Saturday
15 Dec 2018

ക്ഷീരമേഖല വികസന ഈ വര്‍ഷം 407 കോടിയുടെ പദ്ധതി: കെ രാജു

By: Web Desk | Tuesday 14 November 2017 9:56 PM IST

തീറ്റപ്പുല്‍ കൃഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മന്ത്രി കെ രാജു നിര്‍വ്വഹിക്കുന്നു. മന്ത്രി പി തിലോത്തമന്‍, എ എം ആരിഫ് എം എല്‍ എ, അഡ്വ. എന്‍ രാജന്‍ തുടങ്ങിയവര്‍ സമീപം

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന 300 കോടി രൂപയുടേതുള്‍പ്പെടെ 407 കോടിപദ്ധതികളാണ് ക്ഷീരമേഖലയുടെ വികസനത്തിനായി ഈ വര്‍ഷം നടപ്പാക്കുന്നതെന്ന് ക്ഷീരവികസനമൃഗസംരക്ഷണവനം വകുപ്പു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. തീറ്റപ്പുല്‍ കൃഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയലാറില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ക്ഷീരമേഖലയെ അഭിവൃദ്ധിപ്പെടുത്തണം. കാലിത്തീറ്റയുടെ വില വര്‍ദ്ധന നേരിടുന്നതിന് തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാക്കുകയാണ്. ഒരു ഹെക്ടറില്‍ പുല്‍കൃഷി ചെയ്യുന്നതിന് 20,000 രൂപ സബ്‌സിഡി ലഭിക്കും. സ്വന്തം പുരയിടമില്ലാത്തവര്‍ പാട്ടത്തിനെടുത്ത സ്ഥലത്തോ പൊതുസ്ഥലത്തോ കൃഷി ചെയ്താലും സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷത്തിനകം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഒരാണ്ട് പിന്നിട്ടപ്പോള്‍ പാലുല്‍പാദനം 20 ശതമാനത്തോളം വര്‍ധിച്ചു. കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും വരുമാനവും വര്‍ധിപ്പിക്കുന്നതിന് ഇതിനകം കഴിഞ്ഞു. കടക്കെണിയിലായ അഞ്ച് ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ക്ക് ഇതാദ്യമായി സര്‍ക്കാര്‍ സഹായം നല്‍കി. ചരിത്രത്തില്‍ ആദ്യമായി ബജറ്റില്‍ 107 കോടി രൂപയാണ് ക്ഷീരമേഖലയ്ക്ക് വകയിരുത്തിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പദ്ധതിയില്‍ 300 കോടിയോളം രൂപയുടെ പ്രോജക്ടുകള്‍ ക്ഷീരമേഖല്ക്കായി ഉള്‍ക്കൊള്ളിച്ചു. ഒരുലിറ്റര്‍ പാലിന് സര്‍ക്കാര്‍ ഒരുരൂപയും തദ്ദേശസ്ഥാപനങ്ങള്‍ നാല് രൂപയും സബ്‌സിഡി നല്‍കുന്നു. ക്ഷീരകര്‍ഷക പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 1100 രൂപയായി ഉയര്‍ത്തി. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും കാലികളുടെ ആരോഗ്യ സംരക്ഷണത്തിനുമാണ് തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. തരിശ് ഭൂമിയില്‍ പുല്‍കൃഷി നടത്തുന്നതിന് ഉള്‍പ്പെടെ ഹെക്ടറിന് 20000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്.

മുട്ട, കോഴിയിറച്ചി എന്നിവയുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യമാണ്. കുടുംബശ്രീ മുഖേന ഇറച്ചിക്കോഴി വളര്‍ത്തുന്ന പദ്ധതി ആരംഭിച്ചു. കുഞ്ഞുങ്ങളെ പോള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന നല്‍കുകയും പാകമായ കോഴികളെ ഏറ്റെടുത്ത് മേന്മയേറിയ ഇറച്ചി വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. തുടക്കത്തില്‍ സംസ്ഥാനത്ത് 274 കുടുംബശ്രീ കൂട്ടായ്മകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഒരുദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങള്‍ വീതമാണ് ഇവര്‍ക്ക് നല്‍കുക. ജില്ലാതലത്തില്‍ ന്യായവില മെഡിക്കല്‍ സ്‌റ്റോറുകള്‍ മൃഗസംരക്ഷണ വകുപ്പ് ആദ്യഘട്ടമായി ആരംഭിക്കും. തുടര്‍ന്ന് ബ്ലോക്ക് തലത്തിലും ഈ സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ഡോക്ടര്‍മാരുടെ രാത്രികാല സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടാമ്പിയില്‍ നടന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ നടത്തിയ ക്ഷീരകര്‍ഷക പാര്‍ലെന്റില്‍ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ നടപടി റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.
ഗോവര്‍ദ്ധനം ശ്രീവര്‍ദ്ധനം പ്രക്ഷേപണ പരമ്പരയുടെ ഉദ്ഘാടനവും തരിശ് ഭൂമിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നടത്തിയ തീറ്റപ്പൂല്‍ വിളവെടുപ്പിന്റെ ഉദ്ഘാടനവും അഡ്വ. എ എം ആരിഫ് എം എല്‍ എ നിര്‍വഹിച്ചു. ക്ഷീരകര്‍ഷകര്‍ക്കുള്ള വിവിധ പദ്ധതികളുടെ ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. ക്ഷീരകര്‍ഷകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, കെ സി എം എം എഫ് ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി എക്‌സ് അനില്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ്, ടി ആര്‍ സി എം പി യു ചെയര്‍മാന്‍ കല്ലട രമേശ്, ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ബെന്നി, കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എം സി സിദ്ധാര്‍ഥന്‍, സി പി ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി എന്‍ എസ് ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ടി എം ഷെറീഫ്, അനിതാ സോമന്‍, പ്രേമരാജപ്പന്‍, എസ് ടി ശ്യാമളകുമാരി, ബി രത്‌നമ്മ, സി ആര്‍ ബാഹുലേയന്‍, കെ എന്‍ സുരേന്ദ്രന്‍ നായര്‍. എസ് ഗീത എന്നിവര്‍ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വത്സല തമ്പി സ്വാഗതവും ഡപ്യൂട്ടി ഡയറക്ടര്‍ കെ ജി ശ്രീലത നന്ദിയും പറഞ്ഞു. മികച്ച രീതിയില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന അനീഷ് മോന്‍, വി എസ് മഹേശ്വരന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എം ബി സുഭാഷ് എന്നിവരെ ജോയിന്റ് ഡയറക്ടര്‍ ഐസക് തയ്യില്‍ ആദരിച്ചു.