Saturday
16 Dec 2017

വിമര്‍ശനങ്ങള്‍ സഹിക്കവയ്യാതെ ബിജെപി-കണ്ണൂരും മെര്‍സലിനെതിരെ

By: Web Desk | Saturday 21 October 2017 6:51 PM IST

കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ വിജയ് ചിത്രമായ മെര്‍സലിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേരളത്തിലും രംഗത്തെത്തി. തമിഴ്‌നടന്‍ വിജയുടെ ഹൈന്ദവ വിരുദ്ധമായ മെര്‍സല്‍ എന്ന സിനിമ സംഘം പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കുക എന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂരിന്റെ കാവിപ്പട എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ രംഗത്ത് വന്നിട്ടുള്ളത്.
നരേന്ദ്ര മോഡിയെയും കേന്ദ്ര സര്‍ക്കാറിനെയും ചിത്രം വിമര്‍ശിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ നേരത്തെ തന്നെ ബിജെപി സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനിയാണെന്ന് എത്ര പേര്‍ക്കറിയാം എന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം. ഇക്കാര്യം തന്നെയാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരും പ്രചരിപ്പിക്കുന്നത്.
ചിത്രം തമിഴ്‌നാട്ടിനൊപ്പം കേരളത്തിലും മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവിടെയും സിനിമയ്‌ക്കെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയത്. ഔട്ട്‌സ്‌പോക്കണ്‍ പോലുള്ള സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പുകളില്‍ പോലും ഇത്തരത്തിലുള്ള പോസ്റ്റുകളാണ് നിറയുന്നത്. വിജയ് ക്രിസ്ത്യാനിയാണെന്ന പ്രചാരണമാണ് ഇതില്‍ പ്രധാനം.
ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് വിജയുടെ മുഴുവന്‍ പേര്. ഇദ്ദേഹമാണ് ഹിന്ദുക്കളെയും കേന്ദ്ര സര്‍ക്കാറിനെയും അപമാനിക്കുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നു.
സിനിമയില്‍ ക്ഷേത്രത്തിന് പകരം അമ്പലമാണ് വേണ്ടെന്നൊരു ഡയലോഗ് ഉണ്ട്. അമ്പലമെന്നത് മാറ്റി പള്ളിയെന്ന് പറയാന്‍ വിജയ്ക്ക് ധൈര്യം ഉണ്ടോ എന്നാണ് ചോദ്യം. കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെയും ജി എസ് ടിയെയും ചിത്രം പരിഹസിക്കുന്നു. സിംഗപ്പൂരില്‍ ഏഴ് ശതമാനം ജി എസ് ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജി എസ് ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ അത് എന്തുകൊണ്ട് അത് സാധ്യമാകുന്നില്ലെന്നാണ് സിനിമയിലെ ചോദ്യം. വടിവേലുവിന്റെ കഥാപാത്രമാണ് ചിത്രത്തിന്റെ തുടക്കത്തില്‍ കാഷ് ലെസ് എക്കേണമിയെ പരിഹസിക്കുന്നത്. ഭാര്യയുടെ ശവവുമായി ഭര്‍ത്താവ് കിലോമീറ്റുകള്‍ നടന്നതും ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചുവീണതുമെല്ലാം സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ടിവിയും മിക്‌സിയും നല്‍കി ആളുകളെ കബളിപ്പിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തോടും സിനിമ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇതെല്ലാമാണ് ബി ജെ പി നേതാക്കളെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് വിജയ് ക്രിസ്ത്യാനിയാണ് എന്ന പ്രചരണവുമായി ഇവര്‍ രംഗത്ത് എത്തിയത്. എന്നാല്‍ വിജയ് ആരാധകര്‍ ബി ജെ പിയുടെ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്.