Saturday
22 Sep 2018

നീരവിനേയും ചോക്‌സിയേയും സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കണം: എന്‍ഫോഴ്‌സ്‌മെന്‍റ്

By: Web Desk | Thursday 12 July 2018 10:19 PM IST

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡിയേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയേയും സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ വിരുദ്ധ കോടതിയെ സമീപിച്ചു. ഇരുവരുടേയും കൂടിയുള്ള 3,500 കോടിയുടെ സ്വത്ത് കണ്ടുകെട്ടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫ്യൂജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വ്യത്യസ്ത അപേക്ഷകളാണ് എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ചത്. മോഡിയുടേയും ചോക്‌സിയുടേയും ലണ്ടനിലേയും യുഎഇയിലേയും സ്ഥാവര, ജംഗമ സ്വത്തുക്കള്‍ മുഴുവനായും കണ്ടുകെട്ടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ഇരുവര്‍ക്കുമെതിരെ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം ഇ ഡി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9,000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് തന്നെ മുങ്ങിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയ്‌ക്കെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് സമാന അപേക്ഷ നല്‍കിയിരുന്നു.