Thursday
20 Sep 2018

സുപ്രിംകോടതി വിധിയെ അപഹാസ്യമാക്കി മോഡിഭരണകൂടം

By: Web Desk | Thursday 5 July 2018 10:22 PM IST

ല്‍ഹി തലസ്ഥാന പ്രവിശ്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും നരേന്ദ്രമോഡിയുടെ കേന്ദ്ര സര്‍ക്കാരും തമ്മിലുളള അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ നടത്തിയ വിധിപ്രസ്താവത്തിന് തങ്ങള്‍ പുല്ലുവില കല്‍പിക്കുന്നില്ലെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണവും കെജ്‌രിവാള്‍ ഗവണ്‍മെന്റിന്റെ ഉത്തരവുകള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ഐഎഎസ് ബാബുമാരുടെ നിലപാടും വ്യക്തമാക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ രൂപത്തിലാണ് പുറത്തുവന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പുതിയ സംവിധാനം അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥ മേധാവികള്‍ സുപ്രിം കോടതി വിധിയോട് പ്രതികരിച്ചിരിക്കുന്നത്. ഇവരണ്ടും നല്‍കുന്ന സന്ദേശം തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്‍മെന്റിനെ ഭരിക്കാന്‍ അനുവദിക്കാതെ കേവലം നോക്കുകുത്തിയാക്കി നിലനിര്‍ത്തുന്ന മോഡി സര്‍ക്കാരിന്റെ ശത്രുതാപരവും ജനാധിപത്യവിരുദ്ധവുമായ നയം തുടരുമെന്നുതന്നെയാണ്. ഡല്‍ഹി ഗവണ്‍മെന്റിന് യാതൊരു പൊലീസ് അധികാരവും ഭരണഘടന അനുവദിച്ചു നല്‍കുന്നില്ലെന്ന് സുപ്രിം കോടതി വിധി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുയുടെ വാദം. അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം ‘എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ’ യെന്ന പഴമൊഴിയെയാണ് അനുസ്മരിപ്പിക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയിരുന്നതായി ആരോപണമുണ്ട്. ഇന്ത്യയില്‍ കായികരംഗവും വിശേഷിച്ച് ക്രിക്കറ്റും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും വന്‍വ്യവസായികളുടെയും സ്വര്‍ണഖനികളാണെന്നത് സുപ്രിം കോടതിയടക്കം നീതിന്യായ വ്യവസ്ഥയ്ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബോധ്യമുള്ള വസ്തുതയാണ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം തടയുക എന്നതിലുപരി മറ്റൊരു കുറ്റാന്വേഷണവും ഇവിടെ തര്‍ക്കവിഷയമല്ല. അതുകൊണ്ടാണ് സുപ്രിം കോടതി വിധിയെ തനിക്ക് അനുകൂലമായി മാറ്റാന്‍ ജെയ്റ്റ്‌ലി യത്‌നിക്കുന്നതിന്റെ പിന്നിലുള്ളത്.
ഭൂമി, പൊലീസ്, പൊതുക്രമം എന്നിവയൊഴികെ മറ്റെല്ലാക്കാര്യത്തിലും തലസ്ഥാന പ്രവിശ്യാസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിം കോടതി വിധി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ മേല്‍ സംസ്ഥാന ഭരണകൂടത്തിന് അവകാശമൊന്നുമില്ലെന്ന് സ്ഥാപിക്കാനാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണറേയും ഉദ്യോഗസ്ഥ മേധാവികളെയും പൊലീസിനെയും ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനും തകര്‍ക്കാനുമാണ് കേന്ദ്രഭരണകൂടം നാളിതുവരെ ശ്രമിച്ചുപോന്നത്.

സുപ്രിം കോടതി വിധി അധികാരത്തര്‍ക്കക്കേസില്‍ ഫലത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ചിറകരിയുകമാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ പ്രാമുഖ്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അത് മോഡി ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ചില തൊടുന്യായങ്ങള്‍ ഉന്നയിച്ച് സമയം നീട്ടിവാങ്ങാനും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുമാണ് ഇപ്പോഴത്തെ ശ്രമം. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അവകാശമില്ലെന്ന് വന്നതോടെ ജനകീയ ഭരണക്രമത്തെ അതിനുള്ളില്‍ നിന്നു തകര്‍ക്കുന്ന അഞ്ചാം പത്തികളാക്കി ഉദ്യോഗസ്ഥരെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 2016 ല്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയുടെ കുത്തകാവകാശം ആഭ്യന്തരമന്ത്രാലയത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഇറക്കിയ ഒരു ഉത്തരവിന്റെ പിന്‍ബലത്തിലാണ് കേന്ദ്ര സര്‍ക്കാരും ഐഎഎസ് ബാബുമാരും പുതിയ സംഘര്‍ഷത്തിനു കോപ്പുകൂട്ടുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. അത് ആത്യന്തികമായി ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്ത് സംഘ്പരിവാര്‍ സര്‍വാധിപത്യത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.
സുപ്രിം കോടതി വിധി പുറത്തുവന്ന് ഇതിനകമുണ്ടായ മോഡിഭരണകൂടത്തിന്റെ പ്രതികരണം അവര്‍ക്ക് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടും ഭരണഘടനാ മൂല്യങ്ങളോടും സ്ഥാപനങ്ങളോടുമുള്ള അങ്ങേയറ്റത്തെ അവജ്ഞയെയാണ് തുറന്നുകാണിക്കുന്നത്. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെയും ജനാധിപത്യ വിരുദ്ധതയെയും മുതലെടുത്ത് അധികാരത്തിലെത്തിയ നരേന്ദ്രമോഡിയും സംഘവും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അപ്പാടെ തകര്‍ത്ത് തങ്ങളുടെ സ്വേച്ഛാധിപത്യ വാഴ്ച ശാശ്വതവല്‍ക്കരിക്കാമെന്ന ഗൂഢലക്ഷ്യത്തോടെയാണ് കരുക്കള്‍ നീക്കുന്നത്. കെജ്‌രിവാള്‍ ഗവണ്‍മെന്റിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിനെതിരായ ചെറുത്തുനില്‍പിന്റെ അവിഭാജ്യഘടകമാണ്. പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാര്‍ സുപ്രിം കോടതിവിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തില്‍ ‘സംശയാലുവായ തോമസിന്റെ’ വേഷം ഉപേക്ഷിച്ച് ജനാധിപത്യ സംരക്ഷണത്തിനുള്ള വിശാലവേദിയില്‍ അണിനിരക്കാന്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസടക്കം എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.