Wednesday
17 Jan 2018

തെരഞ്ഞെടുപ്പിലെ മണിപവറും പുതിയ തെരഞ്ഞെടുപ്പ് ബോണ്ടുകളും

By: Web Desk | Thursday 11 January 2018 10:36 PM IST

അഡ്വ. ജി സുഗുണന്‍
ലോകത്തിലെ പ്രധാനപ്പെട്ട ജനാധിപത്യരാജ്യങ്ങളിലൊന്നാണ് ഇന്ത്യാ മഹാരാജ്യം. എല്ലാ സ്വാധീനങ്ങളില്‍ നിന്നും മോചനമായിട്ടുള്ള സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നതെന്നാണ് എക്കാലവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വ്യാപകമായ ‘മണിപവറും, മസില്‍ പവറു’മൊക്കെ ഈ നിഷ്പക്ഷമെന്നു പറയുന്ന തെരഞ്ഞെടുപ്പുകളെ വളരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ജാതി-മത പരിഗണനകളും, പ്രാദേശിക വികാരവുമെല്ലാം അതിന്റേതായ വന്‍സ്വാധീനവും ഈ തെരഞ്ഞെടുപ്പുകളില്‍ ചെലുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ പൂര്‍ണമായ അര്‍ഥത്തിലും രീതിയിലുമല്ലാ ഇവിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നര്‍ത്ഥം. മണിപവറിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ ഒഴിവാക്കുന്നതിനായി ഫലപ്രദമായ പല നിര്‍ദ്ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അത് നിയോഗിച്ച വിവിധ കമ്മിറ്റികളുടെ നിര്‍ദ്ദേശാനുസരണം മുന്നോട്ടു വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനുള്ള വളരെ ഫലപ്രദമായ നിര്‍ദ്ദേശങ്ങളടങ്ങുന്ന ഇന്ദ്രജിത്ത് ഗുപ്താ കമ്മിറ്റി റിപ്പോര്‍ട്ടും ദിനേശ് ഗോസ്വാമി റിപ്പോര്‍ട്ടുകളുമൊന്നും  ഇപ്പോഴത്തെ മോഡിസര്‍ക്കാരും മുന്‍സര്‍ക്കാരുകളും പരിഗണിക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.  തെരഞ്ഞെടുപ്പു കമ്മിഷന്‍ അഭിപ്രായമനുസരിച്ചുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാക്കാനായി തീരുമാനിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഫണ്ട് സര്‍ക്കാര്‍ നല്‍കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. പുറത്തു നിന്നും സ്ഥാനാര്‍ത്ഥികള്‍ അവിഹിതമായി വന്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം പാടില്ല എന്ന അഭിപ്രായവും നേരത്തെ തന്നെ ഉണ്ടായിട്ടുള്ളതാണ്.  നിര്‍ഭാഗ്യവശാല്‍ വന്‍ സാമ്പത്തിക സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളും, സ്ഥാനാര്‍ത്ഥികളും കണക്കില്ലാത്ത കോടാനുകോടികള്‍ തെരഞ്ഞെടുപ്പിനു വേണ്ടി വിനിയോഗിക്കുകയാണ്. ഈ അടുത്ത കാലത്ത് തമിഴ്‌നാട്ടില്‍ നടന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും പതിനായിരക്കണക്കിന് രൂപ കോഴ നല്‍കിയെന്ന് തെളിഞ്ഞതിന്റെ പേരില്‍ ആ ഉപതെരഞ്ഞെടുപ്പ് തന്നെ മാറ്റിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളെ  നിയന്ത്രിക്കുന്നത്  ഒളിഗാര്‍ക്കി (ധനാധിപത്യം)ആണ്. ഫലത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ ഒരിക്കലും നിഷ്പക്ഷമല്ല. കള്ളപ്പണവും, വന്‍ തെരഞ്ഞെടുപ്പു ഫണ്ടുകളുമാണ് ഈ ഇലക്ഷനുകളെയാകെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഒരു പ്രതേ്യക അധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഭരണഘടനയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ള ഒരു പ്രതേ്യകതയാണിത്. കാരണം, മിക്ക ഭരണഘടനകളും തെരഞ്ഞെടുപ്പിനെ നിയമസഭയ്ക്ക് തീരുമാനമെടുക്കാന്‍ വിടുന്ന താരതമേ്യന അപ്രധാനമായ വിഷയമായി കരുതുന്നു. നമ്മുടെ ഭരണഘടന നിര്‍മ്മാണസഭയാകട്ടെ ഭരണഘടനയുടെ ഒരു അവിഭാജ്യഘടകമെന്ന നിലയിലാണ് ഇതിനെ കണ്ടത്. അതുകൊണ്ട് മൗലികാവകാശങ്ങള്‍ക്കായി രൂപീകരിച്ചിരുന്ന കമ്മിറ്റിയെ തന്നെ ഇതു സംബന്ധമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. മൗലികഅവകാശങ്ങളിലൊന്നായി തെരഞ്ഞെടുപ്പിനെ കരുതണമെന്നും, അതിനെ സര്‍ക്കാരിന്റെ കൈകടത്തലില്‍ നിന്നും രക്ഷിക്കണമെന്നും  സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം നല്‍കണമെന്നും, അതിനുവേണ്ട വ്യവസ്ഥ ചെയ്യണമെന്നും ഈ കമ്മിറ്റിയോട് ഭരണഘടന നിര്‍മ്മാണസഭ നിര്‍ദ്ദേശിച്ചു. എന്നാല്‍ മൗലികാവകാശ പ്രാധാന്യമുള്ള കാര്യമാണെങ്കിലും ഇതിന്റെ സ്ഥാനം മൗലികാവകാശങ്ങളുടെ അധ്യായത്തിലല്ലെന്ന് സഭ തീരുമാനിക്കുകയാണുണ്ടായത്. അതനുസരിച്ച്  ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഇതിനു വിശദമായ പ്രതേ്യക വ്യവസ്ഥകളുണ്ടാക്കി ഭരണഘടനയുടെ പ്രതേ്യക അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചു. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ജനങ്ങളുടെ പ്രതിനിധികളെ  തെരഞ്ഞെടുക്കാന്‍ പറ്റിയ വിധം സ്വതന്ത്രവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് നടത്തുക യഥാര്‍ഥത്തില്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ണ്ണമായും നിഷ്പക്ഷ ബുദ്ധിയോടുകൂടി നടത്തേണ്ടതാണ്. അതിലേക്ക് ഭരണഘടനയില്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്തിട്ടുള്ളതുകൊണ്ട് ഏതു പാര്‍ട്ടി അധികാരത്തിലിരിക്കുന്നോ ആ പാര്‍ട്ടിക്ക് സ്വന്തം വിജയം ഉറപ്പുവരത്തക്ക വിധം തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അവസരം ഒരിക്കലും ലഭിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഭരണഘടന നിര്‍മാതാക്കളുടെ ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ട് തെരഞ്ഞെടുപ്പുചട്ടങ്ങള്‍ തന്നെ  ഭരണകക്ഷി അവര്‍ക്ക് അനുകൂലമായി ഇത് വിനിയോഗിച്ചുവരികയാണ്.ഭരണഘടനയിലെ 324-ാം വകുപ്പ് മൂന്ന് അംഗങ്ങളുള്ള ഇലക്ഷന്‍ കമ്മിഷന്‍ എന്ന സ്വതന്ത്രസമിതിയ്ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനും അതിനുവേണ്ട നിര്‍ദ്ദേശം നല്‍കാനും മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം നല്‍കിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും നിര്‍വീര്യമാക്കാനും ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളിക്കാനും ഇന്ന് ഇന്ത്യന്‍ ഭരണവര്‍ഗത്തിന് കഴിയുന്നുണ്ട് എന്നുള്ളതാണ് വസ്തുത.ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുമെന്നാണ് നമ്മുടെ ഭരണഘടനയില്‍  അടിവരയിട്ടു പറയുന്നതെങ്കിലും  ഫലത്തില്‍ ഇവിടെ എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് കമ്മിഷനെ തന്നെ നിഷ്‌ക്രിയമാക്കി മാറ്റിയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കായുള്ള ബോണ്ടുകള്‍. ഭരണകക്ഷിയ്ക്കും,  ഭരണത്തില്‍ വന്‍സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കും സൗകര്യം പോലെ എത്ര ഫണ്ട് വേണമെങ്കിലും സ്വരൂപീക്കാമെന്നുള്ള സ്ഥിതിയാണ് ഇതുമൂലം വന്നു ചേര്‍ന്നിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകള്‍ സ്വകാര്യമാക്കുന്നതിന്റെ ഭാഗമായി  തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ പൊതു ബഡ്ജറ്റിലെ പ്രഖ്യാപനമായ തെരഞ്ഞെടുപ്പു ബോണ്ടുകളുടെ രൂപരേഖയും കേന്ദ്രധനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രതേ്യക ശാഖകളില്‍ നിന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങാം. സംഭാവനയായി ലഭിക്കുന്ന ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതിനായി തുറന്നിട്ടുള്ള പ്രത്യേക അക്കൗണ്ടുകളിലൂടെ മാറ്റിയെടുക്കാം. സംഭാവന നല്‍കുന്ന ആളുടെയോ സ്വീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെയോ പേര് ബോണ്ടില്‍ രേഖപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് ബോണ്ടുകളില്‍ സംഭാവന ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. 1000 രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള ബോണ്ടുകളാണ് പുറത്തിറക്കുക. ബോണ്ട് മാറ്റി രാഷ്ട്രീയപാര്‍ട്ടികളുടെ അക്കൗണ്ടിലേയ്ക്ക് പണം മാറുന്നതുവരെയുള്ള കാര്യങ്ങള്‍  എസ്ബിഐ ആയിരിക്കും ചെയ്യുന്നത്. പ്രോമിസറി നോട്ടിന് സമാനമായി പലിശരഹിതമാണ് ബോണ്ടുകള്‍. തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനയുടെ കണക്കും രാഷ്ട്രീയ പാര്‍ട്ടികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. 2017-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ രണ്ടായിരം രൂപയ്ക്കു മുകളില്‍ പണമായി സംഭാവന നല്‍കുന്നത് നിര്‍ത്തലാക്കുന്നതായി ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നു. പകരം ബോണ്ടുകള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അന്ന് അറിയിച്ചിരുന്നു.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പുപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഏറ്റവും ഒടുവില്‍ നടന്ന ലോക്‌സഭ അല്ലെങ്കില്‍ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനമെങ്കിലും ലഭിച്ച പാര്‍ട്ടികള്‍ക്കു മാത്രമേ തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനയായി സ്വീകരിക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പു ഫണ്ടുകള്‍ സുതാര്യമാക്കുന്നതിന്റെ പേരില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് കടപത്രം (ഇലക്ടറല്‍ ബോണ്ട്) പദ്ധതി രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമാഹരണം കൂടുതല്‍ നിഗൂഢമാക്കി. ഈ വിജ്ഞാപനം അത്തരത്തിലുള്ള ഒരു നിഗൂഢപദ്ധതിയിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ഫണ്ടിങ് സംവിധാനം ശുദ്ധീകരിക്കുന്നതിനുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതി എന്ന പേരിലുള്ള ഈ വിജ്ഞാപനവും കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പുറപ്പെടുവിച്ച കുറിപ്പും പുതിയ പദ്ധതിയുടെ നിഗൂഢതകളെ തന്നെയാണ് തുറന്നുകാട്ടുന്നത്.ഭരണകക്ഷിയ്ക്ക് യഥേഷ്ടം തെരഞ്ഞെടുപ്പ് ഫണ്ട് ലഭ്യമാക്കാനും മറ്റു പാര്‍ട്ടികളെ ഒന്നടങ്കം നിരീക്ഷണവലയത്തില്‍ കൊണ്ടുവരാനും ഉതകുന്ന വ്യവസ്ഥകളാണ് ഈ പദ്ധതിയില്‍ നിഷ്‌കര്‍ഷിക്കുന്നത്. അതോടൊപ്പം തങ്ങള്‍ക്ക് പണം നല്‍കുന്ന കമ്പനികളുടെ സ്വകാര്യത നിലനിര്‍ത്തി തെരഞ്ഞെടുപ്പ് ഫണ്ടിങ് അപ്പാടെ നിഗൂഢമാക്കി മാറ്റുകയാണ്  കടപ്പത്ര പദ്ധതി.വന്‍കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഫണ്ട് ശേഖരിക്കുന്നത് ഇനിയെങ്കിലും നിരോധിക്കുകയാണ് വേണ്ടത്. ഭരണകക്ഷിയെ കൊണ്ട് തങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്  രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നത്  ഒരു നിക്ഷേപമായാണ് കോര്‍പ്പറേറ്റുകള്‍ കാണുന്നത്. കോര്‍പറേറ്റുകള്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയാണ് ജനാധിപത്യ വ്യവസ്ഥ നേരിടുന്ന  വിനാശകരമായ യാഥാര്‍ഥ്യം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെലവാകുന്ന തുകയ്ക്ക് പരിധി നാളിതുവരെ നിശ്ചയിച്ചിട്ടില്ല.  സ്ഥാനാര്‍ത്ഥികളെപ്പോലെ തന്നെ രാഷ്ട്രീയപാര്‍ട്ടികളെയും കണ്ട് പാര്‍ട്ടികള്‍ ചെലവാക്കാവുന്ന പരമാവധി തുക അടിയന്തരമായും നിശ്ചയിക്കണം.പുതിയ ബോണ്ട് സമ്പ്രദായവും നിലവിലുള്ള തെരഞ്ഞെടുപ്പ് രീതിയും തുടരുകയാണെങ്കില്‍ സാമ്പത്തികശേഷി കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമൊന്നും ഇന്ത്യന്‍ ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് സംജാതമാകുക.തെരഞ്ഞെടുപ്പ് ബോണ്ട് വ്യാപകമായ അഴിമതിയ്ക്ക് വഴിതെളിക്കുമെന്നാണ് പ്രതിപക്ഷമാകെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് എളുപ്പമാക്കാന്‍ ഇത് നിശ്ചയമായും വഴിയൊരുക്കും. ബാങ്കുകള്‍ വഴിയെന്നു പറയുമ്പോഴും ആര്‍ക്ക് വേണമെങ്കിലും വാങ്ങി രാഷ്ട്രീയപാര്‍ട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നവയാണ് ബോണ്ടുകള്‍. ബോണ്ടു വാങ്ങിയത് ആരാണെന്നും ആര്‍ക്കാണ് നല്‍കിയതെന്നും സര്‍ക്കാരിന് അറിയാന്‍ കഴിയും. എതിര്‍കക്ഷികളെയും സംഭാവന നല്‍കുന്നവരെയും നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും സര്‍ക്കാര്‍ ഇത് ദുരുപയോഗപ്പെടുത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിട്ടുണ്ട്.ഇലക്ടറല്‍ ബോണ്ട് സംവിധാനം രൂപീകരണലക്ഷ്യത്തിന് വിരുദ്ധമായി ഫണ്ട് ശേഖരണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഫണ്ട് ആര്‍ക്ക് നല്‍കി, ആരാണ് നല്‍കിയത്, എത്ര രൂപയാണ് നല്‍കിയത് തുടങ്ങിയവ രഹസ്യമായിരിക്കുമെന്ന നിര്‍ദ്ദേശം സംവിധാനത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്. ഫണ്ട് നല്‍കാനുള്ള കമ്പനികളുടെ എണ്ണത്തിന്റെ പരിധി ഒഴിവാക്കിയത് കടലാസ് കമ്പനി സൃഷ്ടിച്ച് കള്ളപ്പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുകളിലെ സാമ്പത്തികസ്വാധീനത്തിന് (മണിപവര്‍) അറുതി വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടുത്തെ തെരഞ്ഞെടുപ്പ് വെറും പ്രഹസനമായി തുടരുകയേയുള്ളൂ. അതിനുള്ള ധീരമായ നടപടിയാണ് കേന്ദ്രസര്‍ക്കാരും, തെരഞ്ഞെടുപ്പു കമ്മിഷനും സ്വീകരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ പുതിയ തെരഞ്ഞെടുപ്പ് കടപ്പത്രം രാജ്യത്തെ തെരഞ്ഞെടുപ്പിലെ ഒളിഗാര്‍ക്കി (ധനാധിപത്യം) ശക്തിപ്പെടുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. വളരെ തെറ്റായതും ജനാധിപത്യത്തെ തന്നെ തകര്‍ക്കുന്നതുമായ ഈ തീരുമാനം പുനഃപരിശോധന ചെയ്യിപ്പിക്കുന്നതിനായി ശക്തമായ ബഹുജനാഭിപ്രായമാണ് രാജ്യത്ത് അടിയന്തിരമായും ഉയര്‍ന്ന് വരേണ്ടത്. നിര്‍ഭാഗ്യവശാല്‍, രാജ്യത്തെ മാധ്യമങ്ങളും, രാഷ്ട്രീയപാര്‍ട്ടികളും ഇതിന്റെ ഗൗരവം ഇനിയും മനസിലാക്കിയതായി തോന്നുന്നില്ല. രാജ്യത്തെ ജനാധിപത്യത്തെ നയിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളും, ഭരണഘടനയുടെ ‘ഫോര്‍ത്ത് എസ്റ്റേറ്റ്’ ആയ മാധ്യമങ്ങളും ഈ വിഷയത്തില്‍ അവരുടെ പങ്ക് നിര്‍വഹിച്ചുകാണാനാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

(ലേഖകന്‍ സിഎംപി പോളിറ്റ് ബ്യൂറോ അംഗമാണ്)