Monday
19 Nov 2018

സിബിഐയിലെ കൂട്ടക്കുഴപ്പം, ഉത്തരവാദി തന്‍പ്രമാണിയായ മോഡി: സിപിഐ

By: Web Desk | Wednesday 24 October 2018 10:47 PM IST

ന്യൂഡല്‍ഹി: സിബിഐയുടെ തലപ്പത്തുണ്ടായിരിക്കുന്ന ഇപ്പോഴത്തെ എല്ലാ കൂട്ടക്കുഴപ്പങ്ങള്‍ക്കും ഉത്തരവാദി കേന്ദ്ര ഭരണത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നയിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

സിബിഐയിലുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണം തുടരാമെന്നുള്ള സുപ്രിംകോടതി ഉത്തരവുണ്ടായത്. തിങ്കളാഴ്ച വരെ നടപടിയുണ്ടാകരുതെന്ന് അദ്ദേഹത്തിനനുകൂലമായ നിര്‍ദ്ദേശവുമുണ്ടായി. സിബിഐ ഡയറക്ടര്‍ വര്‍മ ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ 24 മണിക്കൂറിനകം നിയമത്തെ അതിന്റെ നടപടികള്‍ തുടരാന്‍ അനുവദിക്കാതെ അലോക് വര്‍മയെ അവധിയില്‍ പറഞ്ഞയക്കുന്നതിനാണ് മോഡി തയ്യാറായത്. അമിത്ഷായുമായി അടുത്ത ബന്ധമുള്ള രാകേഷ് അസ്താനയെയും പെട്ടെന്ന് തന്നെ മാറ്റി. അര്‍ധരാത്രിയിലെ അട്ടിമറിയിലൂടെ സിബിഐ മേധാവിയെ ഒഴിവാക്കുകയെന്ന തീരുമാനമെടുത്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ ഭരണഘടനാതീത തീരുമാനങ്ങളുടെയും ശക്തികേന്ദ്രമായിരിക്കുകയാണ്.

റഫാല്‍ ആയുധ ഇടപാട്, ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡി, വിജയ് മല്യ തുടങ്ങിയവരുടെ രാജ്യത്തു നിന്നുള്ള ഒളിച്ചോട്ടം, നോട്ടുനിരോധനത്തിന്റെ ദയനീയ പരാജയം, ചരക്കു സേവന നികുതിയെന്ന മണ്ടത്തരം, പുരോഗമനചിന്തകരുടെ കൊലപാതകങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വേട്ട, രൂപയുടെ മൂല്യശോഷണം, അസാധാരണമായ സാധന വിലക്കയറ്റം എന്നിവയ്‌ക്കൊപ്പം തന്‍പ്രമാണിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മഹാഅബദ്ധങ്ങളില്‍ ഇപ്പോഴിതാ സിബിഐയിലെ കൂട്ടക്കുഴപ്പവും വന്നു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് സിബിഐയിലെ ഈ കൂട്ടക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം മോഡി ഏറ്റെടുത്തേ മതിയാകൂ എന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Related News