Monday
23 Jul 2018

മോഹന്‍ ഭാഗവതിന്റെ ചാരിത്ര്യപ്രസംഗം

By: Web Desk | Friday 6 October 2017 1:02 AM IST

മറ്റ് നേതാക്കളൊന്നും പറഞ്ഞിട്ടുപോരാതെ ഒടുവില്‍ ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ഭാഗവത് തന്നെ രംഗത്തുവന്നിരിക്കുകയാണ്. ആരോപണം പതിവായി പറയുന്നതുതന്നെ. കേരളത്തിനു പുറമെ ഇത്തവണ പശ്ചിമബംഗാളിനെയും കൂടെ ചേര്‍ത്തിരിക്കുന്നുവെന്നേയുള്ളൂ. ഈ രണ്ട് സംസ്ഥാനങ്ങളിലും ജിഹാദികള്‍ സജീവമാണ് എന്നാണ് ആര്‍എസ്എസ് മേധാവിയുടെ താങ്ങ്. ഇതിനെ കൈകാര്യം ചെയ്യാന്‍ ഈ രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നു കൂടി പറയാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്നാമ്പുറത്ത് നിന്ന് കളിക്കുന്ന സംഘപരിവാരത്തിന്റെ പരമോന്നത നേതാവിന് മടിയേതുമുണ്ടായില്ല.
ഏകപക്ഷീയമായി മാത്രം ആക്രമണങ്ങളും കലാപങ്ങളും നടത്തി ശീലിച്ചിട്ടുള്ള ആര്‍എസ്എസ് ഈയിടെയായി കേരളത്തെ കലാപഭൂമിയാക്കാന്‍ പാടുപെടുകയാണ്. എത്ര കൊല നടത്തിയിട്ടും പ്രകോപനങ്ങളില്‍ വീഴാതെ മലയാളനാട് പിടിച്ചുനില്‍ക്കുന്നതിന്റെ സഹികേടില്‍ നിന്നാണ് ഭാഗവതിന്റെ പ്രസ്താവന പുറത്തുവരുന്നത്.
നമ്മുടെ ജനസംഖ്യയുടെ 17.5 ശതമാനത്തോളം മതന്യൂനപക്ഷങ്ങളാണ്. അതില്‍തന്നെ 13 ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങളാണ് കൂടുതല്‍. തലമുറകളായി ഇവിടെത്തന്നെ ജീവിച്ചവരും ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇസ്‌ലാം മതത്തില്‍ വിശ്വസിച്ചവരുമാണവര്‍. അവര്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തെയും അറിയില്ല. ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന ആരെപ്പോലെയും മണ്ണിന്റെ മക്കളാണവര്‍. ആ മണ്ണില്‍ താമസിക്കുകയും ഇവിടത്തെ വായു ശ്വസിക്കുകകയും വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തവരുടെ പിന്‍ഗാമികളാണ് മറ്റുള്ളവര്‍.
ഇന്ത്യന്‍ ഭരണഘടന തുല്യാവകാശങ്ങളായി വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമില്ലായ്മയും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ എല്ലാത്തരം വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാകുന്നത് വിനാശകരമായ സത്യമാണ്. ആര്‍എസ്എസ്, ബിജെപി വര്‍ഗീയ ശക്തികള്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം അതിക്രമങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പലതലത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ കാരണം ഒരു അരക്ഷിതബോധം അവരെ പിടികൂടിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലും തിരഞ്ഞെടുക്കപ്പെട്ട സമിതികളിലും മുസ്‌ലിം പ്രാതിനിധ്യം പ്രകടമായും കുറവാണ്. ഈ അരക്ഷിതബോധവും ഒറ്റപ്പെടലും മുതലാക്കി മതമൗലിക വാദികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു.
സംഘപരിവാറിന്റെ നേതൃത്വത്തില്‍ 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തത് ന്യൂനപക്ഷങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമുണ്ടായി. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാനും അരക്ഷിതബോധം വര്‍ധിക്കാനും ഇത് കാരണമായി. നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ നടന്ന വംശീയ കൂട്ടക്കൊല വര്‍ഗീയ വിദ്വേഷത്തിന്റെയും അതിക്രമത്തിന്റെയും ഏറ്റവും പൈശാചികമായ പ്രകടനമായിരുന്നു. മുസ്‌ലിങ്ങള്‍ക്കു പുറമേ ക്രിസ്ത്യാനികളെയും വര്‍ഗീയവാദികള്‍ ലക്ഷ്യമിട്ടിരുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന വ്യാജ പ്രചരണത്തിന്റെ പേരില്‍ അവര്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. അതിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന നിയമനിര്‍മാണങ്ങളും നടന്നു.
ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ആറ് വര്‍ഷക്കാലത്തെ എന്‍ഡിഎ ഭരണവും ആ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന ആസൂത്രിതമായ ആക്രമണങ്ങളും വിദ്യാഭ്യാസവും ഭരണവ്യവസ്ഥയും സംസ്‌കാരവും വര്‍ഗീയവല്‍ക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകതന്നെ ചെയ്തു. മതേതരത്വത്തിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു.
ഹിന്ദു രാഷ്ട്രത്തിനുവേണ്ടി രാജ്യഭരണത്തെ ദുരുപയോഗം ചെയ്യുന്ന മോഡി ഭരണകൂടം എത്ര ഹീനമായ മാര്‍ഗങ്ങളാണ് ന്യൂനപക്ഷ-ദളിത് വിഭാഗങ്ങള്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ – സാംസ്‌കാരിക മേഖലയെ കാവിവല്‍ക്കരിച്ചുകൊണ്ട് സംഘികള്‍ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും തകര്‍ക്കുന്നതാണ്. ഈ വിഭാഗങ്ങളെ നിശബ്ദരാക്കാന്‍ വേണ്ടി ഇവര്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രമാണ് ആള്‍ക്കൂട്ടക്കൊല. സംഘികള്‍തന്നെ നിരപരാധികളുടെ മേല്‍ കുറ്റം ആരോപിക്കുന്നു. വിധിയും പ്രഖ്യാപിക്കുന്നു. തല്ലുകയോ കൊല്ലുകയോ ചെയ്യുന്നു.
ഒരു അനൗദ്യോഗിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് രാജ്യത്ത് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ നടന്ന ഗോരക്ഷകരുടെ ആക്രമണങ്ങളില്‍ 97 ശതമാനവും 2014 മെയ് മാസത്തിനുശേഷമുള്ളതാണ് എന്നാണ്. ഇരകളായവരില്‍ 86 ശതമാനവും മുസ്‌ലിം മതവിഭാഗത്തിലുള്ളവരുമാണ്.
ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍ മതേതരത്വത്തിന്റെയും ന്യൂനപക്ഷ അവകാശങ്ങളുടെയും അടിയുറച്ച ചാമ്പ്യന്മാരായിട്ടാണ് ഇടതുപക്ഷത്തെ കാണുന്നത്. ന്യൂനപക്ഷങ്ങളോടുള്ള മനോഭാവമാണ് ഏത് ജനാധിപത്യത്തിന്റെയും ഉരകല്ല്. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ ജനാധിപത്യ മുന്നേറ്റത്തില്‍ നിന്ന് അകറ്റിനിര്‍ത്തിക്കൊണ്ട് അതിനെ ശക്തിപ്പെടുത്താനാവില്ല. ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ജനാധിപത്യ സമരങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കും തൊഴിലിന്റെയും ക്ഷേമപദ്ധതികളുടെയും കാര്യത്തില്‍ അവര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.
സംഘപരിവാര ഫാസിസത്തെ ആശയപരമായും ജനാധിപത്യപരമായും തടഞ്ഞുനിര്‍ത്തുന്ന ഇടതുപക്ഷത്തിനെതിരെ വാളോങ്ങുകയാണ് ആര്‍എസ്എസ് മേധാവി. മാധ്യമങ്ങളിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. ഏറെക്കാലമായി കേരളത്തിലെ ഇടതു – ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെതിരായി സംഘപരിവാര്‍ കക്ഷികള്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ക്ക് അടിവരയിടുകയും സംസ്ഥാനത്തെ അപമാനിക്കുകയുമാണ് ഭാഗവതിന്റെ ലക്ഷ്യം.
ബിജെപി ഭരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഘപരിവാര സ്‌ഫോടനങ്ങള്‍ക്കും പതിനായിരക്കണക്കിന് വര്‍ഗീയ കലാപങ്ങള്‍ക്കും സമീപകാല ഇന്ത്യയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞ ലിഞ്ചിങ് ഓപ്പറേഷനുകള്‍(ആള്‍ക്കൂട്ട അതിക്രമങ്ങള്‍)ക്കും നേരെ കണ്ണടച്ച മോഹന്‍ഭാഗവത് ഗൊരഖ്പൂരിലെ ശിശുഹത്യകളോ ഗോരക്ഷകരുടെ പരാക്രമങ്ങളോ ജുനൈദിന്റെയും അഖ്‌ലാഖിന്റെയും മരണങ്ങളോ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടുമില്ല.

Related News