Saturday
15 Dec 2018

ഭാവിക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന മോഡി

By: Web Desk | Monday 13 November 2017 1:00 AM IST

 

പ്രൊഫ. കെ അരവിന്ദാക്ഷന്‍

ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതോടെ നിരവധി നിര്‍ണായകവും നയസംബന്ധവുമായ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ഉപദേശം തേടുക എന്നത് ലക്ഷ്യമാക്കി ഒരു സാമ്പത്തിക ഉപദേശക സമിതിക്ക് രൂപം നല്‍കിയിരുന്നതുമാണ്. ഈ സമിതിയുടെ ഉപദേശാനുസരണമാണ് ഭക്ഷ്യസുരക്ഷാ നിയമം, പഞ്ചസാര, പെട്രോളിയം തുടങ്ങിയവയുടെ വിലനിര്‍ണയം, ജമ്മുകശ്മീര്‍ വികസനനയം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഡോ. സിങ്ങും യുപിഎ സര്‍ക്കാരും നയരൂപീകരണം നടത്തിയത്. ഇതിനെല്ലാം ഉപരിയായി ബിജെപി നേതാവ് വാജ്‌പേയ് നേതൃത്വം നല്‍കിയിരുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്തും വാജ്‌പേയ് തന്നെ അധ്യക്ഷനായൊരു സമിതി ഉണ്ടായിരുന്നതാണ്. ഇത്തരം ചരിത്ര വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ചായിരുന്നു നരേന്ദ്രമോഡി നാളിതുവരെയായി ഭരണം തുടര്‍ന്നുവന്നിട്ടുള്ളത്.

ഒരു ദശകക്കാലത്തോളം തുടര്‍ച്ചയായി കേന്ദ്രഭരണം നടത്തിയിരുന്ന ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ താഴെയിറക്കി നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തിലെത്തിയത് 2014 മെയ് മാസത്തിലാണല്ലോ. ഔദ്യോഗിക പദവി ഏറ്റെടുത്ത് ആദ്യവാരത്തില്‍ മോഡി ചെയ്തതെന്തായിരുന്നു എന്നോ? ഡോ. മന്‍മോഹന്‍ സിങ് ഭരണരംഗത്ത് വികേന്ദ്രീകരണം ലക്ഷ്യമാക്കി മന്ത്രിമാരടങ്ങുന്ന വിവിധ ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കിയിരുന്നതാണല്ലോ. നൂറില്‍പരം ഗ്രൂപ്പുകളാണത്രെ അന്ന് നിലവിലിരുന്നത്. കാതലായ പ്രശ്‌നങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക ജനാധിപത്യസംവിധാനത്തില്‍ സ്വാഭാവികമാണല്ലോ. എന്നിരുന്നാല്‍ തന്നെയും അവയില്‍ അടിയന്തര സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ക്ക് സമവായത്തിലൂന്നിയ പരിഹാരങ്ങള്‍ കൂടിയേതീരു. ഒരുപരിധിവരെ ഒരു യുപിഎ ഭരണകാലയളവില്‍ ഈ പരീക്ഷണം വിജയമായിരുന്നു. അതേസമയം പില്‍ക്കാലത്ത് പലപ്പോഴും നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ജിഒഎം) കാലവിളംബം വരുത്തുകയായിരുന്നു. രണ്ടാം യുപിഎ ഭരണകാലത്ത് ഫലത്തില്‍ ഇത് നയപരമായൊരു മരവിപ്പിന് തന്നെ ഇടയാക്കിയതുമാണ്.
മോഡിയെ സംബന്ധിച്ചിടത്തോളം ഭരണരംഗത്താകെ തന്നെ ”മോഡിഫിക്കേഷന്‍” വേണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. അതിനാല്‍ യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയ ഗ്രൂപ്പുകളില്‍ രണ്ട് ഡസനോളം ഗ്രൂപ്പുകള്‍ ഉടനടി അദ്ദേഹം വേണ്ടെന്നുവെയ്ക്കുകയാണുണ്ടായത്. നിരവധി മാസങ്ങളായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെട്ട ഗ്രൂപ്പുകളായിരുന്നു ഇതെല്ലാം. ഈ നടപടിയിലൂടെ മോഡി ലക്ഷ്യമിട്ടത് ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേര്‍ണന്‍സ്’ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക എന്നത് കൂടിയായിരുന്നു.
ഒറ്റനോട്ടത്തില്‍ ആര്‍ക്കും മോഡിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. മന്ത്രിമാരുടെ ഗ്രൂപ്പുകള്‍ക്ക് പകരം, ബന്ധപ്പെട്ട മന്ത്രിക്കും മന്ത്രാലയത്തിനും നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നോ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമല്ലോ. ഭരണനടപടികളുടെ ഗതിവേഗം വര്‍ധിപ്പിക്കുകയും ഭരണസംവിധാനത്തിന്റെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുകയും ചെയ്യാനും ഇത് വഴിയൊരുക്കും. തത്വത്തില്‍ ഇതെല്ലാം ശരിയായിരിക്കാം. എന്നാല്‍ പ്രായോഗികാനുഭവം നേരെ വിപരീതമായിരുന്നു. മോഡിഭരണം മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഉണ്ടായ സംഭവവികാസവുമാണിത്.
മിനിമം ഗവേര്‍ണന്‍സിന്റെ ഭാഗമായി മന്ത്രാലയങ്ങളെ അവയ്ക്ക് മുന്നിലെത്തുന്ന വിഷയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എല്ലാവിധ ചുമതലകളും ഏല്‍പ്പിക്കുക എന്നതായിരുന്നു സംവിധാനം. ഈ പ്രക്രിയകളില്‍ അവര്‍ക്കെന്തെങ്കിലും പ്രയാസങ്ങളുണ്ടാവുന്ന പക്ഷം, പ്രധാനമന്ത്രിയുടെ ഓഫീസിനേയോ ക്യാബിനറ്റ് സെക്രട്ടേറിയറ്റിനേയോ സമീപിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഈ സംവിധാനം നിലവിലായതിനുശേഷമുണ്ടായ ചില അനുഭവങ്ങള്‍ ഒട്ടും പ്രോത്സാഹജനകമല്ലായിരുന്നു. ഉദാഹരണം പലതുണ്ട്. എയര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ട്രാറ്റജിക്-ഓഹരി വില്‍പന, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന, ബാങ്ക് ലയനങ്ങളും ഏറ്റെടുക്കലുകളും, തൊഴില്‍ മേഖലാപരിഷ്‌കാരങ്ങള്‍, കിട്ടാക്കടപ്രശ്‌നപരിഹാരം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രാലയ ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ട ഗതികേട് നേരിട്ടു. മിനിസ്റ്റീരിയല്‍ ഗ്രൂപ്പുകള്‍ എന്നതിനു പകരം ‘ബദല്‍സംവിധാനം’ എര്‍പ്പെടുത്തുക എന്നതായിരുന്നു പദപ്രയോഗം. അത്രതന്നെയേ മാറ്റമുണ്ടായുള്ളു എന്നര്‍ഥം. ഉദാഹരണത്തിന് എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ‘ദി എയര്‍ ഇന്ത്യ സ്‌പെസിഫിക് ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം’ (എഐഎസ്എഎം) രൂപീകരിക്കപ്പെട്ടു. ഗ്രൂപ്പ് മിനിസ്റ്റേഴ്‌സ് എന്നു കേള്‍ക്കുന്നതിനേക്കാള്‍ അല്‍പം കൂടി ഇമ്പമുള്ളൊരു പേര്. അത്രതന്നെ. അതേ അവസരത്തില്‍ ബിജെപിയിലേയും ഘടകകക്ഷികളിലെയും ചിലര്‍ക്കെങ്കിലും പഴയ ജിഒഎം സംവിധാനത്തിനുതന്നെയായിരുന്നു കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. വാജ്‌പെയ് സര്‍ക്കാരും ഈ സംവിധാനവും പ്രത്യേക ആവശ്യങ്ങള്‍ക്കായി പ്രത്യേക വിദഗ്ധസമിതികളേയും ഒരേസമയം ആശ്രയിക്കുമായിരുന്നു. ഉദാഹരണത്തിന് അരുണ്‍ ഷൂറിയുടെ നേതൃത്വത്തില്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റിനായി ഒരു ക്യാബിനറ്റ് കമ്മിറ്റി നിലവിലുണ്ടായിരുന്നു. എന്തിനേറെ പറയുന്നു, മോഡിയുടെ ഗവേര്‍ണന്‍സ് പരിഷ്‌കാര തന്ത്രം നിലവില്‍വന്നതിനുശേഷമാണ്, ജിഎസ്ടിക്കായി രണ്ട് ക്യാബിനറ്റ് മന്ത്രിമാരടങ്ങിയ ഒരു ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ ജിഎസ്ടി കൗണ്‍സില്‍ മാത്രമല്ല, നിരവധി സബ് കമ്മിറ്റികളും പുതിയൊരു പരോക്ഷനികുതി വ്യവസ്ഥയിലേക്കുള്ള സുഗമമായ മാറ്റത്തിനായി രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തനം നടത്തിവരുകയും ചെയ്യുന്നത്.
2017 സെപ്റ്റംബര്‍ അവസാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ മുന്‍കയ്യെടുത്ത് ഒരു സാമ്പത്തിക ഉപദേശകസമിതിക്ക് രൂപം നല്‍കിയിരിക്കുകയുമാണല്ലോ. നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം 2014 മെയ് മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയുമായിരുന്നു. ഇപ്പോള്‍ ഈ സാമ്പത്തിക ഉപദേശകസമിതി പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രഭരണകൂടം വരുത്തിവച്ച വീഴ്ചകള്‍ പൊതുചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വിധേയമാക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. ഡിമോണറ്റൈസേഷനും ജിഎസ്ടിയും പ്രാവര്‍ത്തികമാക്കിയതിനെ തുടര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടത് മോഡിഭരണകൂടത്തിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ പ്രതിഫലനമായിട്ടുവേണം ഈ പുതിയ നീക്കം വിലയിരുത്തപ്പെടാന്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ 2019 ല്‍ നടക്കാനിരിക്കെ സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിന് ഒന്നരവര്‍ഷക്കാലം മാത്രമാണ് അവശേഷിക്കുന്നതെന്നും കേന്ദ്ര ഭരണകൂടം തിരിച്ചറിയേണ്ടിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന ഗ്രാമീണമേഖലയും അനൗപചാരിക മേഖലയും ചെറുകിട സംരംഭകത്വമേഖലയും മാത്രമല്ല, വ്യാവസായിക മേഖല മൊത്തത്തിലും ആഴമേറിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണിപ്പോള്‍. സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ നീണ്ട ഒരു പരമ്പര തന്നെ നിലവിലുണ്ടെന്നിരിക്കെ ഇവയ്ക്ക് പരിഹാരം കാണുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുളള ആത്മാര്‍ഥതയാണ് പരീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക ഉപദേശക സമിതി ഏതെല്ലാം പരിഹാരങ്ങളാണ് നിര്‍ദ്ദേശിക്കുക എന്നതിലുപരി ഇതില്‍ ഏതെല്ലാമാണ് മോഡിക്ക് സ്വീകാര്യമാകുക എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഡിമോണറ്റൈസേഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ആര്‍ബിഐ ഗവര്‍ണറേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും പോലും വിശ്വാസത്തിലെടുത്തിരുന്നില്ലെന്നാണ് പില്‍ക്കാലത്തുണ്ടായ സംഭവവികാസങ്ങള്‍ വെളിവാക്കിയത്. ഇപ്പോള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നതുപോലൊരു ഉപദേശക സമിതി അന്ന് നിലവിലുണ്ടായിരുന്നെങ്കില്‍ കൂടി പ്രധാനമന്ത്രി ഈ സമിതിയുമായി ഡിമോണിറ്റൈസേഷന്‍ വിഷയത്തില്‍ കൂടിയാലോചന നടത്തുമായിരുന്നു എന്ന് കരുതുക സാധ്യമല്ല. ഏതായാലും ഈ പുതിയ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തനം നടത്താന്‍ എത്രമാത്രം അവസരം കിട്ടുമെന്ന് ഭാവിസംഭവവികാസങ്ങള്‍ക്ക് മാത്രമേ തെളിയിക്കാന്‍ കഴിയു. സമ്പദ്‌വ്യവസ്ഥ നേരിടുന്നത് ഗുരുതരമായ വികസന പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി മോഡിയോ, ധനമന്ത്രി ജെയ്റ്റ്‌ലിയോ, ആര്‍ബിഐ ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേലോ, ഇതുവരെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നതാണ് ഉരുത്തിരിയുന്ന വസ്തുത. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് പോലും തന്റെ പൊതുപ്രസ്താവനകളിലൂടെ ഡിമോണറ്റൈസേഷന്റെയും ജിഎസ്ടിയുടെയും കാര്യങ്ങളില്‍ തനിക്ക് നേരിയ തോതിലുള്ള പാളിച്ചപോലും പറ്റിയെന്ന് സമ്മതിക്കാന്‍ മോഡി തയാറായിട്ടില്ലല്ലോ. അഥവാ എന്തെങ്കിലും വീഴ്ചവന്നിട്ടുണ്ടെങ്കില്‍ തനിക്ക് മുമ്പ് ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന കേന്ദ്രസര്‍ക്കാരുകളാണ് അതിന് ഉത്തരവാദിത്വമേല്‍ക്കേണ്ടതെന്ന നിലപാടിലുമാണ് അദ്ദേഹം.
സാമ്പത്തിക ഉപദേശക സമിതി പുനഃസ്ഥാപിക്കുന്നതിന് മോഡി സര്‍ക്കാര്‍ എന്തു കാരണത്താലാണ് മൂന്നു വര്‍ഷത്തിലേറെക്കാലമെടുത്തത് എന്ന് ഇനിയും വ്യക്തമല്ല. ഇതുപോലൊരു സമിതി യുപിഎ ഭരണകാലത്തുണ്ടായിരുന്നില്ലല്ലോ. അന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചെയര്‍മാനായി ഒരു ദേശീയ ഉപദേശക സമിതി (എന്‍എസി) ഉണ്ടായിരുന്നു എന്നത് നേരാണ്. മാത്രമല്ല, പ്രധാനമന്ത്രി മോഡി ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന സമിതി സോഷ്യലിസ്റ്റ് യുഗത്തിലും നിലവിലുണ്ടായിരുന്നതല്ല. തന്നെ ഉപദേശിക്കാന്‍ ആരും ഇല്ലെന്നും ആരും വേണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതിയും മാനസികാവസ്ഥയും.
ഇതിനിടെ യാദൃച്ഛികമായോ അല്ലാതേയോ ഒരു അത്താഴ വിരുന്നിനിടെ നരേന്ദ്രമോഡി നാനൂറില്‍പരം യുവസംരംഭകരും സിഇഒ മാരും പങ്കെടുത്തൊരു വേദിയില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെപ്പറ്റിയുള്ളൊരു അവതരണം കാണാന്‍ ഇടയായി. ഇതിലെ പ്രതിപാദ്യവിഷയങ്ങള്‍ പ്രധാനമന്ത്രിയെ വലിയൊരളവില്‍ സ്വാധീനിക്കുകയുണ്ടായത്രെ. ‘ചാമ്പ്യന്‍സ് ഓഫ് ചേഞ്ച്’ എന്നാണ് ഇതില്‍ പങ്കെടുത്ത പ്രമുഖരെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇവരിലൂടെ പുറത്തുവന്ന ഏതാനും നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മൂര്‍ത്തരൂപം നല്‍കാന്‍ ഒരു പ്രത്യേക സംവിധാനം അനിവാര്യമാണെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിക്കാണണം. ഇതിന്റെ പ്രതിഫലനമെന്നോണമാണ് പ്രധാനമന്ത്രിയുടെ ‘വ്യാപാര-വ്യവസായ സമിതി’ക്ക് ബദലായി ഒരു ഉപദേശക സമിതിക്ക് ജന്മംനല്‍കപ്പെട്ടതെന്ന് അനുമാനിക്കുന്നതില്‍ ശരികേടുണ്ടെന്നു തോന്നുന്നില്ല. പഴയ സമിതി ഫലത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കുകയല്ല, സര്‍ക്കാര്‍ നയങ്ങളെ അവിഹിതമായിപോലും സ്വാധീനിക്കുകയായിരുന്നു ചെയ്തിരുന്നത്. അവരില്‍ പലരും വന്‍കിട കോര്‍പ്പറേറ്റുകളുമായിരുന്നു. തന്‍കാര്യം നേടാന്‍ മാത്രം സര്‍ക്കാരിനോടും ബ്യൂറോക്രസിയോടും ഒട്ടിനിന്നിരുന്നവരായിരുന്നു ഇക്കൂട്ടര്‍.

 

 

Related News