Friday
20 Apr 2018

മൂഡീസ് സര്‍ക്കാര്‍ ലോബിയിങ്: മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യത ഉയര്‍ത്തി

By: Web Desk | Friday 17 November 2017 9:56 PM IST

സ്വന്തം ലേഖകന്

ന്യൂഡല്‍ഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ലോബിയിങ് ഫലംകണ്ടു. ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തിന്റെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തി. 13 വര്‍ഷത്തിന് ശേഷമാണ് മൂഡീസ് രാജ്യത്തിന്റെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്. റേറ്റിങ് ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു.  ബിഎഎ-3 യില്‍ നിന്നും ബിഎഎ-2 ആയാണ് റേറ്റിങ് ഉയര്‍ത്തിയിരിക്കുന്നത്. റേറ്റിങ് ഔട്ട്‌ലുക്ക് പോസിറ്റീവില്‍ നിന്നും സ്റ്റേബിളായും ഉയര്‍ത്തിയിട്ടുണ്ട്. മൂഡി റേറ്റിങ്ങിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ‘ബിഎഎ3’. 2018 മാര്‍ച്ച് ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപി 6.7 ശതമാനമായി ഉയരുമെന്നും 2019ല്‍ ഇത് 7.5 ശതമാനത്തിലെത്തുമെന്നുമാണു മൂഡീസിന്റെ വിലയിരുത്തല്‍. റേറ്റിങ് ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരും കോര്‍പറേറ്റുകളും എടുക്കുന്ന രാജ്യാന്തര വായ്പാചെലവ് കുറയുമെന്നാണ് സൂചന.  കേന്ദ്ര ധനകാര്യ മന്ത്രാലയവും മൂഡിസും തമ്മില്‍ നടന്ന കത്തിടപാടുകളുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വളര്‍ച്ചാതോത് ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതിന്  ഏജന്‍സിയെ സ്വാധീനിക്കുന്നതിനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ധനകാര്യവകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥര്‍തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 2016 ഒക്‌ടോബര്‍ 27 ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അയച്ച കത്തില്‍ ഇന്ത്യയ്ക്ക് ഒരു മികച്ച സ്ഥാനം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ റേറ്റിങില്‍ സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഇതോടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ളവര്‍ മൂഡീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തവണ ഫലപ്രാപ്തിയിലെത്തിയെന്നാണ് പുതിയ റേറ്റിങ് തെളിയിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്നത് കണക്കിലെടുത്താണ് റേറ്റിങ് ഉയര്‍ത്തിയതെന്ന് മൂഡിസിന്റെ പ്രസ്താവനയില്‍ പറയുന്നു. ജിഎസ്ടി നടപ്പാക്കിയത്, ആധാര്‍ ലിങ്കിംഗ്, കിട്ടാക്കടം ഈടാക്കാനുള്ള നടപടികള്‍, ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെടുത്ത വിവിധ നടപടികളാണ് റേറ്റിങ് ഉയര്‍ത്താന്‍ മൂഡിസിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2004 നു ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ റേറ്റിങ് ഈ സ്ഥാപനം ഉയര്‍ത്തുന്നത്. രാജ്യത്തെ കടബാധ്യത വര്‍ധിച്ചെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവയ്ക്ക് ബദലാകുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. 2011 മുതല്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയ്ക്ക് മൂഡീസ് നെഗറ്റീവ് കാഴ്ചപ്പാടാണ് നല്‍കിവന്നിരുന്നത്. മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയും ആസ്തിയും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ നില മോശമാണെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. രാജ്യത്തിന്റെ ആസ്തിനില പല കാര്യങ്ങളിലും വഷളാകുകയാണ് എന്നും മൂഡിസ് ചൂണ്ടിക്കാട്ടിയിരുന്നു.

മൂലധന അനുപാതം പാലിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യയിലെ  പൊതുമേഖലാ ബാങ്കുകള്‍. അടിസ്ഥാന മേഖലയ്ക്ക് വന്‍തോതില്‍ വായ്പ നല്‍കുന്നതിനാല്‍ നിഷ്‌ക്രിയആസ്തിയും മറ്റും വര്‍ധിക്കുകയാണെന്നും മൂഡീസ് വിലയിരുത്തിയിരുന്നു. ഈ അടിസ്ഥാന ഘടകങ്ങളെല്ലാം അതേപടി നിലനില്‍ക്കുമ്പോഴാണ് റേറ്റിങ് ഉയര്‍ത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയം  സാമ്പത്തിക നയങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് വീണു കിട്ടിയ ആയുധമായി റേറ്റിങ് ഉയര്‍ത്തല്‍ മാറിയിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഇതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സമാനമായ അഭിപ്രായവുമായി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് മൂലം രാജ്യത്തിന്റെ വളര്‍ച്ചയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ എഡിബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മൂഡീസ് ഉള്‍പ്പെടെയുള്ള റേറ്റിങ് ഏജന്‍സികളും വളര്‍ച്ചാ അനുമാനവും വെട്ടിക്കുറച്ചിരുന്നു. സമീപകാലത്ത് ബിസിനസ് സൗഹൃദ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ലോകബാങ്ക് ഉയര്‍ത്തിയിരുന്നു. 130 ല്‍ നിന്നും 100 ആയാണ് പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയത്. എന്നാല്‍ ഇതിനായി പരിഗണിക്കപ്പെട്ടത് മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങള്‍ മാത്രമാണെന്ന് നേരത്തെ ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  മറ്റൊരു പ്രധാന ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ നിക്ഷേപ റേറ്റിങ് ബിബിഎ/എ3 എന്ന താണ നിലയിലാണ് ദശാബ്ദങ്ങളായി നിലനിര്‍ത്തിയിട്ടുള്ളത്.