Monday
17 Dec 2018

ഉദാഹരണം മിനി എയ്‌നോക്…

By: Web Desk | Thursday 4 January 2018 10:18 PM IST

ശ്യാമ രാജീവ്

ദൈവം അനുഗ്രഹിച്ചുനല്‍കിയ കഴിവ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണയാകണമെന്നതായിരുന്നു മിനി എയ്‌നോക് എന്ന കലാകാരിയുടെ ആഗ്രഹം. നീണ്ട ഒരുവര്‍ഷകാലത്തെ ഈ ആഗ്രഹം ജന്മനാട്ടില്‍ ഗുരുക്കന്മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മിനി. കുട്ടിക്കാലംമുതല്‍ ചിത്രരചനയോടുതോന്നിയ കമ്പം മിനിയെ വര്‍ണ്ണങ്ങളുടെ ലോകത്തെത്തിച്ചു. വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം തന്റേതായ ശൈലി ഉള്‍പ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ മിനി ശ്രദ്ധിച്ചിരുന്നു. അങ്ങനെ രക്ഷിതാക്കളുടെ പിന്തുണയോടെ എട്ടാം ക്ലാസില്‍ ശങ്കരന്‍കുട്ടി എന്ന അദ്ധ്യാപകനുകീഴില്‍ ചിത്രരചന അഭ്യസിക്കുവാന്‍ തുടങ്ങി. ചിത്രരചനയില്‍ തനിക്ക് പ്രചോദനമായതും ശങ്കരന്‍കുട്ടിമാഷാണെന്ന് മിനി പറയുന്നു. മിനിയുടെ അമ്മയ്ക്ക് ചിത്രരചനയില്‍ അഭിരുചി ഉണ്ടായിരുന്നതും ഈ മേഖലയിലേയ്ക്കുള്ള വരവിന് കൂടുതല്‍ കരുത്തേക്കി. അങ്ങനെ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. വരയുടെ ലോകത്ത് നിറസാന്നിധ്യമായി.
എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി 2003-ല്‍ ബംഗ്ലൂരിലെ ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ചിത്രരചന തുടരണമെന്നതായിരുന്നു മിനിയുടെ ആഗ്രഹം. എന്നാല്‍ ജോലിയും അവിടുത്തെ സമ്മര്‍ദ്ദങ്ങളും ആഗ്രഹത്തിനു വിലങ്ങു തടിയായി. 2007ല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് സുധീപ്ശ്യാമിനോട് തന്റെ അഭിരുചിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ദൈവം തന്ന കഴിവ് നഷ്ടപ്പെടുത്തിക്കളയരുതെന്നായിരുന്നു മറപടി. അങ്ങനെ 2010-ല്‍ ഭര്‍ത്താവിനൊപ്പം ജര്‍മ്മനിയില്‍ യാത്രപോയ മിനി അവിടെ വെച്ചാണ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചിത്രരചനയിലേയ്ക്കു മടങ്ങിവരുന്നത്. ഏഴുമാസത്തെ ജര്‍മ്മനിവാസം മിനിയെ ചിത്രകാരിയുടെ വേഷമണിയിപ്പിച്ചു. ജര്‍മ്മനിയില്‍ വെച്ച് ആരംഭിച്ച ചിത്രരചന ബംഗ്ലൂരിലെത്തി വീണ്ടും ആരംഭിച്ചു.
സമയമില്ല എന്നു പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് ഉത്തമ ഉദാഹരണംകൂടിയാണ് മിനി എയ്‌നോക്. എട്ടു വയസുകാരിയായ മകള്‍ ശ്രേയയുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കി ജോലിക്കുപോയതിനുശേഷമുള്ള സമയം കണ്ടെത്തിയാണ് മിനി ചിത്രങ്ങള്‍ വരയ്ക്കുന്നത്. നിരവധി ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു വര്‍ഷം മുമ്പാണ് സോളോ പ്രദര്‍ശനം ചെയ്യണമെന്ന തീരുമാനത്തിലെത്തിയതെന്ന് മിനി പറഞ്ഞു. അങ്ങനെ ഒരുവര്‍ഷംമുമ്പ് ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാറിനെ സന്ദര്‍ശിച്ചു. യുവ കലാകാരന്മാര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്ന അദ്ദേഹം തന്റെ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും പ്രചോദനമായെന്ന് മിനി പറയുന്നു. കുടുംബസുഹൃത്തുകൂടിയായ അദ്ദേഹത്തെ താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു. മഴവില്‍വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍ക്കാണ് അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തിയത്. മഴവില്‍ വര്‍ണ്ണങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളുടെ ഇരുപതോളം ശ്രേണികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജന്മനാടായ തലസ്ഥാനത്ത് സ്വന്തം കയ്യൊപ്പുചാര്‍ത്തിയ പ്രദര്‍ശനം നടത്താന്‍ മിനിയ്ക്ക് ഈ അഭിനന്ദനം മാത്രം മതിയായിരുന്നു. ജോലിയ്ക്കു ശേഷം വീട്ടിലെത്തി എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കി മകള്‍ ശ്രേയയെ ഉറക്കിയതിനുശേഷമാണ് പ്രദര്‍ശനത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്.
കലയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കാര്‍ക്കും സമയമില്ല എന്ന ഒരു കാരണം പറയാനാവില്ലെന്നാണ് മിനിയുടെ പക്ഷം. കാരണം മിനി അത്രമാത്രം ചിത്രകലയെ സ്‌നേഹിക്കുന്നുണ്ട്. ജോലിഭാരത്തെ ലഘൂകരിക്കുവാനുള്ള ഏറ്റവും നല്ല മരുന്നാണ് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതെന്നും ഈ കലാകാരി പറയുന്നു.
ഒരു വര്‍ഷം കൊണ്ടു വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ ചേര്‍ത്ത് പ്രദര്‍ശനം ഒരുക്കിയപ്പോള്‍ അത് ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണയാകണമെന്നും മിനി ആഗ്രഹിച്ചിരുന്നു. ഡിസംബര്‍ അവസാനവാരം മ്യൂസിയംഹാളില്‍ നടന്ന മിനിയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനു തിരിതെളിച്ചത് ഗുരു കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തന്നെയായിരുന്നു. ജീവിതത്തില്‍ എല്ലാത്തിനും നല്ല വശങ്ങളും മോശം വശങ്ങളും ഉണ്ട്. അത് ചിത്രങ്ങളിലൂടെ സന്ദേശമായി നല്‍കാനാണ് തനിക്കിഷ്ടമെന്ന് മിനി പറയുന്നു. ആദ്യ പ്രദര്‍ശനത്തില്‍ മഴവില്ല് എന്ന ആശയം തിരഞ്ഞെടുത്തതിനു പിന്നിലുള്ള കാരണവും അതുതന്നെയാണ്. മഴവില്ലിലെ വര്‍ണ്ണങ്ങള്‍ ഉള്ളതും വര്‍ണ്ണങ്ങള്‍ക്കു പകരം ചാരനിറം നല്‍കിയുമാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. സന്തോഷം മാത്രമല്ല, ദു:ഖവും ജീവിതത്തിന്റെ ഒരുവശമാണ്. എങ്കില്‍ മാത്രമേ യാത്ര ആസ്വാദ്യകരമാകൂ എന്നും ഈ കലാകാരി വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ആദ്യ പ്രദര്‍ശനത്തിന് ‘ദ റെയിന്‍ബോ റൈഡ്’ എന്ന പേര് നല്‍കാന്‍ മിനിയെ പ്രേരിപ്പിച്ചതും. എല്ലാ രചനകളിലും സ്വന്തം ആശയങ്ങള്‍ കണ്ടെത്തണമെന്നും അത് സന്ദേശമായി ആസ്വാദകര്‍ക്കിടയിലെത്തണമെന്നുമാണ് മിനിയുടെ ആഗ്രഹം. തലസ്ഥാനത്തു സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധേയമായതിന്റെ സന്തോഷത്തില്‍ ബാഗ്ലൂരിലും പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിനി എയ്‌നോക്. ബംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മിനിയ്ക്ക് ഭര്‍ത്താവിന്റെയും തൊഴിലിടത്തെ സഹപ്രവര്‍ത്തകരുടെയും പിന്തുണ വേണ്ടുവോളമുണ്ട്. ചിത്രരചനയ്ക്കു പുറമെ ഡ്രസ് ഡിസൈനിംഗും മിനിയുടെ ഹോബിയാണ്.

Related News