Thursday
24 Jan 2019

കാര്‍ഷികമേഖലയും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുന്നു

By: Web Desk | Friday 12 January 2018 9:49 PM IST

ബേബി ആലുവ

കൊച്ചി: രാജ്യത്തിന്റെ കാര്‍ഷികമേഖലയും നരേന്ദ്രമോഡി സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതുന്നു. ജനിതകമാറ്റം വരുത്തിയ കാര്‍ഷിക വിളകളുടെ വിത്തുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള അവകാശം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കികൊണ്ട് ഈ രംഗത്തെ നിലവിലെ നാനാവിധമായ പ്രതിസന്ധി രൂക്ഷമാക്കുകയാണ് കേന്ദ്രം.
രാജ്യത്തെ പരുത്തി ഉത്പാദന മേഖലയില്‍ ഇപ്പോള്‍ത്തന്നെ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യമുണ്ട്. അത് മറ്റ് കാര്‍ഷിക മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. തുടക്കത്തില്‍ ലക്ഷ്യമിടുന്നത് കടുക് കൃഷിയാണ്. പരുത്തി കര്‍ഷകര്‍ക്കായി ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് മോണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കമ്പനിയാണ്. ഈ ഇനത്തില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീമമായ തുക കമ്പനി ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട്. ജനിതക കടുക് വിത്തുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള അവകാശം കൂടി മോണ്‍സാന്റോവിനു ലഭിച്ചാല്‍ ഓരോ വര്‍ഷവും 70000 കോടിയില്‍ താഴെ വരുന്ന തുക രാജ്യത്തുനിന്ന് അവര്‍ വാരിക്കൊണ്ടു പോകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. അതില്‍ ഒരു പങ്ക് കേന്ദ്ര ഭരണക്കാര്‍ക്കും കിട്ടും. പക്ഷേ, ഭാവിയില്‍ കാര്‍ഷിക വിളകളുടെ വിത്തുകളിലുള്ള കൈവശാവകാശം എന്നന്നേക്കുമായി കൃഷിക്കാര്‍ക്ക് നഷ്ടപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നടത്തിയ ഗവേഷണത്തിനും ചെലവായ 33 കോടിയോളം ചെലവ് വഹിച്ചത് മോണ്‍സാന്റോ കമ്പനിയാണ്. അതില്‍ 30 കോടിയും സബ്‌സിഡിയായി തിരിച്ചു നല്‍കി മോഡി സര്‍ക്കാര്‍ കമ്പനിയെ സഹായിച്ചു.
ഇതരമേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകളെ ആനയിക്കുന്നതുപോലെ കാര്‍ഷിക മേഖലയിലേക്ക് അവര്‍ക്ക് വഴിയൊരുക്കുന്ന നടപടികളെ അംഗീകരിക്കില്ലെന്ന വാശിയിലാണ് കടുക് ഏറ്റവുമധികം കൃഷി ചെയ്യുന്ന ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍. എന്നന്നേക്കുമായി മണ്ണിന്റെ ജൈവികത നഷ്ടപ്പെടുന്ന വിധത്തിലുള്ള കളികള്‍ക്ക് തങ്ങളെ കിട്ടില്ലെന്ന കടുത്ത നിലപാടിലാണ് ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങള്‍. ബി ജെ പിയുടെ കര്‍ഷക സംഘടനയും ഈ നീക്കങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
2002-ഓടെ എല്ലാ സംസ്ഥാനങ്ങളും പുതിയ പാട്ടകൃഷി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നീതി ആയോഗ് അടുത്ത കാലത്ത് രംഗത്ത് വന്നുവെങ്കിലും നിര്‍ദ്ദേശം കേരളം കയ്യോടെ തള്ളിയിരുന്നു. നീതി ആയോഗിന്റെ കരട് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കു വേണ്ടിയാണെന്നും അത് സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. നീതി ആയോഗിന്റെ കൃഷിയിലുള്ള അമിത താത്പര്യവും അടുത്തിടെ ഡല്‍ഹിയില്‍ ‘ ആഗോള ഭക്ഷ്യ ഇന്ത്യ’ എന്ന പേരില്‍ കേന്ദ്ര ഭക്ഷ്യ സംസ്‌കരണമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലെ കരാര്‍ കൃഷിക്ക് ഇന്ത്യ ഒരുങ്ങിയെന്നും അതിനായി മുതല്‍ മുടക്കാന്‍ വിദേശ വ്യവസായികളും കോര്‍പ്പറേറ്റുകളും മുന്നോട്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനവും രാജ്യത്തെ കാര്‍ഷികമേഖലയില്‍ സംഭവിക്കാനിരിക്കുന്ന വിനാശത്തിന്റെ ദൃഷ്ടാന്തമാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
ഏറ്റവുമധികം കൃഷിഭൂമിയുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വിവിധങ്ങളായ 127 കാര്‍ഷിക മേഖലകളും കാര്‍ഷിക വിളകളുമുണ്ട്. എങ്കില്‍പ്പോലും, ഒന്‍പത് കോടിയിലധികം വരുന്ന കര്‍ഷകരുടെ ശരാശരി വരുമാനം കര്‍ഷകത്തൊഴിലാളികളുടെ കൂലിയിലും താഴെയാണെന്നാണ് 70-ാം ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസ് പുറത്തുവിടുന്ന കണക്ക്. 52 ശതമാനം ജനങ്ങളും കാര്‍ഷിക വൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നുവെങ്കിലും ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6426 രൂപയാണ്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കര്‍ഷക കുടുംബ പ്രതിമാസ വരുമാനം ശരാശരി 1666 രൂപ. 1995 മുതല്‍ 16 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം 3.18 ലക്ഷം. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക്, പ്രധാനമന്ത്രിയുടെ ഫസല്‍ ബീമയോജന പ്രകാരം പ്രീമിയം അടച്ച് കാര്‍ഷിക ഇന്‍ഷ്വറന്‍സ് പോളിസി എടുത്തപ്പോള്‍ കിട്ടിയത്, പ്രീമിയം തുകയുടെ നൂറിലൊന്നു പോലും വരാത്ത നഷ്ടപരിഹാരത്തുക. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്നും അതിന്റെ പ്രധാന കാരണം, ചരക്ക് സേവന നികുതി നടപ്പാക്കിയതിനോടും നോട്ട് അസാധുവാക്കിയതിനോടുമൊപ്പം കാര്‍ഷിക രംഗത്തെ വരുമാനത്തിലുണ്ടായ കുറവാണെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയില്‍ കര്‍ഷക പ്രക്ഷോഭങ്ങളും ശക്തി പ്രാപിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളാല്‍ കെടുതിയനുഭവിക്കുകയും പ്രക്ഷുബ്ധമാവുകയും ചെയ്തിരിക്കുന്ന കാര്‍ഷിക മേഖലയിലേക്കാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകളെ വരവേല്‍ക്കുന്നത്.