്രം ദളപതിയെന്ന് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്ന വിജയ് എന്ന നടനെ യുവതാരത്തില്‍ നിന്ന് താരചക്രവര്‍ത്തിയിലേക്ക് അവരോധിക്കുകയാണ് ഈ പേര് മാറ്റം).

താരത്തെ താരപ്പകിട്ടോടെ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കഥയും തിരക്കഥയും സംവിധായകന്റെ കൈയ്യില്‍ നിന്നുപോയി. അല്ലെങ്കില്‍ വിജയ് ചിത്രങ്ങള്‍ക്ക് എന്തിനാണ് തിരക്കഥ എന്ന് സംവിധായകന് ബോധ്യമുണ്ടായിരിക്കാം. കഥാപശ്ചാത്തലങ്ങള്‍ മാറുമെങ്കിലും അടിസ്ഥാനപരമായി ഒരേ ദിശയില്‍ സഞ്ചരിക്കുന്നവയാണ് വിജയ് ചിത്രങ്ങള്‍. തമിഴിലെ മറ്റ് നടന്‍മാരെ പോലെ വേറിട്ട കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമായി വിജയ് താത്പര്യം കാട്ടാറില്ല. രക്ഷകനായുള്ള രംഗപ്രവേശം, തമിഴ്‌നാടിനെയും തമിഴ് ഭാഷയെയും പുകഴ്ത്തിക്കൊണ്ടിരിക്കല്‍, നായകന്റെ മഹത്വം വാഴ്ത്താന്‍ കുറേ കഥാപാത്രങ്ങള്‍,നായകന് പ്രണയിക്കാനും ആടിപ്പാടാനും മാത്രമായുള്ള നായികമാര്‍… ഇതൊക്കെയാണ് വിജയ് ചിത്രങ്ങളിലെ പതിവ് കാഴ്ചകള്‍. സമാന കാഴ്ചകളിലൂടെ തന്നെ മെര്‍സലും കടന്നുപോകുന്നു.

ഡോക്ടര്‍ മാരന്‍, മജീഷ്യന്‍ വെട്രി, ദളപതി എന്നീ മൂന്നു കഥാപാത്രങ്ങളായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ആശയക്കുഴപ്പങ്ങളുണ്ടാക്കി മുന്നോട്ട് പോയി ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിലേക്കെത്തുകയും അതിലൂടെ പ്രതികാരത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കുകയുമാണ് ചിത്രം. അനീതിക്കെതിരെയുള്ള പോരാട്ടങ്ങളാവുന്ന തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ചുവട് പിടിച്ച് ഇത്തവണ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയാണ് നായകന്റെ പോരാട്ടം. സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥയും ചൂഷണ കേന്ദ്രങ്ങളായി മാറുന്ന സ്വകാര്യ ആശുപത്രികളുടെ കാഴ്ചകളുമെല്ലാം ചിത്രം പങ്കുവെയ്ക്കുന്നു.

Image result for mersal vijay

അഞ്ചു പൈസ ഡോക്ടര്‍ എന്നു വിശേഷിപ്പിക്കുന്ന ഡോ: മാരന്‍ പുരസ്‌ക്കാരം സ്വീകരിക്കാനായി യൂറോപ്പിലെത്തുകയാണ്. ഇതിനിടയില്‍ മാജിക്കുകാരന്‍ കൂടിയായ അയാള്‍ ഒരു കൊലപാതകവും നടത്തുന്നു. പ്രേക്ഷകരില്‍ ആശയക്കുഴപ്പം ചിറകടിക്കെ അറസ്റ്റിലായ കഥാപാത്രം ചില കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇതിലൂടെ മാരന്‍, വെട്രി, ദളപതി എന്നീ മൂന്നു കഥാപാത്രങ്ങള്‍ രൂപപ്പെടുന്നു. ഒരു കച്ചവട സിനിമയുടെ എല്ലാ രസങ്ങളും സമ്മാനിച്ചുകൊണ്ട് പകുതി വരെ രസകരമായി തന്നെയാണ് ചിത്രത്തിന്റെ പോക്ക്. ഇന്റര്‍വെല്ലിലെ രസകരമായ ട്വിസ്റ്റും ആകര്‍ഷണീയം. എന്നാല്‍ ഫ്‌ളാഷ് ബാക്കിലേക്ക് കടക്കുന്ന രണ്ടാം പകുതി വലിച്ചു നീട്ടിയും വിരസമായ കഥ പറഞ്ഞും പ്രേക്ഷകരെ വല്ലാതെ പ്രയാസത്തിലാക്കുന്നുണ്ട്. ഒടുവിലത് സാധാരണമായ ജ്യേഷ്ഠാനുജ സംഗമമായും അവരുടെ പ്രതികാരവുമെല്ലാമായി സമാപിക്കുന്നു. ഫ്‌ളാഷ് ബാക്കിന് വല്ലാതെ നീളം കൂടിപ്പോയതുകൊണ്ട് അവസാന രംഗങ്ങളെല്ലാം വളരെ പെട്ടന്ന് തീര്‍ക്കുന്ന അനുഭവമാണ് കാഴ്ചക്കാരന് ലഭിക്കുന്നത്.

മൂന്നു വേഷത്തിലാണ് വിജയ്. വേഷങ്ങളില്‍ മാത്രമാണ് കഥാപാത്രങ്ങള്‍ തമ്മില്‍ വ്യത്യാസമുള്ളത്. കഥാപാത്രങ്ങളുടെ അഭിനയവും ചലനങ്ങളുമെല്ലാം ഒന്നുപോലെ. കള്ളനായാലും പൊലീസായാലും ഗുണ്ടയായാലും വിജയ്ക്ക് ഒരേ ഭാവമാണ്. അത് ഇവിടെയും തുടര്‍ന്നു. എസ് ജെ സൂര്യയുടെ വില്ലന്‍ കഥാപാത്രത്തിന് നല്ല തുടക്കമായിരുന്നു. എന്നാല്‍ അവസാനഭാഗത്തേക്കെത്തുമ്പോള്‍ ഈ കഥാപാത്രം ഒന്നുമല്ലാതായിപ്പോകുന്നു. സത്യരാജിന് കാര്യമായി ചിത്രത്തില്‍ ഒന്നും ചെയ്യാനില്ല. മലയാളിയായ ഹരീഷ് പേരടി വില്ലന്‍ കഥാപാത്രമായി ചിത്രത്തിലുണ്ട്. കുറേക്കാലത്തിന് ശേഷം വടിവേലു മെര്‍സലിലൂടെ വിജയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. അധികം കോമഡി കാട്ടി ബോറടിപ്പിക്കാന്‍ വടിവേലുവിന് സംവിധായകന്‍ അവസരം നല്‍കിയിട്ടില്ല എന്നത് വലിയൊരാശ്വാസം. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. കാജല്‍ അഗര്‍വാള്‍,സാമന്ത, നിത്യാ മേനോന്‍ എന്നിവരില്‍ നിത്യാമേനോന്റെ കഥാപാത്രത്തിന് മാത്രമാണ് സിനിമയില്‍ കുറച്ചെങ്കിലും പ്രധാന്യമുള്ളത്. ഛായാഗ്രഹ മികവാണ് ചിത്രത്തിന്റെ കരുത്ത്. എന്നാല്‍ എഡിറ്റിംഗില്‍ പോരായ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു. എ ആര്‍ റഹ്മാന്റെ ചില തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ പടത്തിന് അലങ്കാരമാണ്.

വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന മസാലകള്‍ ചേര്‍ത്ത് പാകം ചെയ്ത ഒരു ശരാശരി ആഘോഷ ചിത്രം മാത്രമാണ് മെര്‍സല്‍. താരത്തെ ആരാധിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മൂന്നു അവതാരങ്ങളെ കണ്ടിരിക്കുകയും ചെയ്യാം. വ്യത്യസ്തമായ സിനിമ ആഗ്രഹിക്കുന്നവര്‍ക്ക് മെര്‍സലിന് ടിക്കറ്റെടുക്കാതിരിക്കാം.