Sunday
16 Dec 2018

മോഹന്‍ലാല്‍ ഫാന്‍സ് മമ്മൂട്ടി സിനിമക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത കഥ

By: Web Desk | Friday 9 November 2018 8:26 PM IST

പല്ലിശ്ശേരി

    പല്ലിശ്ശേരി

സിനിമാരംഗത്തെ സജീവമായി കാണുന്ന ഒരു ആളെന്ന നിലയില്‍ ഒരു സംശയം. ഇതൊരു പഴയസംഭവമാണെങ്കിലും അന്നത്തെ അപകീര്‍ത്തിക്കേസിന്റെ വിധി എന്തായെന്നറിയാന്‍ ആഗ്രഹമുണ്ട്. കിഷോര്‍ കുമാര്‍ എന്നാണ് പേര്. തൃശൂര്‍ ജില്ലയിലാണ് ഞാന്‍ താമസിക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളുടെ ആരാധകനാണ്. അതുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് മമ്മൂട്ടി സിനിമയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ വിഷമം തോന്നി. മമ്മൂട്ടിയുടെ ‘ബ്ലാക്ക്’ സിനിമയ്‌ക്കെതിരെയായിരുന്നു അപകീര്‍ത്തിക്കേസ്. വിശദവിവരങ്ങള്‍ അറിയാമെങ്കില്‍ എഴുതുമല്ലൊ. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും.

ഇത്തരത്തില്‍ പലരും പല തരത്തിലുള്ള ചോദ്യങ്ങളും ചോദിക്കാറുണ്ട്. ചില ചോദ്യങ്ങള്‍ ബാലിശമായതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല.
മോഹന്‍ലാല്‍ ഫാന്‍സ് മമ്മൂട്ടി സിനിമയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത് സത്യമാണ്. അതിനുകാരണം ‘ബ്ലാക്ക്’ എന്ന സിനിമയുടെ പരസ്യവാചകങ്ങളായിരുന്നു.
നടനും നിര്‍മാതാവും വിതരണക്കാരനുമായ ലാല്‍ നിര്‍മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത് ഹിറ്റായ സിനിമയാണ് ‘ബ്ലാക്ക്.’

ഈ സിനിമയുടെ പരസ്യത്തെ സംബന്ധിച്ചുണ്ടായ ദുരൂഹതയാണ് ഇങ്ങനെ ഒരു അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ മോഹന്‍ലാല്‍ ഫാന്‍സിനെ പ്രേരിപ്പിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പരസ്യവാചകങ്ങള്‍ ദുരുപദിഷ്ടവും മോഹന്‍ലാലിന്റെ ആരാധകരെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് സിനിമയുടെ നിര്‍മാതാവും വിതരണക്കാരനുമായ ലാലിനെതിരെ അഡ്വ. കരകുളം മനോജ് മുഖാന്തരം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരസ്യം പിന്‍വലിക്കണമെന്നാണ് ഫാന്‍സ് അസോസിയേഷന്റെ ആവശ്യമെന്ന് സെക്രട്ടറി എസ് എന്‍ വിമല്‍കുമാര്‍ അറിയിക്കുകയുണ്ടായി. അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുന്നതിനു കാരണമായ പരസ്യവാചകങ്ങള്‍ ”മമ്മൂട്ടിയുടെ, മോഹന്‍ലാലിന്റെ ദിലീപിന്റെ അങ്ങനെ എല്ലാ താരങ്ങളുടെയും ആരാധകര്‍ കാത്തിരുന്ന ചിത്രം.
കാരണം
തിരിശ്ശീലയില്‍
”തന്തയ്ക്കു പിറന്ന ഒരാണിന്റെ സാന്നിധ്യം അനുഭവിച്ചിട്ട് കാലങ്ങളായി”
ഷണ്‍മുഖന്‍ വരുന്നു.
‘ബ്ലാക്ക്’

സാധാരണ ഏതൊരു സംഭവമാണെങ്കിലും അതിനു രണ്ടഭിപ്രായം പറയുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ‘ബ്ലാക്ക്’ പരസ്യത്തിന്റെ കാര്യത്തില്‍ സിനിമാരംഗത്തുള്ളവര്‍ ഏകകണ്ഠമായിട്ടാണ് അഭിപ്രായം പറഞ്ഞത്. ഇങ്ങനെ ഒരു പരസ്യവാചകം ആവശ്യമില്ലായിരുന്നു. അതു മറ്റുള്ളവരെ ചൊടിപ്പിക്കുകയാണു ചെയ്തത്.

സിനിമ കാണുന്നവരില്‍ എല്ലാവരുടേയും ഫാന്‍സുകാര്‍ ഉണ്ടായിരിക്കും. കുടുംബങ്ങളുണ്ട്. എല്ലാവിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. ‘ബ്ലാക്ക്’ സിനിമ കണ്ടവരില്‍ മോഹന്‍ലാല്‍ ഫാന്‍സ് ഇല്ലെ? പൃഥ്വിരാജ് ഫാന്‍സ് ഇല്ലെ? സിനിമ വിജയിപ്പിക്കുന്നത് പ്രേക്ഷകരാണ്. ഫാന്‍സ് അസോസിയേഷനുകള്‍ അല്ല.

മമ്മൂട്ടി ഫാന്‍സ് തിരിച്ചടിക്കാന്‍ ശ്രമം

മമ്മൂട്ടിയുടെ ‘ബ്ലാക്ക്’ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ മോഹന്‍ലാല്‍ ഫാന്‍സിന്റെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനു പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സുകാരുടെ ബുദ്ധിമാത്രമല്ലെന്നും മമ്മൂട്ടിയുമായി അടുപ്പമുള്ള ചിലര്‍ പറയുകയുണ്ടായി.

കുറെ മാസങ്ങള്‍ക്കുശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ സജീവമായതും വിജയിച്ചതും ചില തല്‍പര കക്ഷികള്‍ക്ക് ഇഷ്ടമായില്ല. അതില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവത്തിനു തുടക്കമിട്ടത്.
പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടും മോഹന്‍ലാല്‍ ഫാന്‍സ് ദ്രോഹിക്കുകയാണെങ്കില്‍ തിരിച്ചടിക്കുന്നതിന് മമ്മൂട്ടി ഫാന്‍സ് തീരുമാനമെടുത്തു. എന്നാല്‍ ലാല്‍ഫാന്‍സ് എതിര്‍പ്പുമായി വന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നല്ല ബന്ധമാണ്. ആ ബന്ധം ചിലര്‍ക്ക് ഇഷ്ടമായില്ല. എഴുതിത്തള്ളാന്‍ കഴിയാത്ത രീതിയില്‍ ഇരുവരും ശക്തി പ്രാപിച്ചു കഴിഞ്ഞു.

അപകീര്‍ത്തിക്കേസ് പരസ്യം മാറ്റി

ബ്ലാക്കിന്റെ പ്രദര്‍ശനത്തെ ബാധിക്കാതിരിക്കുന്നതിനു വേണ്ടി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ പറഞ്ഞിരുന്ന പ്രകാരമുള്ള പരസ്യവാചകങ്ങള്‍ പിന്‍വലിക്കുകയും പുതിയ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

പുതിയ പരസ്യ വാചകം:

ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്
അയാള്‍-
കാരിക്കാമുറി ഷണ്‍മുഖന്‍ എന്നായിരുന്നു പുതിയ പരസ്യവാചകം. ഇതോടെ രേഖാമൂലമായ കേസുകള്‍ ഇല്ലാതായെങ്കിലും മാനസികമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്.