Monday
10 Dec 2018

ഒരുദേശം നുണപറയുന്നു

By: Web Desk | Sunday 11 February 2018 9:33 PM IST

പ്രവാസി നാടകവേദിയില്‍ ലോകകിരീടം നേടിയ ഒരു നാടകത്തിന്റെ പേരാണ് ‘ഒരു ദേശം നുണപറയുന്നു.’ അബുദാബി യുവകലാസാഹിതി അരങ്ങത്തെത്തിച്ച ഈ നാടകം രംഗഭാഷയുടെ ഓജസുമുഴുവന്‍ ആവാഹിച്ചെടുത്ത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടമാടമ്പി വാഴ്ചയില്‍ കീഴാളരായ പ്രജകള്‍ അരചന്മാര്‍ക്കൊപ്പം നുണപറയണമെന്നും അവര്‍ക്ക് മുന്നില്‍ മുട്ടിലിഴയണമെന്നും ശഠിക്കുന്ന അവസ്ഥാന്തരത്തിന്റെ ആവിഷ്‌കാരഭംഗിയായിരുന്നു ‘ഒരുദേശം നുണപറയുന്നു’വെന്ന നാടകവിസ്മയം. ഇന്ത്യന്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ അവതരണത്തികവായി അത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തോടു പറഞ്ഞതും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയതുമെല്ലാം കേട്ടപ്പോഴാണ് ‘ഒരുദേശം നുണപറയുന്നു’വെന്ന് തോന്നിപ്പോയത്. മോഡി പറയുന്നതെല്ലാം മാലോകര്‍ ഉപ്പുതൊടാതെ വിഴുങ്ങിക്കൊള്ളുമെന്നു ധരിച്ചുവശായതുപോലുള്ള വെളിപാടുകള്‍. ‘ജീവിതത്തിലുടനീളം കള്ളം പറഞ്ഞ് അസത്യങ്ങളുടെ ഭാരിച്ച ചുമടുമായി മരണത്തെ പുല്‍കുന്നവര്‍’ എന്ന് ടാഗോര്‍ പറഞ്ഞത് മോഡിയെ ഉദ്ദേശിച്ചായിരിക്കുമോ! അഭിമുഖത്തില്‍ തന്റെ ഭക്ഷണശീലത്തെക്കുറിച്ചുപോലും മോഡി കള്ളം പറഞ്ഞു. താന്‍ ഭക്ഷണത്തില്‍ വലിയ തല്‍പരനല്ലെന്ന്. ബദാം അരച്ചുകൊടുക്കുന്ന ആടിന്റെ പാല്‍ രണ്ടിടങ്ങഴി. കിലോയ്ക്ക് എണ്‍പതിനായിരം രൂപ വിലയ്ക്കുള്ള തായ്‌ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂണ്‍ രണ്ട് കിലോ. അങ്ങനെ നീളുന്നു മോഡിയെന്ന അല്‍പാഹാരിയുടെ മെനു. താന്‍ കഴിക്കുന്ന ഭക്ഷണകാര്യത്തില്‍ പോലും രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതെല്ലാം മറച്ചുവയ്ക്കുമ്പോള്‍ നമുക്ക് ആര്‍പ്പുവിളിയോടെ പറയാം, ‘ഒരുദേശം നുണപറയുന്നു….’
തായ്‌ലന്റിലെ കൂണിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ദേവികയ്ക്ക് ഒരു സംശയം; കൊടൈക്കനാലില്‍ നിന്നുള്ള ലഹരിമാന്ത്രിക കൂണുകളും മോഡി അകത്താക്കുന്നുണ്ടോ. വില തുഛം, ഗുണം മെച്ചം എന്നതാണ് ഈ മാന്ത്രിക കൂണിന്റെ മെച്ചം. കിലോയ്ക്ക് വെറും നാലായിരം രൂപ. കഴിച്ചാല്‍ ഒരിടത്ത് നില്‍ക്കുന്നയാള്‍ക്ക് പലേടങ്ങളിലേയ്ക്ക് ചുറ്റിക്കറങ്ങാന്‍ തോന്നുന്ന ഒരു കറക്കം. ആകെയൊരു സ്ഥലജലഭ്രമം. കൊടൈക്കനാല്‍ കൂണ്‍ സൃഷ്ടിക്കുന്ന വിഭ്രാമത്മകനിമിഷങ്ങള്‍ കൊണ്ടാണോ ഇന്ത്യയില്‍ കാലുറച്ചു നില്‍ക്കാതെ മോഡി ഉലകം ചുറ്റുന്നതെന്ന് ബിജെപിക്കാരും ചോദിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് ശ്രുതി.
മാന്ത്രിക കൂണ്‍ കഴിക്കുന്നതുകൊണ്ടാണോ താന്‍ പറയുന്നതും ചെയ്യുന്നതും പ്രജകളും ചെയ്തു കൊള്ളണമെന്ന് വാശിപിടിക്കുന്നത്, അല്ലെങ്കില്‍ ഗോവിന്ദ് പന്‍സാരെയെയും ധബോല്‍ക്കറെയും കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിനെയും മറ്റ് ആയിരങ്ങളെയും പോലെ അരുംകൊല ചെയ്ത് നിശബ്ദമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ജനകീയ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ മോഡിയുടെ അനുയായികള്‍ നടത്തിയ അക്രമങ്ങള്‍ കൊടൈക്കനാല്‍ കൂണ്‍ തട്ടിയിട്ടാകുമോ. കുരീപ്പുഴയെ ആക്രമിച്ചവര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുമായിരിക്കും. മാന്തിക കൂണിന്റെ ലഹരിയില്‍ ഇതൊക്കെ കാട്ടിക്കൂട്ടിയതാണ് മാപ്പാക്കണമെന്ന്. ‘ഒരുദേശം നുണപറയണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ക്കും ഇവിടെ പുലരണമല്ലോ. ഭരണകൂടം കല്‍ത്തുറുങ്കിലടച്ച് പീഡിപ്പിച്ചു മരണാസന്നനായപ്പോള്‍ ‘മുറിപ്പിനെന്റെ നാവാദ്യം, ഉഗ്രമായൊരു പീഡയാല്‍ വരേണ്യമായ സത്യത്തെ വഞ്ചിക്കും വാക്കുരയ്ക്കുവാന്‍ എനിക്ക് തോന്നിപ്പോയാലോ’ എന്നുപറഞ്ഞ ധീരനായ സൂഫി കവിവര്യന്റെ നാട്ടിലാണ് കുരീപ്പുഴയും കാവ്യസഞ്ചാരം നടത്തുന്നതെന്നോര്‍ക്കുക.
ഒരു കുട്ടി കഴിഞ്ഞദിവസം മൂന്നു മണ്ണിരകളുടെയും ഒരു രാജവെമ്പാലയുടെയും കഥ പറയുന്നത് കേള്‍ക്കാനിടയായി. ‘ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് മൂന്നു മണ്ണിരകളും ഒരു രാജവെമ്പാലയുമുണ്ടായിരുന്നു. വംഗനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന മണ്ണിരത്രയത്തിലൊന്നിനെ രാജവെമ്പാല മമതയോടെ വിഴുങ്ങി.രണ്ടാത്തെ ത്രിപുരസുന്ദരിയായ മണ്ണിര രാജവെമ്പാലയുടെ കുത്തേറ്റ് മൃതപ്രായയായി കഴിയുന്നു. മൂന്നാമത്തേത് നുഴഞ്ഞു നുഴഞ്ഞ് തെക്ക് തെക്കൊരു ദേശത്ത് തിരമാലകളുടെ തീരത്ത് ഒളിച്ച് കഴിയുന്നു, രാജവെമ്പാലപ്പേടിയോടെ.’
കുട്ടികഥ തുടരുന്നു; ‘രാജവെമ്പാലയുടെ ആജന്മ വൈരികളായ ചില ചെങ്കീരിക്കുട്ടികള്‍ പേടിച്ചരണ്ടു കിടക്കുന്ന ആ ഞാഞ്ഞൂലിനോട് പറയുന്നു നമുക്കൊന്നിച്ച് രാജവെമ്പാലയെ നേരിടാമെന്ന്. ഗ്രഹണസമയത്ത് രാജവെമ്പാല മാത്രമല്ല ഞാഞ്ഞൂലും തലപൊക്കുമല്ലോ.’ മണ്ണിര ചെങ്കീരികളെ നോക്കി തലപൊക്കി. പോയിനെടാ, പോയി പണിനോക്ക്. രാജവെമ്പാലയെ ഞാന്‍ ഒറ്റയ്ക്കു കഥകഴിച്ചോളാം. ‘കഥ പറയഞ്ഞുനിര്‍ത്തിയ കുട്ടിക്ക് ഇക്കഥ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ചില സാങ്കല്‍പിക മണ്ണിര കഥാപാത്രങ്ങളെക്കുറിച്ചാണെന്നു പറയാനുള്ള രാഷ്ട്രീയ ത്രാണിയില്ലായിരുന്നു.’
‘മുമ്പേ ഗമിച്ചീടിന ഗോവുതന്നെ പിമ്പേഗമിക്കും ബഹുഗോക്കളെല്ലാം’ എന്നാണല്ലോ ആ പഴങ്കവിത. കോണ്‍ഗ്രസിന്റെ ഫെയ്‌സ്ബുക്ക് ജീവി വി ടി ബല്‍റാം എല്‍എല്‍ബി പരീക്ഷയില്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയെന്നാണ് പുതിയ വിവാദം. മഹാന്മാരുടേയും പുണ്യനദികളുടെയും ഉത്സവം തിരക്കരുതെന്നാണ് പുരാണ കല്‍പനയെങ്കിലും അരുതെന്ന് പറയുന്നത് തിരക്കാന്‍ വിരുതരായ നാം ഗംഗയുടെ ഉത്ഭവസ്ഥാനം ഗോമുഖ് ആണെന്ന് തെരഞ്ഞു കണ്ടെത്തിയില്ലേ. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ കോപ്പിയടിച്ചെന്ന് പണ്ട് പത്രങ്ങളും കണ്ടെത്തിയില്ലേ. ‘എമ്പ്രാനല്‍പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നാണല്ലോ ചൊല്ല്. ഹസന്‍ കോപ്പിയടിച്ചെങ്കില്‍ ബല്‍റാം ഒരു തരികിടമാര്‍ക്ക് ദാനമല്ലേ സംഘടിപ്പിച്ചുള്ളു. ദാനം നല്‍കിയത് തിരിച്ചെടുക്കരുതെന്നാണെങ്കിലും തൃശൂര്‍ ലോ കോളജ് തീരെ ലോലെവല്‍ ആയി ദാനം നല്‍കിയ മുള്ളെണ്ണം മുപ്പതുമാര്‍ക്കും തിരിച്ചെടുത്തില്ലേ. പിന്നെന്തിന് ഈ വിവാദം. കൂടിപ്പോയാല്‍ ‘മണ്ണച്ചി ഹസനൊത്ത മരനായര് ബല്‍റാം’ എന്നുവിളിച്ചോളു. പോരേ.
അങ്ങിനെ ‘നാനാവര്‍ണമനോഹരമായൊരു രാഗമാലികനാം, രാഗമാലിക നമ്മള്‍’ എന്ന് നിയമസഭയ്ക്ക് ഇനി ഒഎന്‍വി സാറിന്റെ സംഘഗാനം പാടാം. കവികളും സാമ്പത്തികശാസ്ത്രജ്ഞരും കായല്‍ കയ്യേറ്റക്കാരും ബാര്‍ കോഴക്കാരും ബജറ്റ് കച്ചവടക്കാരനും പരിസ്ഥിതി സ്‌നേഹികളും വാഗ്മീകളും സര്‍വോപരി രാഷ്ട്രീയ പരിണതപ്രജ്ഞരുമടങ്ങുന്ന നിയമസഭയില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നതും നികത്തിക്കഴിഞ്ഞിരിക്കുന്നു. പി വി അന്‍വര്‍ എന്ന ‘ചാര്‍സൗബീസി’ലൂടെ.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 42-ാം വകുപ്പനുസരിച്ചുള്ള വഞ്ചനാകുറ്റത്തിന് ഏഴ് വര്‍ഷം തടവും പിഴയും പിടിച്ചുവാങ്ങുന്നതിന് അന്‍വര്‍ അര്‍ഹനായിരിക്കുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പ്രവാസികള്‍ക്കാണല്ലോ ഇപ്പോള്‍ ശനിദശ. ഒരു പ്രവാസിയില്‍ നിന്നും തന്റെ മംഗലാപുരത്തെ ക്രഷര്‍ യൂണിറ്റില്‍ ഓഹരി വാഗ്ദാനം ചെയ്ത് അരക്കോടി തട്ടിച്ചെന്നാണ് കേസ്. പ്രവാസി സലിമിന് തന്റേതെന്ന് പറഞ്ഞു കാട്ടിക്കൊടുത്തത് മറ്റേതോ ആണുങ്ങളുടെ ബല്‍ത്തങ്ങാടിയിലെ ക്രഷര്‍. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമസഭാ കമ്മിറ്റി അംഗമായ അന്‍വര്‍ തന്റേതെന്ന് പറഞ്ഞുകാട്ടിക്കൊടുത്ത ക്രഷര്‍ ഭൂമിയുടെ മാറിടം പിളര്‍ന്ന് മണല്‍ത്തരികളാക്കുന്ന ‘പരിസ്ഥിതി സൗഹൃദ’ യൂണിറ്റ് കണ്ട് പ്രവാസി ആനന്ദതുന്ദിലനായി. കൊല്ലം പലതുകഴിഞ്ഞിട്ടും ക്രഷറില്‍ ഓഹരി പങ്കാളിത്തവുമില്ല, തട്ടിയെടുത്ത പണം തിരിച്ചു കിട്ടിയുമില്ല. വഞ്ചനാ കുറ്റത്തിന് അന്‍വറിനെ കേസെടുത്ത് കയ്യാമംവച്ച് കല്‍ത്തുറുങ്കിലടയ്ക്കണമെന്നാണ് നിയമമെങ്കിലും അന്‍വറിനാശ്വസിക്കാം. പൊലീസ് ആസ്ഥാനത്ത് ലോകനാഥനായ ലോക്‌നാഥ് ബഹ്‌റയുണ്ടല്ലോ.
ബജറ്റും കച്ചവടച്ചരക്കാക്കാമെന്ന നൂതന വിപണിതന്ത്രം ലോകത്തെ പഠിപ്പിച്ച ഗുരുവര്യനായ കെ എം മാണിയുടെ ബാര്‍കോഴക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിനിടയില്‍ പിന്നെയും വയ്യാവേലികള്‍. കൂട്ടുപ്രതിയായ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെ കുമ്മായമടിക്കാനുള്ള പണി പാളി. വരവിന്റെ 45 ശതമാനം അധികം സ്വത്ത് കോഴയിലൂടെ ബാബു സമ്പാദിച്ചെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ മാണിക്കും ബഹ്‌റയ്ക്കും കൂടി ഇരുട്ടടിയായി. മാണിയുടെയും ബാബുവിന്റെയും ബാര്‍കോഴകള്‍ എത്ര നിസാരം. കോഴകളിലൂടെ ബാബു 65 കോടിയും ആയുര്‍വേദ സൗന്ദര്യസംവേദ മരുന്ന് നികുതി ഇളവിലൂടെ മാണി 100 കോടിയും തട്ടിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ബഹ്‌റ അടയിരിക്കുന്നുവെന്ന് പറയുന്നത് ഈ കേസിലെ പ്രോസിക്യൂട്ടറായ കെ പി സതീശന്‍. പിടിച്ചതിനെക്കാള്‍ വലുത് അളയിലാണെന്ന സ്ഥിതി. നൂറുകോടി തട്ടിയെ മാണിയെ എന്നിട്ടും മണിമണിപോലെ ചിലര്‍ മാടിവിളിക്കുന്നു. ഉണ്ണീ വാ ഉറങ്ങാന്‍ വാ… ഉണ്ണിക്ക് കുടിക്കാന്‍ സ്‌കോച്ച് വിസ്‌കി. ഉണ്ണിക്കുറങ്ങാന്‍ ‘ഡണ്‍ലപ്പ് പില്ലോ തരാം’എന്നൊരു പാട്ടും പാടി.

Related News