Sunday
21 Jan 2018

ഒരു തെറ്റ്, ഒരുപാട് ദുരിതങ്ങള്‍

By: Web Desk | Saturday 11 November 2017 1:00 AM IST

കാഴ്ച
പി എ വാസുദേവന്‍

മോഡിയുടെ ധനശാസ്ത്രത്തെക്കാള്‍ അപകടമാണ് മോഡിയുടെ രാഷ്ട്രീയം. അതിലും അപകടകരമായ മറ്റൊന്നേയുള്ളു മോഡിയുടെ മനോഭാവം. ഇതൊക്കെ ഒരിന്ത്യന്‍ പൗരനെ ബാധിക്കുന്നത് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ടാണ്. അധികാരത്തെ അഹങ്കാരം വലയം ചെയ്യുമ്പോള്‍ പൗരസഞ്ചയത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഒരു വ്യക്തിയുടെ അബദ്ധങ്ങളിലേക്കും വിഭ്രാമകമായ വചനങ്ങളിലേക്കും ചുരുങ്ങും. അതിന് സര്‍വവ്യാപിയായ ദുരന്തഫലങ്ങളുണ്ടാവും. ഒടുക്കം ഇതേ സ്വേഛാധികാരിയെ അത് തിരിഞ്ഞുകുത്തുന്നതുവരെ അതിനകം ആകാവുന്നത്ര ദുഷ്ഫലങ്ങള്‍ നടന്നുകഴിഞ്ഞിരിക്കും.
ഇതിന്റെ പശ്ചാത്തലത്തില്‍ നോട്ടസാധുവാക്കലിന്റെ ചിലവ്യാഖ്യാനങ്ങളാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ട് തിരിച്ചെത്തിയിട്ടും ഇത് ഒരസാധ്യ സര്‍ക്കാര്‍ നീക്കമായിരുന്നെന്ന് ഈയിടെ അവര്‍ പ്രസ്താവന ഇറക്കി. അഴിമതി കുറച്ചും, കരിമ്പണം ഒതുക്കി ഇടപാടുകള്‍ സുതാര്യമാക്കി. മറിച്ച് ജനം അനുഭവിച്ചതിനുശേഷമാണിതൊക്കെ പറയുന്നത്. അതാണ് ആദ്യം പറഞ്ഞത്. ചീത്ത ധനശാസ്ത്രവും ചീത്തരാഷ്ട്രീയവുമെന്ന്. ഈ ഇടപാടില്‍ തിരിച്ചെത്താനിടയില്ലാത്ത ഏതാണ്ട് നാല് ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന്റെ ലാഭമാവുമെന്ന മോഡി കണക്കാണ് പൊട്ടിയത്. കള്ളപ്പണത്തിന്റെ വിപരീത ഫലങ്ങള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ അതിനെ പ്രകീര്‍ത്തിച്ച് മുഖം രക്ഷിക്കുന്നത് ഉടന്‍ വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. റിസര്‍വ് ബാങ്ക് വിദഗ്ധമായി ചെയ്യേണ്ട കാര്യം രണ്ട് രാഷ്ട്രീയ നേതാക്കള്‍ (ഷാ രാഷ്ട്രീയ നേതാവുപോലുമല്ല) ചെയ്തപ്പോള്‍ പറ്റിയ അക്കിടി മറയ്ക്കാനാണ് ഇപ്പോള്‍ പ്രസ്താവന പ്രവാഹം നടത്തുന്നത്.
വിവിധ തലങ്ങളിലായാണ് നോട്ടുനിരോധനത്തിന്റെ ഫലങ്ങള്‍ എതിര്‍ക്കപ്പെട്ടത്. ആദ്യമായി അതിന്റെ തോതും രീതിയും വളരെവിനാശകരമായ ഫലം സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും സൃഷ്ടിക്കും എന്നതാണ്. രണ്ടാമതായി നിരോധനം വന്ന ആഴ്ച മുതലേ തുടങ്ങി ജനങ്ങള്‍ക്ക് വിവിധതരം ദുരിതങ്ങളും നഷ്ടങ്ങളും. ലക്ഷക്കണക്കിന് ‘മനുഷ്യദിന’ങ്ങളാണ് ക്യൂവില്‍ നിന്നും എടിഎമ്മുകള്‍ തേടി പരക്കം പാഞ്ഞും നഷ്ടമായത്. മൂന്നാം ഘട്ടത്തില്‍ ഇതിന്റെ അബദ്ധം ഔദ്യോഗിക കണക്കുകളിലൂടെ പുറത്തുവരുകയും ചെയ്തു. ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും ഇപ്പോഴും വെറും പൊതു പ്രസ്താവനകള്‍ കൊണ്ട് ഇതൊക്കെ നിഷേധിക്കുന്നത് തീര്‍ത്തും ദുഷിച്ച ഒരു മാനസികാവസ്ഥയാണ് പ്രകടമാക്കുന്നത്. പ്രത്യക്ഷാനുഭവങ്ങളെ നിഷേധിക്കുന്ന ഭരണാധികാരി വിഭ്രാന്തിയിലാണ്.
പണത്തിന്റെ വ്യാപനം കുറച്ചാല്‍ അഴിമതി കുറയും എന്നായിരുന്നു മറ്റൊരുവാദം. പക്ഷെ കറന്‍സി- ജിഡിപി റേഷ്യോ കുറഞ്ഞ രാജ്യങ്ങളിലായിരുന്നു അഴിമതി കൂടുതലെന്ന് ഇതേസമയത്തിറങ്ങിയ ചില പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കറന്‍സി-ജിഡിപി നിരക്ക് കൂടുതലായിരുന്ന ജപ്പാന്‍, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ ഈ നിരക്ക് കുറവായിരുന്ന തുര്‍ക്കി, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലേക്കാള്‍ അഴിമതി കുറവായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. മോഡിയുടെ ഈ വാദവും അബദ്ധമായിരുന്നു.
കറന്‍സി കുറച്ച് അഴിതി ഇല്ലാതാക്കാമെന്ന അബദ്ധം ചെന്നെത്തിച്ചത് സമ്പദ്‌വ്യവസ്ഥയുടെ ചില സുപ്രധാന മേഖലകളിലുണ്ടായ മാന്ദ്യത്തിലാണ്. പണമില്ലായ്മകാരണം കാര്‍ഷികരംഗത്തെ വിപണനം തകര്‍ന്നു. കെട്ടിക്കിടന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിക്കാന്‍ തുടങ്ങി. കര്‍ഷകരുടെ ദുരിതം വല്ലാതെ വര്‍ധിച്ചു. ലതര്‍ വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം എന്നിവയില്‍ വമ്പന്‍ തകര്‍ച്ചയുണ്ടായി. ഇതൊക്കെ കണക്കുകളാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. ചില്ലറ വ്യാപാരത്തിലുണ്ടായ നഷ്ടം 40 ശതമാനമായിരുന്നു. പണമില്ലാത്തതുകാരണം ബാങ്ക് തിരിച്ചടവുകള്‍ നന്നെ കുറഞ്ഞു. ഇതൊക്കെ പറയാന്‍ കാരണമുണ്ട്. നോട്ട് നിരോധനം ഒരു ദുഷ്ഫലവുമുണ്ടാക്കിയിട്ടില്ലെന്നും വ്യവസ്ഥയിലെ അഴിമതി ഇല്ലാതാക്കാനും ഇടപാടുകള്‍ സുതാര്യമാക്കാനും ക്രമേണ കറന്‍സിരഹിത വ്യവസ്ഥ കൊണ്ടുവരാനും സാധ്യമാകുമെന്നും ഒരാണ്ടു കഴിഞ്ഞിട്ടും മോഡി സര്‍ക്കാര്‍ പറയുമ്പോള്‍ അനുഭവങ്ങളും പഠനങ്ങളും മറുവശമാണ് പ്രകടമാക്കുന്നത്.
മക്കന്‍ഡിയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സി നോട്ട് നിരോധത്തിന്റെ പത്തുമാസം കഴിഞ്ഞിറക്കിയ പഠനത്തില്‍ അഴിമതിക്കുമേല്‍ അതിനു ഒരു സ്വാധീനവുമുണ്ടായില്ലെന്നു പറഞ്ഞു. അപ്പോഴും ഫിനാന്‍സ് മന്ത്രാലയം അത് നിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധരുടെ രാഷ്ട്രീയ പ്രചാരണം മാത്രമാണിതൊക്കെ എന്നായിരുന്നു അവരുടെ വാദം. കശ്മീരില്‍ കല്ലേറുകള്‍ കുറഞ്ഞതായും അത് നോട്ടുനിരോധത്തിന്റെ ഫലമാണെന്നുംവരെ ഔദ്യോഗിക ഭാഷ്യങ്ങളുണ്ടായി. ഭീകര പ്രസ്ഥാനങ്ങളെ നോട്ടുനിരോധം ദുര്‍ബലമാക്കിയത് ‘ടെറര്‍ മണി ഇല്ലാതായതുകൊണ്ടാണെന്നും ഭാഷ്യം വന്നു.’
ഇത്രയൊക്കെ വിപരീതാനുഭവങ്ങളുണ്ടായിട്ടും എന്തിന് മോഡി ഇതിന് തുനിഞ്ഞു. തീര്‍ത്തും അജ്ഞതകൊണ്ടാവാനിടയില്ല. റിസര്‍വ് ബാങ്കിനെക്കൂടി ഇരുട്ടില്‍ നിര്‍ത്തിയിട്ടാണിതു ചെയ്തത്. ഇതിന് മെനക്കെടരുതെന്ന് രഘുറാം രാജന്‍ പറഞ്ഞിരുന്നതായി ‘ഐ ഡു വാട്ട് ഐ ഡു’ എന്ന അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. വിദഗ്ധരെ മറികടന്ന് പ്യൂനയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഗ്രൂപ്പിന്റെ ഉപദേശം നടപ്പിലാക്കിയതിന്റെ പൊരുളെന്താണ്. എങ്ങനെയും അഴിമതിയും ‘ബ്ലാക്ക് മണി’യും ഇല്ലാതാക്കാമെന്നും അങ്ങനെ ഒരു രാഷ്ട്രീയ ദിഗ്‌വിജയം നേടാമെന്നും മോഹിച്ച മോഡി, ഇന്ത്യയുടെ പൊതുമനസിനെ വന്‍പ്രചാരണങ്ങള്‍ കൊണ്ട് കയ്യേറി മെരുക്കിയപ്പോള്‍ തക്കതായൊരു പ്രതിപക്ഷമില്ലായ്മ കാര്യങ്ങള്‍ എളുപ്പമാക്കി. പക്ഷെ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ പുതിയ വെപ്രാളങ്ങളിലാണ് സര്‍ക്കാര്‍. പ്രത്യക്ഷാനുഭവങ്ങളെ വെറും നുണവ്യവസായം കൊണ്ട് നേരിടാനാവില്ലല്ലോ. അതിന്റെ ഉത്തരഭാഗം കാണാനിരിക്കുന്നേയുള്ളു.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൃതമാണ് അഴിമതിയും കരിമ്പണമെന്നും അവരെ ഒതുക്കി ബിജെപി വന്നാല്‍ ഒറ്റയടിക്ക് ഇതൊക്കെ മാറ്റാമെന്നും മോഡിയുടെ വാക്ചാതുരി വലിയൊരു ജനവിഭാഗത്തെ വിശ്വസിപ്പിച്ചു. മാര്‍ക്ക് ആന്റണിയുടെ മുന്നിലെ സദസെന്നപോലെ ഭൂരിപക്ഷം അതില്‍ വീണു. പണം കാശായി സൂക്ഷിച്ചിരിക്കുകയാണെന്നും നോട്ടുപിന്‍വലിക്കുന്നതോടെ അതൊക്കെ സര്‍ക്കാര്‍ അധീനതയിലാവുമെന്നും ജനം വിശ്വസിച്ചു. കരിമ്പണവും പൂഴ്ത്തിവയ്പും വന്‍തോതില്‍ ഇന്ത്യയില്‍ ഇതിനുമുമ്പ് നടന്നിരുന്നല്ലോ. ഒരു മാറ്റത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയാറായി നിന്ന വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കും നിര്‍ജീവിതയ്ക്കും പകരമന്വേഷിച്ചെത്തിയത് ഇവിടെയായിരുന്നു. സാധാരണ പൗരസഞ്ചയത്തിന് ഡീമോണിറ്റൈസേഷന്‍ അജ്ഞാതസംഭവവുമായിരുന്നു. മോഡിക്ക് റിസര്‍വ് ബാങ്കിന്റെയും രഘുറാം രാജന്റെയും സഞ്ചിത സിദ്ധാന്തങ്ങള്‍ കേള്‍ക്കാന്‍ ക്ഷമയില്ലായിരുന്നു. തെറ്റ് ചെയ്യാനുള്ള അധികാരം പോലും ആരും ചോദ്യം ചെയ്യുന്നത് മോഡിക്കിഷ്ടമല്ല.
രാജന്‍ തിരിച്ചുപോയി. ജെയ്റ്റ്‌ലി നല്ലൊരുത്തരമില്ലാതെ വിഷമിക്കുന്നു. മോഡി-ഷാ സഖ്യം പ്രതിപക്ഷ പഴി പറഞ്ഞു പ്രസ്താവനകളിറക്കുന്നു. നരകം ജനങ്ങള്‍ക്കുമാത്രം. വടക്കന്‍ വീരഗാഥയിലെ (എംടി) ചന്തു പറയുന്ന പോലെ ”ഇതൊക്കെ കാണാനും കേള്‍ക്കാനും ചന്തുവിന് ഇനിയും ജീവിതം ബാക്കി.”