Saturday
15 Dec 2018

ദുരിതമൊഴിയാതെ കാലവര്‍ഷം

By: Web Desk | Wednesday 13 June 2018 8:32 PM IST

കോട്ടയം:

മഴയ്ക്ക് അല്‍പമൊരു ശമനം വന്നെങ്കിലും ദുരിതം ഒഴിയുന്നില്ല. വെള്ളത്തിന്റെ വരവ് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായി വെള്ളത്തിലാണ്. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചാലുകുന്ന് സിഎന്‍ഐ എല്‍പി സ്‌കൂള്‍, കൈപ്പുഴ എസ്‌കെവി എല്‍പി സ്‌കൂള്‍, പാറമ്പുഴ പിഎച്ച് സെന്റര്‍, അയര്‍ക്കുന്നം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, അയ്മനം ജിഎല്‍പിഎസ്, മാടപ്പാട് ശിശുഭവന്‍, മണര്‍കാട് സാംസ്‌കാരിക നിലയം, മണര്‍കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, പെരുമ്പായിക്കാട് സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാള്‍, ചാലുകുന്ന് ചുങ്കം സിഎന്‍ഐ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
വെള്ളം ഇറങ്ങിയാലും മഴക്കെടുതി വര്‍ധിക്കാനാണ് സാധ്യത. ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം, ജില്ലയില്‍ 159 വീടുകള്‍ക്ക് ഭാഗികമായ നാശം സംഭവിച്ചിട്ടുണ്ട്. 2.20 കോടിയുടെ കൃഷി നാശമുണ്ടായി എന്നാണ് കണക്കാക്കുന്നത്. അപ്പര്‍കുട്ടനാട് മേഖലയിലെ നെല്‍കൃഷിക്കാണ് ഏറെ നാശമുണ്ടായത്.

മീനച്ചിലാറും കൊടൂരാറും കര കവിഞ്ഞ് ഒഴുകുകയാണ്. മീനച്ചിലാറിന്റെ കൈവഴികളില്‍ പലതും പോളയും പായലും നിറഞ്ഞതോടെ വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാത്തതാണ് വീടുകളിലെ വെള്ളം ഇറങ്ങാത്തിന് ഒരു കാരണം. പോള പാലത്തില്‍ കുടുങ്ങി പലയിടത്തും ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. അറുത്തൂട്ടി പാലത്തില്‍ പോളതങ്ങിക്കിടക്കുകയാണ്. ഇതിനാല്‍ വെള്ളം ഒഴുക്കിന് തടസം സൃഷ്ടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.