Sunday
24 Sep 2017

എസ്പാന്യോളിനെ ബാഴ്‌സതുരത്തിവിട്ടു

By: Web Desk | Sunday 10 September 2017 10:52 PM IST

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ബാഴ്‌സലോണ എസ്പാന്യോളിനെ തുരത്തി വിട്ടു. മെസി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ബാഴ്‌സയുടെ വിജയം.മൂന്നു മത്സരങ്ങളില്‍നിന്നു മൂന്നു വിജയങ്ങളുമായി ബാഴ്‌സ ലാലിഗയില്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഒന്പതു പോയിന്റുള്ള ബാഴ്‌സയ്ക്കു പിന്നിലാണ് റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും.
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ടതിന്റെ ക്ഷീണമൊന്നും തങ്ങളെ ബാധിച്ചില്ലെന്ന് ഹോം ഗ്രൗണ്ടായ നൗകാമ്പിലെ മത്സരത്തില്‍ ബാഴ്‌സ തെളിയിക്കുകയായിരുന്നു.
26ാം മിനിറ്റില്‍ മെസി തന്നെയാണ് ആദ്യ ഗോള്‍ നേടിയത്. ഒന്പതു മിനിറ്റിനുശേഷം മെസിയുടെ ബൂട്ടുകള്‍ വീണ്ടും എസ്പാന്യോള്‍ വലയിലേക്കു വെടിയുതിര്‍ത്തു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു മുന്നിലായിരുന്ന ബാഴ്‌സയ്ക്കായി 67ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മെസി ഹാട്രിക് പൂര്‍ത്തിയാക്കി. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ജെറാഡ് പിക്വെ വീണ്ടും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി.
ഇഞ്ചുറി ടൈമില്‍ ഔസ്‌മെന്‍ ഡെബാലയുടെ പാസില്‍നിന്നു ലഭിച്ച പന്ത് എസ്പാന്യോള്‍ വലയില്‍ നിക്ഷേപിച്ച് ലൂയിസ് സുവാരസ് ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.