Sunday
22 Oct 2017

ഇടയിലക്കാട് കാവിലെ വാനരന്മാര്‍ക്ക് യുവകലാസാഹിതി സദ്യ ഒരുക്കി

By: Web Desk | Monday 28 August 2017 8:53 PM IST

തൃക്കരിപ്പൂര്‍:

ഇടയിലക്കാട് കാവിലെ വാനരന്മാര്‍ക്ക് സദ്യയൊരുക്കി യുവകലാസാഹിതി പ്രവര്‍ത്തകര്‍ . പഴങ്ങളും തക്കാളിയും കക്കിരിയും അടക്കം കാവിലെ വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയാണ് നല്‍കിയത്. ജില്ലാ പഠനക്യാമ്പിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ചാണ് വൈകുന്നേരം പ്രവര്‍ത്തകര്‍ മുഴുവന്‍ കാവിലെത്തി വാനരന്മാര്‍ക്ക് സദ്യ നല്‍കിയത്. കാവിന്റെ വേലിക്കടുത്ത റോഡരികിലായി മേശയുടെ മുകളില്‍ ഇലയില്‍ വെച്ച് കൊടുത്ത വിഭവങ്ങള്‍ വാനരന്മാര്‍ കൂട്ടത്തോടെ മരക്കൊമ്പിലൂടെ ചാടിയും കുണുങ്ങിയും എത്തി മതിയാവോളം ഭക്ഷിച്ചു. ഇടയിലക്കാട് ഭഗത്‌സിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് വാനരന്മാര്‍ക്ക് യുവകലാസാഹിതി സദ്യ ഒരുക്കിയത്. എഴുത്തുകാരന്‍ എ പി അഹമ്മദ് മലപ്പുറം, ഉദിനൂര്‍ സുകുമാരന്‍, ജയന്‍ നീലേശ്വരം, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ഡോ. കെ പി വിപിന്‍ ചന്ദ്രന്‍, കെ മധുസൂദനന്‍, കെ. മനോഹരന്‍, കെ. ഗംഗാധരന്‍, എം.ചന്ദ്രന്‍, നിധിന്‍, കെ. വി. രാഘവന്‍, സച്ചിന്‍, കെ. സവിത, എ. രോഹിണി, കെ. പി. ഗിരിജ, ടി. വി നളിനി എന്നിവര്‍ നേതൃത്വം നല്‍കി. പഠന ക്യാമ്പില്‍ കുരങ്ങുകളെ സംരക്ഷിക്കുന്ന മാണിക്കമ്മയെ ഓണ പുടവ നല്‍കി ആദരിച്ചിരുന്നു.