Sunday
16 Dec 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന തുക ആവശ്യപ്പെട്ടത് അനുചിതം: പാര്‍ലമെന്ററി സമിതി

By: Web Desk | Thursday 6 December 2018 10:25 PM IST

കൊച്ചി: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സംസ്ഥാനസര്‍ക്കാരില്‍ നിന്ന് തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി അനുചിതമെന്ന് ദിഗ് വിജയ് സിങ് എംപി. സംസ്ഥാനത്തെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്താനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പാര്‍ലമെന്ററി സമിതി നടത്തിയ യോഗത്തിലാണ് ഈ അഭിപ്രായപ്രകടനം.
ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേന തുക ആവശ്യപ്പെടുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എം വീരപ്പമൊയ്‌ലി ചെയര്‍മാനായ ഫിനാന്‍സ് പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പാകെ എറണാകുളം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പ്രളയാന്തരപ്രവര്‍ത്തനങ്ങളില്‍ സഹായം വേഗത്തിലാക്കാനുമാണ് കമ്മിറ്റി സിറ്റിങ് നടത്തുന്നതെന്ന് ഡോ എം വീരപ്പമൊയ്‌ലി പറഞ്ഞു. ഈ സിറ്റിങില്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മാനുഷിക മുഖമാണ് വ്യക്തമാകുന്നത്. തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നതല്ല സത്യാവസ്ഥ മനസ്സിലാക്കുക എന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം. പ്രളയാനന്തരം ഗൗരവതരമായ പകര്‍ച്ചവ്യാധികളൊന്നും പ്രളയബാധിതപ്രദേശങ്ങളില്‍ ഉണ്ടായില്ല എന്നതില്‍ കേരളത്തിന്റെ ആരോഗ്യമേഖല അഭിനന്ദനമര്‍ഹിക്കുന്നു വീരപ്പമൊയ്‌ലി പറഞ്ഞു.

കേരളം, കുടക്, തമിഴ്‌നാട് എന്നിവിടങ്ങില്‍ ഈയിടെയുണ്ടായ ദുരന്തങ്ങളെപറ്റി പഠിച്ച് അതത് ചീഫ്‌സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് ഒരു ഉന്നതതലയോഗം വിളിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിക്കാനും കമ്മിറ്റി ഉദ്ദേശിക്കുന്നുവെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.
വരള്‍ച്ച, ഓഖീ, നിപ, പ്രളയം തുടങ്ങി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിന് പല പ്രകൃതി ദുരന്തങ്ങളിലൂടെയും കടന്നു പോകേണ്ടി വന്നുവെന്ന് പി.എച്ച് കുര്യന്‍ പറഞ്ഞു. പ്രളയം മൂലം സംസ്ഥാനത്ത് 26,720 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നഷ്ടങ്ങള്‍ നികത്താനും പൂര്‍വസ്ഥിതിയിലാക്കാനും 31,000 കോടി രൂപ ആവശ്യമാണെന്നാണ് യൂഎന്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരള ജനത ഒന്നിച്ചു നിന്ന് പ്രളയം നേരിട്ടതിനെക്കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ചും പി എച്ച് കുര്യന്‍ വിശദീകരിച്ചു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നും സഹായങ്ങള്‍ പ്രവഹിച്ചു. എഴുലക്ഷം വീടുകളാണ് പ്രളയാനന്തരം ശുചീകരിക്കേണ്ടി വന്നത്. 3.5 ലക്ഷം കിണറുകള്‍ ശുചീകരിച്ചു. 7.15 ലക്ഷം കിറ്റുകള്‍ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തു. 2.60 ലക്ഷം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പുന:നിര്‍മാണ പ്രക്രിയകള്‍ക്കായി സംസ്ഥാനസര്‍ക്കാരിന്റെ വിവിധ പദ്ധതികളും പി എച്ച് കുര്യന്‍ വിശദീകരിച്ചു.
കമ്മിറ്റിയംഗങ്ങളും എംപിമാരുമായ ടി കെ രംഗരാജന്‍, അനില്‍ ദേശായി, എ നവനീതകൃഷ്ണന്‍, എന്നിവരും സന്നിഹിതരായിരുന്നു.

Related News