Monday
17 Dec 2018

എം ജെ അക്ബര്‍ രാജിവയ്ക്കണം: കോണ്‍ഗ്രസ്

By: Web Desk | Wednesday 10 October 2018 5:33 PM IST

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബറിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ തൃപ്തികരമായ വിശദീകരണമോ അല്ലെങ്കില്‍ രാജിയോ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.

അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ച #മീടു ക്യാമ്പെയിനിലൂടെ ചില വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു.

‘അക്ബര്‍ ഉടനെ രാജിവയ്ക്കുകയോ ഒരു തൃപ്തികരമായ വിശദീകരണം നല്‍കുകയോ ചെയ്യണം. എങ്ങനെയാണ് ഇത്തരത്തില്‍ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നതെന്നും ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും’ കോണ്‍ഗ്രസ് വക്താവ് എസ്. ജയ്പാല്‍ റെഡ്ഡി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മൗനം പാലിക്കുന്നതിനെയും മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.