Thursday
13 Dec 2018

അമ്മയിൽ തർക്കം തീർന്നു : മോഹൻലാൽ പ്രസിഡൻറ് , ഇടവേള ബാബു ജനറൽ സെക്രട്ടറി 

By: Web Desk | Sunday 10 June 2018 9:27 PM IST

കൊച്ചി : ചലച്ചിത്ര താര സംഘടനയായ അമ്മയിൽ പുതിയ നേതൃത്വത്തെ കുറിച്ച് നടന്ന ചർച്ചകൾക്കും തർക്കങ്ങൾക്കും വിരാമം. സംഘടനയുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ  സെക്രട്ടറിയായി ഇടവേള ബാബുവും നേതൃത്വത്തിലേക്ക്. കഴിഞ്ഞ 18  വർഷമായി പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഇന്നസെന്റ് ചുമതല ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് ഭൂരിപക്ഷ അഭിപ്രായങ്ങൾ മാനിച്ച്  മോഹൻലാൽ ആ സ്ഥാനത്തേക്ക് എത്തിച്ചേർന്നത്. അതുപോലെ മമ്മൂട്ടിയും സ്ഥാനം ഒഴിഞ്ഞതോടെ  ഭരണ പരിചയം കണക്കിലെടുത്ത് ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയായും നിര്ദേശിക്കപ്പെടുകയായിരുന്നു. യുവ നടിയെ  പ്രധാന നടന്റെ നേതൃത്വത്തിൽ തന്നെ അക്രമിക്കപെട്ടതോടെ  ഇരയെ സംരക്ഷിക്കാതെ  പ്രതിയുടെ പക്ഷം നേതൃത്വം നിലയുറപ്പിച്ചത്  കടുത്ത വിമർശനത്തിന്   ഇടയാക്കുകയും താര സംഘടനയുടെ  പിളർപ്പിലേക്ക് പോലും വഴിതെളിച്ചിരുന്നു. ഇതേത്തുടർന്നാണ്  വനിതാ കൂട്ടായ്മ രൂപപ്പെട്ടതും. കുറച്ചു നാളുകളായി നിശ്ചലമായി കിടന്ന സംഘടനയിൽ നിന്നും  ഇന്നസെന്റും മമ്മൂട്ടിയും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് തെരെഞ്ഞടുപ്പിന്  കളമൊരുങ്ങിയത്. എം എൽ എ മാർ കൂടിയായ കെ ബി ഗണേഷ്‌കുമാർ, മുകേഷ് എന്നിവർ വൈസ് പ്രസിഡന്റും സിദ്ധിക്ക് ജോയിന്റ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാകും. ഈ മാസം 24  നാണ്  അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ  നടക്കുന്നത്. ഇതിനു മുന്നോടിയായി ഭാരവാഹി സ്ഥാനത്തേക്കുള്ള തെരെഞ്ഞടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെയാണ് മോഹൻലാൽ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെ തെരെഞ്ഞടുക്കപെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്. 17  അംഗ കമ്മിറ്റിയിൽ  ഭാരവാഹികൾക്ക് പുറമെയുള്ള 11  എക്സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനത്തേക്ക്
ഇന്ദ്രൻസ്, സുധീർ കരമന , ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം ,അജു വർഗീസ്, ഹണി റോസ്, സ്വേതാ മേനോൻ, രചന നാരായൺകുട്ടി , മുത്തുമണി  എന്നിവരാണ് നാമനിർദേശ പത്രിക നൽകിയിട്ടുള്ളത് . പാനലിൽ ഉൾപ്പെടാതെ കമ്മിറ്റിയിലേക്ക് ഒരാൾകൂടി നാമനിർദേശ പത്രിക നൽകിയിട്ടുണ്ടെങ്കിലും അത് പിൻവലിപ്പിച്ച് മത്സരം ഒഴിവാക്കാനാണ് നീക്കം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 14  നാണ് . അതിനുശേഷം ഒദ്യോഗിക സ്ഥിരീകരണം ഉണ്ടാകാനാണ് സാധ്യത.