Sunday
22 Oct 2017

മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

By: Web Desk | Thursday 12 October 2017 6:37 PM IST

കോഴിക്കോട്: ഇത്തവണത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. എം.കെ. സാനു അര്‍ഹനായി. മലയാള സാഹിതിക്ക് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിഷ്ണു നാരായണന്‍ നമ്പൂതിരി അധ്യക്ഷനും ഡോ. എം. ലീലാവതി, സി. രാധകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിന് എം.കെ. സാനുവിനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.
ആഴത്തിലുളള മനനവും തിളങ്ങുന്ന മൗലികതയും മേളിക്കുന്ന രചനാലോകമാണ് എം.കെ. സാനുവിന്റേത്. നിരൂപണത്തിലും ജീവചരിത്രരചനയിലും ഒരേപോലെ അദ്ദേഹം അഗ്രഗാമിയായി. പാശ്ചാത്യ-പൗരസ്ത്യമീമാംസകളിലെ അവഗാഹത്തെ മൗലികമായ സ്വതന്ത്രബുദ്ധികൊണ്ട് വിളക്കിയെടുത്താണ് സാനു രചനകള്‍ നിര്‍വഹിച്ചത്. ഇത് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്ക് അനന്യമായ മിഴിവുനല്‍കി. കേവലം ജീവിതരേഖാരചനയ്ക്കപ്പുറത്തേക്ക് മലയാള ജീവചരിത്രരചനാശാഖയെ ഉയര്‍ത്തിയത് പ്രൊഫ. എം.കെ. സാനുവാണ്. എഴുതപ്പെടുന്ന ജീവിതത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിച്ച് വ്യക്തിയുടെ വികാരവിചാരങ്ങളെ സ്വാംശീകരിച്ച് പുനര്‍നിര്‍മിക്കുകയാണ് ഓരോ ജീവചരിത്രരചനയിലും സാനു ചെയ്യുന്നത്. സ്വന്തം വ്യക്തിസത്തയുടെ ഓജസ്സുകൂടി രചനയില്‍ അദ്ദേഹം സമന്വയിപ്പിക്കുന്നു. സംന്യാസിയേയും കവിയേയും നോവലിസ്റ്റിനേയും
സാമൂഹിക പരിഷ്‌കര്‍ത്താവിനേയും അവരവരുടെ ആന്തരികലോകത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ട് എം.കെ. സാനുവിന്റെ ജീവചരിത്ര രചനകള്‍ മൗലികസ്പര്‍ശമുളളവയാകുന്നു – പുരസ്‌കാരസമിതി വിലയിരുത്തി. 1928 ഒക്ടോബര്‍ 27-ന് ആലപ്പുഴ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും പുത്രനായാണ് എം.കെ. സാനു ജനിച്ചത്. രത്‌നമ്മയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, നാരായണഗുരു സ്വാമി,
മൃത്യുഞ്ജയം കാവ്യജീവിതം, സഹോദരന്‍ അയ്യപ്പന്‍, കാറ്റും വെളിച്ചവും, ചക്രവാളം, രാജവീഥി, വിശ്വാസത്തിലേക്ക് വീും, അമേരിക്കന്‍ സാഹിത്യം, പ്രഭാതദര്‍ശനം എന്നിവയാണ് പ്രധാന രചനകള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ
സമഗ്രസംഭാവനയ്ക്കുളള പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് പ്രൊഫ. സാനു അര്‍ഹനായിട്ടുണ്ട്.