Saturday
15 Dec 2018

മോഡിയുടെ ഭാവി കാത്തിരുന്നുകാണാം -2

By: Web Desk | Tuesday 14 November 2017 1:00 AM IST

വൈകിയ വേളയിലെങ്കിലും ഉപദേശകസമിതി ഇല്ലാതെ തന്നെ ഭരിക്കാന്‍ കഴിയുമെന്ന മിഥ്യാധാരണ ഉപേക്ഷിക്കാന്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ഭരണ നൈപുണ്യം തെളിയിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി സന്നദ്ധനായി എന്നത് നല്ലകാര്യം തന്നെ. എന്നാല്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും തുറന്ന മനസോടെയുമാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഇനിയും വ്യക്തമാക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. ഏതെല്ലാം തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കപ്പെട്ടുവെന്നോ അവയോട് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ഏതുവിധത്തിലായിരിക്കുമെന്നോ ഏറെ താമസിയാതെ അറിയാന്‍ കഴിയുമായിരിക്കും. മാത്രമല്ല, ഉപദേശക  സമിതിയുടെ യോഗങ്ങള്‍ എത്രമാത്രം കൃത്യതയോടെ നടക്കുമെന്നും അവരുടെ നടത്തിപ്പുരീതികള്‍ ഏത് വിധേനയായിരിക്കുമെന്നും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തയോഗത്തില്‍ പങ്കെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ സ്വീകരിക്കാനിടയുള്ള മനോഭാവം എന്തായിരിക്കുമെന്നും മറ്റും കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

ഇഎസിയുടെ ആദ്യയോഗത്തില്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി എന്തെന്ന് പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍  സാമ്പത്തിക മേഖലയില്‍ തളര്‍ച്ചയുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുകമാത്രമാണുണ്ടായത്. ആഴത്തിലുള്ള പഠനമൊന്നും ഇക്കാര്യത്തില്‍ നടത്തിയതായി ഔദ്യോഗികമായി ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ഒരുപക്ഷെ മോഡിയുമായി സമിതി അംഗങ്ങള്‍ നേരിട്ട് എന്തെങ്കിലും ആശയവിനിമയം നടത്തിയിട്ടുണ്ടാകാം. ഏതായാലും സമിതി അംഗങ്ങള്‍ ധനശാസ്ത്രത്തില്‍ സാമാന്യം നല്ല പാണ്ഡിത്യവും അനുഭവസമ്പത്തുമുള്ളവരുമാണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഡിമോണറ്റൈസേഷന്റെ പ്രതികൂല ആഹ്വാനം സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി എന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നത് വ്യക്തമാണ്.അതേസമയം, അവരുടെ ഈ നിഗമനം മോഡിക്ക് വ്യക്തിപരമായും ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനും പൊതുവിലും നാണക്കേടുണ്ടാക്കും എന്ന വികാരവും പരസ്യമായ ഔദ്യോഗിക വിശദീകരണത്തിന് പ്രതിബന്ധ ഘടകമായിരിക്കാം.

 പുതിയ സാമ്പത്തിക ഉപദേശക സമിതിക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ പരിഗണനയ്ക്കായി യുപിഎ  സര്‍ക്കാര്‍ നല്‍കിയ വിഷയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാലാമത്തേത് വിട്ടുകളഞ്ഞിരിക്കുകയാണ്. ഇതാണ് സുപ്രധാനമായ വിഷയവും. അതായത് കൃത്യമായ ഇടവേളകളില്‍ സമ്പദ്‌വ്യവസ്ഥയിലെ മാക്രോഇക്കണോമിക് വികസന സംഭവങ്ങളെയും സാമ്പത്തിക നയരൂപീകരണത്തില്‍ അവയ്ക്കുള്ള പ്രസക്തിയേയും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കണമെന്നതാണിത്. ഇത് നിസാരമായൊരു പോരായ്മയല്ല. മുന്‍ യുപിഎ ഭരണകാലഘട്ടത്തില്‍ നിന്നും ഭിന്നമായി സമ്പദ്‌വ്യവസ്ഥയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാനും വിലയിരുത്താനും ഇതുസംബന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതിനനുസൃതമായ നയരൂപീകരണം നടത്താനും അവസരമില്ലാതെ വരും. ഇക്കാരണത്താല്‍ തന്നെ ഇത്തരം കാര്യങ്ങളെല്ലാം പൊതുജനശ്രദ്ധയില്‍ വരാതിരിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയില്‍ നിന്നും ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ട് 2013 സെപ്റ്റംബര്‍ മാസത്തിലായിരുന്നു. ഇതിലാണ് 2013-14 ലെ വളര്‍ച്ചനിരക്ക് 4.4 ശതമാനമായി ഇടിഞ്ഞു എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലവിലിരിക്കെ, നടപ്പുധനകാര്യ വര്‍ഷത്തിലെ വളര്‍ച്ചാ സാധ്യതകള്‍ എന്തായിരിക്കുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. ഇതെപ്പറ്റി പുതിയ ഇഎസി എന്താണ് പറയുക എന്ന് കാത്തിരിക്കേണ്ടിവരും. ഉടനടി അടിയന്തരസ്വഭാവമുള്ള ഏതാനും തിരുത്തല്‍ നടപടികള്‍ സമ്പദ്‌വ്യസ്ഥയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് ഇതിനകം തന്നെ നടപ്പാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. മൊത്തം ഏഴ് ലക്ഷം കോടി വരുന്ന ഉത്തേജക പാക്കേജാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2017 ഒക്‌ടോബര്‍ 24ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് കിട്ടാക്കടം മൂലം പ്രവര്‍ത്തന മൂലധനം പോലുമില്ലാതെ നട്ടം തിരിയുന്ന പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശാക്തീകരണത്തിന് ബജറ്ററി സഹായ ഇനത്തില്‍ 70,000 കോടി രൂപക്ക് പുറമെ, 1.35 ലക്ഷം കോടി രൂപക്കുള്ള മൂലധന ശാക്തീകരണ ബോണ്ടുകളും ഇന്ത്യയെ റോഡുകള്‍ വഴി ബന്ധിപ്പിക്കുന്നതിനായുള്ള ഭാരത് മാല പദ്ധതിക്കായി 5,35,000 കോടി രൂപ നിക്ഷേപവും വിഭാവനം ചെയ്യുന്നു. മൊത്തം 34,800 കിലോമീറ്റര്‍ റോഡുകളും ഹൈവേകളുമാണ് ഭാരത്മാലാ പദ്ധതിയുടെ ഭാഗമാക്കപ്പെടുക. കൂടാതെ 9,000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴികള്‍- 800 കിലോമീററര്‍ ദൂരം വരുന്ന ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ്‌വേകള്‍ എന്നിവയുമുണ്ടാകും. എന്നാല്‍, ഇതെല്ലാം സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുക എന്നതാണ് കാതലായ പ്രശ്‌നം. ഇതിനുപുറമെ ബാഹ്യകോണുകളില്‍ നിന്നും ഉപദേശകരില്‍ നിന്നും ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കുന്നതില്‍ വൈമനസ്യം പ്രകടമാക്കി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മന്ത്രാലയവും ക്യാബിനറ്റ് തീരുമാനങ്ങള്‍ പോലും കൃത്യമായി അതേപടി പ്രയോഗത്തിലാക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. പുതുതായി ചുമതലയേറ്റ കല്‍ക്കരി റയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പരസ്യമായി മാധ്യമങ്ങളെ അറിയിച്ചത് പ്രധാനമന്ത്രി മോഡി അദ്ദേഹത്തിന് മാര്‍ഗദര്‍ശമായി നല്‍കിയ മൂന്ന് മന്ത്രങ്ങളിലൊന്ന് സ്വന്തം പ്രവര്‍ത്തനങ്ങളില്‍ പരമാവധി സുതാര്യത പുലര്‍ത്തുക എന്നാണ്. ഏതായാലും സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ആശങ്കകള്‍ വലിയ തോതിലുള്ള മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഉപദേശകസമിതിയുടെ സദുദ്ദേശപരമായ നിര്‍ദ്ദേശങ്ങളെങ്കിലും തന്നിഷ്ടത്തിനു വിടാതെ നടക്കാനുള്ള സന്മനസും ദീര്‍ഘവീക്ഷണവും സുതാര്യതയും സത്യസന്ധതയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനിയെങ്കിലും പ്രകടമാക്കിയാല്‍ നന്നായിരിക്കുമെന്നേ നമുക്കിപ്പോള്‍ പറയാനാകു. മാത്രമല്ല, പിന്നിട്ട ഏഴുദശകക്കാലത്തിനിടയില്‍ ഇന്ത്യ ഭരിച്ച വാജ്‌പേയ് അടക്കമുള്ള സര്‍ക്കാരുകള്‍ കാര്യമായി യാതൊന്നും ചെയ്തിട്ടില്ലെന്നും 2014 ല്‍ അധികാരമേറ്റ തന്റെ നേട്ടം മാത്രമേ യഥാര്‍ഥനേട്ടമായി കരുതേണ്ടതുള്ളു എന്ന കടുംപിടുത്തവും മോഡി ഉപേക്ഷിക്കുമെന്നും കരുതാന്‍ നമുക്ക് കഴിയുമെന്നും കരുതാനാകുമോ? ഇതെല്ലാം പോവട്ടെ. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും സാമൂഹ്യ വ്യവസ്ഥയും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഒരു തുറന്ന ചര്‍ച്ചക്കെങ്കിലും മോഡി സര്‍ക്കാര്‍ തയാറായെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്. ഏതായാലും മോഡി സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നാണ് കരുതേണ്ടത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് നികുതി നിരക്കുകള്‍ നേരിയ തോതിലെങ്കിലും കുറയ്ക്കാന്‍ തയാറായി എന്നത് ഇതിലേക്കുള്ളൊരു സൂചനയായി കാണാമെന്നു തോന്നുന്നു. ആര്‍ബിഐയുടെയും വാജ്‌പേയ് സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്ന ബിജെപി എംപി യശ്‌വന്ത് സിന്‍ഹയുടെയും അതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ബിജെപി എംപി അരുണ്‍ ഷൂറിയുടെയും ബിജെപി എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹയുടേയും സുബ്രഹ്മണ്യന്‍ സ്വാമിയുടെയും മറ്റും അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. വിവരക്കേടുകൊണ്ടോ, അഹന്തകൊണ്ടോ ചെയ്തുപോയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഡിമോണറ്റൈസേഷന്റയും ജിഎസ്ടിയുടെയും കാര്യത്തില്‍ സന്നദ്ധമാകുമെന്നതിന് വ്യക്തമായ സൂചനകള്‍ ഇനിയും വരേണ്ടതായിട്ടാണിരിക്കുന്നത്. സാമ്പത്തിക ഉപദേശക സമിതിയോടുളള മോഡിയുടെ മനോഭാവവും അനിശ്ചിതത്വത്തിലാണെന്നേ കരുതാനാകു. ഇത്തരമൊരു നിഗമനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ വരാനിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. മോഡി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നൊരു പിടിവള്ളിയായി വീണുകിട്ടിയിരിക്കുന്നത് ലോകബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ റാങ്കിങ്ങില്‍ 130-ാം സ്ഥാനത്ത് നിന്നും ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നു എന്ന പരാമര്‍ശമാണ്. ഇതിനുള്ള കളമൊരുക്കിയതായി ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നത് നികുതി പരിഷ്‌കാരം, ലൈസന്‍സിങ് വ്യവസ്ഥ, നിക്ഷേപകര്‍ക്കുള്ള സംരക്ഷണം, ബാങ്ക് കടബാധ്യത നിര്‍ണയിക്കുന്നതിലെ വ്യവസ്ഥകള്‍ എന്നിവയാണ്. അതേസമയം, നരേന്ദ്രമോഡി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന നോട്ടുനിരോധന പരിഷ്‌കാരം, ജിഎസ്ടി എന്നിവയെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടുള്ളതായി കാണുന്നില്ല. ഏതായാലും ഡിമോണറ്റൈസേഷന്‍, ജിഎസ്ടി വ്യവസ്ഥ നടപ്പാക്കല്‍ എന്നിവക്കെതിരെ ഭരണകക്ഷികളില്‍പ്പെടുന്നവരുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള രൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് ലോക ബാങ്ക് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ താല്‍ക്കാലികാശ്വാസം നല്‍കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. 2013 ല്‍ കൊണ്ടുവന്ന 37 പരിഷ്‌കാരങ്ങളില്‍ പകുതിയോളം വ്യാപാര-വ്യവസായ സൗഹൃദസ്വഭാവമുള്ളവയായിരുന്നു എന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ടെങ്കിലും മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനം-ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഈ സൗഹൃദാന്തരീക്ഷത്തിന് സഹായകമായോ, ഇല്ലയോ എന്ന് പരാര്‍ശിക്കപ്പെടുകപോലും ചെയ്യുന്നുമില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ത്വരിതഗതിയിലുള്ള വികസനം കാംക്ഷിക്കുന്നവര്‍ക്ക് ഉറ്റുനോക്കാനുള്ളത് സാമ്പത്തിക ഉപദേശക സമിതിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും ഭരണരംഗത്തെ സുതാര്യതയും കാര്യക്ഷമതയും പ്രതിബദ്ധതയും എത്രമാത്രം മെച്ചപ്പെടുമെന്നതാണ്. അതിശയോക്തിപരമായ അവകാശവാദങ്ങള്‍ മുഴക്കിയതുകൊണ്ടോ, പഴയതിനെ മുഴുവന്‍ തള്ളിപ്പറഞ്ഞതുകൊണ്ടോ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി യാഥാര്‍ഥ്യമാക്കാനാവില്ല. ഇന്ത്യയിലെ ഭൂരിഭാഗം ജനതയേയും അതിന്റെ ഗുണഭോക്താക്കളാക്കാനും സാധ്യമാവില്ല. ഭാവിക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കല്‍ മാത്രമായിരിക്കും ഈ സമീപനം. സംശയമില്ല.

അവസാനിച്ചു