Wednesday
19 Sep 2018

മണ്‍സൂണ്‍

By: Web Desk | Sunday 24 June 2018 8:45 AM IST

ആര്‍ സംഗീത

വയര്‍ നിറച്ചുണ്ട കിണര്‍
ഒരേമ്പക്കം കഴിച്ചു
തിട്ടേല്‍ ചാരിയിരുന്നു
കണ്ണടയ്ക്കുന്നു
അതിന്റെ കനമുള്ള ശ്വാസം
ജലപ്പരപ്പില്‍
ഇതേവരെകേള്‍ക്കാത്ത
വാദ്യോപകരണത്തിന്റെ
മുഴക്കമാകുന്നു.

മടങ്ങിവരുന്ന
പായല്‍പച്ചകള്‍..കുമിള്‍
പൊടിപ്പ്..പന്നല്‍.
ഈറ മണമുള്ള വീട്
കാക്കിരി പൂക്കിരിയെന്നു
എഴുതിപഠിക്കുന്ന പറമ്പ്
മഷിത്തണ്ട്,
കൂര്‍ക്കന്‍ചീര
ചെറൂള
ഞൊട്ടാഞൊടിയന്‍..

ഒളിഞ്ഞു നോക്കുന്ന
വെളിച്ചം ഉരുണ്ടുവീണും
എഴുന്നേറ്റും
ചെറുകുഴികളില്‍
തൊണ്ണകാട്ടിചിരിച്ചു

അവസാന
ആരവത്തിന്റെ ഇരമ്പം
മുകളിലേയ്ക്ക്
പൊക്കിയടിച്ച
കളിക്കളത്തിന്റ ഓര്‍മ്മ
ഏതൊക്കെയോ
ക്ലാസ്സ്മുറികളില്‍
നെഞ്ചുംതല്ലി വീഴുന്നു