Sunday
23 Sep 2018

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടോ?

By: Web Desk | Wednesday 13 June 2018 8:06 AM IST

law

ഞാന്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ സേവനമനുഷ്ഠിച്ചിരുന്നു. എനിക്ക് നിയമപരമായി കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടോ? ഒന്നു വിശദീകരിക്കാമോ?
ബാലചന്ദ്രന്‍, കണ്ണൂര്‍.

പെന്‍ഷന്‍, ഗ്രാറ്റ്വുറ്റി ഇവയാണ് പെന്‍ഷന്‍ പറ്റുന്ന ജീവനക്കാര്‍ക്ക് കിട്ടാനവകാശമുള്ള ആനുകൂല്യങ്ങള്‍. അവരുടെ മരണശേഷം അവകാശികള്‍ക്ക് ഫാമിലി പെന്‍ഷന്‍ നല്‍കും. യോഗ്യമായ സേവനകാലത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണ് പെന്‍ഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കുന്നത്. പെന്‍ഷനെ സംബന്ധിച്ചിടത്തോളം സേവനകാലത്തിന്റെ ഏറ്റവും ഒടുവിലത്തെ പത്തുമാസങ്ങളിലെ ശരാശരി വേതനവും (ആവറേജ് ഇമോളുമെന്‍സ്), ഗ്രാറ്റ്വുറ്റിയും ഫാമിലി പെന്‍ഷനെയും സംബന്ധിച്ചിടത്തോളം സേവനത്തിലിരുന്നപ്പോള്‍ ഏറ്റവും ഒടുവിലത്തെ ശമ്പളനിരക്കുമാണ് തുക കണക്കാക്കുന്നതിന്റെ മാനദണ്ഡം. പെന്‍ഷന്‍പ്പറ്റിപിരിഞ്ഞ ജീവനക്കാരന്റെ മരണാനന്തരം അയാളുടെ കുടുംബത്തിന് നല്‍കുന്ന പെന്‍ഷനാണ് ഫാമിലി പെന്‍ഷന്‍, സര്‍വീസിലിരുന്നപ്പോള്‍ അവസാനമായി വാങ്ങിയ ശമ്പളനിരക്കാണ് ഫാമിലി പെന്‍ഷന്‍ തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം.
മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ഗവണ്‍മെന്റ് ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്കുള്ള നിയമനം, സ്വതന്ത്രമായ നിയമനങ്ങളാണ്. രണ്ടുതലങ്ങളില്‍ നിന്നാണ് ഇവരെ നിശ്ചയിക്കുന്നത്. ഒന്ന്, പൊളിറ്റിക്കല്‍ നിയമനം. രണ്ട്, സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്നവരില്‍ നിന്നുമുള്ള നിയമനം. ഇങ്ങനെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയമിക്കപ്പെടുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍, സര്‍ക്കാര്‍ സര്‍വീസ് ചട്ടം പ്രകാരമാണ്. അതായത് കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍, കേരളാ സര്‍വീസ് റൂള്‍സ് അനുസരിച്ചാണ്. ആയതുകൊണ്ട് കേരള സര്‍വീസ് റൂള്‍സ് ഇവര്‍ക്കും ബാധകമാണ്.
പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (സര്‍വീസസ് എച്ച്) ഡിപ്പാര്‍ട്ട്‌മെന്റ്- ജി ഒ (എംഎസ്) 391/2010/ജിഎഡി-തിരുവനന്തപുരം തീയതി, 2010 ഡിസംബര്‍ 1.
സ്‌പെഷ്യല്‍ റൂള്‍സ് 9 അനുസരിച്ച് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഗവണ്‍മെന്റ് ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ സ്‌കീം-അനുവദിക്കപ്പെട്ടിട്ടുണ്ട്. ജി.ഒ.എം.എസ് 283/94/ജിഎഡി. തീയതി: 23.09.1994. എന്നാല്‍ റൂള്‍ 12 അനുസരിച്ച് ഈ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഗവണ്‍മെന്റ് പിന്നീട് ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഈ വിഭാഗം ജീവനക്കാര്‍ക്കുകൂടി, ഫാമിലി പെന്‍ഷന്‍, കമ്യൂട്ടേഷന്‍, കൂടാതെ മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൂടി നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

1. ഫാമിലി പെന്‍ഷന്‍:-
01.04.1982 ലോ അതിനുശേഷമോ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്തിട്ടുള്ളവരും അര്‍ഹതപ്പെട്ട മിനിമം യോഗ്യ സേവനകാലം പൂര്‍ത്തീകരിച്ചിട്ടുള്ളവരുമായ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
യോഗ്യസേവനകാലം കണക്കാക്കുന്ന വിധം: ഒരു ജീവനക്കാരന്റെ സേവനകാലം മുഴുവനും പെന്‍ഷനു യോഗ്യമായ കാലം ആയിക്കൊള്ളണമെന്നില്ല. മറ്റു ജോലികള്‍ക്കായി എടുക്കുന്ന ശൂന്യവേതനാവധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള കാലമല്ല. അതുപോലെ മറ്റു ചില സേവനകാലങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അയോഗ്യമായി കരുതും.
പെന്‍ഷനു യോഗ്യമായ ഒരു ലാവണത്തില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച തീയതി മുതല്‍ സേവനത്തില്‍ നിന്നു പിരിയുന്ന തീയതി വരെയുള്ള വര്‍ഷം, മാസം, ദിവസം എന്നിവ കണക്കാക്കുക.

അര്‍ഹരായ ഫാമിലി മെമ്പര്‍മാര്‍:
പേഴ്‌സണല്‍ സ്റ്റാഫ് മെമ്പര്‍മാരുടെ ഭാര്യ- ഇവരുടെ രണ്ടാം വിവാഹമോ, മരണമോ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെ ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. സ്ത്രീയ സംബന്ധിച്ചാണെങ്കില്‍ അവരുടെ ഭര്‍ത്താവ് പുനര്‍വിവാഹം കഴിക്കുന്നതുവരെയോ- മരണം സംഭവിക്കുന്നതുവരെയോ- കുടുംബപെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും- മക്കളാണെങ്കില്‍ അത് ആണായാലും പെണ്ണായാലും 25 വയസ് പൂര്‍ത്തിയാകുകയോ കല്യാണം കഴിയുന്ന മുറയ്‌ക്കോ അല്ലെങ്കില്‍, ജോലി ലഭിക്കുകയോ ആണെങ്കില്‍ ഇവയില്‍ ഏതാണ് ആദ്യം സംഭവിക്കുക, അതുവരെമാത്രം- കുടുംബപെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും. മാനസിക വൈകല്യം, ശാരീരിക വൈകല്യം, അവിവാഹിതരായ സ്ത്രീകള്‍ (25 വയസിനു മുകളില്‍) നിയമപരമായി ദത്തെടുത്ത മകനോ മകളോ നിയമപരമായി വേര്‍പെടുത്തപ്പെട്ട ഭാര്യയോ, ഭര്‍ത്താവോ എന്നിവരും കുടുംബ പെന്‍ഷനു അര്‍ഹതപ്പെട്ടവരാകുന്നു.

2. കമ്മ്യൂട്ടേഷന്‍
പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും റിലീവ് ചെയ്തുവരുന്ന ജീവനക്കാര്‍- മിനിമം പെന്‍ഷന് അര്‍ഹമായ സര്‍വീസുണ്ടെങ്കില്‍- കമ്യൂട്ടേഷനും അര്‍ഹതയുണ്ട്. റേറ്റ് എങ്ങനെ ക്ലെയിം ചെയ്യുന്നു എന്നുള്ളതിനും മറ്റും നേരിട്ട് ബന്ധപ്പെടുക.

3. മെഡിക്കല്‍ അലവന്‍സ്:-
പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി നോക്കിയിട്ടുള്ള എല്ലാവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി മെഡിക്കല്‍ അലവന്‍സിനും റീ-ഇമ്പേഴ്‌സ്‌മെന്റിനും അര്‍ഹതയുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദമായ ഉത്തരവുകള്‍ പ്രത്യേകം പ്രത്യേകം ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്നതാണ്.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കാതിരുന്നാലുള്ള ശിക്ഷ:-
ഒരു ജീവനക്കാരനോ ജീവനക്കാരിയോ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ യഥാസമയം പെന്‍ഷന്‍ പ്രൊപ്പോസല്‍ സ്വീകരിച്ച് മൂന്നു മാസത്തിനകം റിട്ടയര്‍മെന്റ് ബെനിഫിറ്റുകള്‍ അനുവദിക്കണം എന്നാണ് വ്യവസ്ഥ. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം അവഗണിച്ച്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍, പെന്‍ഷനിങ് അതോറിറ്റിയും മറ്റുബന്ധപ്പെട്ട അധികാരികളും കാലതാമസം വരുത്തിയതിനുള്ള സമാധാനം ബോധിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ്.  സര്‍ക്കുലര്‍ നമ്പര്‍ 37/96/fin dated,12.07.1996, സര്‍ക്കുലര്‍ നമ്പര്‍ 47/89/fin dated, 20.07.1989, സര്‍ക്കുലര്‍ നമ്പര്‍ 61/91/fin dated 04.11.1991. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന സര്‍ക്കുലര്‍ മുഖേന വകുപ്പുതലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അച്ചടക്ക നടപടിയുടെ ഭാഗമായി, വകുപ്പുതലത്തിലോ, നിയമപരമായോ പെന്‍ഷന്‍ ആനുകൂല്യ ങ്ങള്‍ അനുവദിക്കാന്‍ കഴിയാതെ വന്നാല്‍, കെഎസ്ആര്‍ പാര്‍ട്ട്-3 റൂള്‍ 3,& 3F അനുസരിച്ച് പ്രൊ വിഷണല്‍ പെന്‍ഷന്‍, റിട്ടയര്‍മെന്റിനുശേഷം ഉടന്‍ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം ബന്ധ പ്പെട്ട അധികാരികള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കുന്നതുമായിരിക്കും.
ഏതെങ്കിലും പ്രത്യേകമായ കാരണത്താല്‍ (ജനുവിന്‍ റീസണ്‍) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍- അനുവദിക്കാതിരിക്കാന്‍ സാഹചര്യം വന്നാല്‍, അങ്ങനെയുള്ള അവസരങ്ങളില്‍ ആന്റിസിപ്പേറ്ററി പെന്‍ഷന്‍ (റൂള്‍ 116 (I), പാര്‍ട്ട് കകക, കെഎസ്ആര്‍ അനുസരിച്ച്) അനുവദിക്കാവുന്നതാണ്.
കുടുംബവേതന ലളിത പദ്ധതി (Liberalised Family Pension) ഈ പദ്ധതി 01.04.1964 മുതല്‍ പ്രാബല്യത്തില്‍ വന്നു. 01.04.1964 ലോ അതിനുശേഷമോ സേവനത്തില്‍ പ്രവേശിച്ചവര്‍ക്കും 01.04.1964 നു മുമ്പ്, സേവനത്തിലുണ്ടായിരുന്നവരില്‍ ഈ പദ്ധതി സ്വീകാര്യമല്ലാത്തതിനാല്‍ ബാ ധകമാക്കരുതെന്ന് യഥാകാലം രേഖാമൂലം അധികാരികളെ അറിയിച്ചിട്ടില്ലാത്തവര്‍ക്കും ബാധക മാണ്. 17.11.66 മുതല്‍ ഈ പദ്ധതികൂടുതല്‍ ഉദാരമാക്കി. ഇതിന് കോണ്‍ട്രിബ്യൂട്ടറി ഫാമിലി പെന്‍ ഷന്‍ എന്നും പേരുണ്ട്.

സംശയങ്ങള്‍ക്കും മറുപടികള്‍ക്കും ബന്ധപ്പെടുക
മൊബൈല്‍: 9446559328