Monday
17 Dec 2018

മൂന്നു പെണ്ണുങ്ങള്‍

By: Web Desk | Sunday 18 February 2018 1:58 AM IST

ആര്‍ സംഗീത

പച്ചകളൊക്കെ മഞ്ഞകളായി
കായ്ച്ചു കിടക്കുന്ന തൊണ്ടിലൂടെ
വെട്ടം വാടുമ്പോള്‍
മൂന്നു പെണ്ണുങ്ങള്‍
പണിക്ക് പോയിട്ട് വരുന്നുണ്ട്
ഓരം പറ്റി ഒരു കരിനൊച്ചി
കുത്തിവര പോലെ
ചേമ്പുംപരല്
ഞവരവള്ളികളുടെ പിടപ്പ്
പൊത്തിലേക്ക് തലവലിക്കുന്ന
മോതിര വളയന്‍

ലേബലൊട്ടിക്കാത്ത
തീപ്പെട്ടിക്കൂടാണ് ഭൂമിയെന്നു
കുഞ്ഞന്ന ആത്മഗതപ്പെടുന്നത്
അപ്പോഴാണ്
അവക്കടെ പീലോസോപ്പി ‘
ജസീന്ത മുക്രയിടും
ഉടലാകെ ചെവിയും വായും
മാത്രമുള്ളജീവികളാവും
ഞങ്ങള്‍

അവസാനത്തെ കൊള്ളിയും
ഉരഞ്ഞു തീരുമ്പോള്‍
പര്യംമ്പൊറത്തോട്ട്
ഒറ്റയേറാണെന്ന് അറിയാമെങ്കിലും
ഓരോ കൂടും
ശ്രദ്ധയോടെ പൊതിഞ്ഞെടുക്കും
കുഞ്ഞന്ന
അനുസരണക്കേടു കാണിക്കുന്ന
കൊള്ളികളോട് അരിശപ്പെടുമ്പോള്‍
ഒരെണ്ണം എളേതിനെപ്പോലെ
ചുണ്ടു കൂര്‍പ്പിക്കും
വേറൊന്നു മൂത്തതിനെപ്പോലെ
ചിണുങ്ങികാണിക്കും
അടയ്ക്കും മുന്‍പ്
എല്ലാം ഭദ്രമെന്നൊന്നൂടി
ഉറപ്പു വരുത്തും

തിളച്ചു വറ്റുന്ന
അപ്പക്കാരയിലേയ്ക്ക്
ശീന്ന് മാവൊഴിക്കുമ്പോള്‍
ജെസീന്തയ്ക്കു മാത്രം
കേള്‍ക്കാവുന്ന ഒച്ചയില്‍
അവയ്‌ക്കൊരു അടക്കംപറച്ചിലുണ്ട്
”വല്ലാതെപൊള്ളുന്നുണ്ടോ?”’
”ഊം”’
”നീറുന്നുണ്ടോ?”’
”ഉണ്ട്”’
മേശയിലെ ആര്‍ത്തിപിടിച്ച
നോട്ടങ്ങളിലേയ്ക്കു
പാകപ്പെടുമ്പോള്‍
വിലപേശലുകള്‍ക്ക്
കാത്‌കൊടുക്കുമ്പോള്‍
ചുമ്മാ ചിരിച്ചു നിന്നേക്കണം’
നമ്മക്കൊരു പുല്ലുമില്ലെന്ന്
അവരോര്‍ത്തോട്ടെ’

കുഞ്ഞന്നയും ജെസീന്തയും
എനിക്ക് ചുറ്റും
അനേകരായി പെരുകുന്നെന്ന്
തോന്നുമ്പോള്‍
നടത്തത്തിനു വേഗംകൂട്ടും
ഞങ്ങളുടെ ഭാഷ
ഞങ്ങള്‍ക്ക് മാത്രം
കാണാവുന്ന പോലെ
ആകാശത്തു ‘റ’ യെന്നും
‘ന’യെന്നും
ചിറക് വിരിക്കും
ലോകത്തിലുള്ള എല്ലാ
വെള്ളച്ചാട്ടങ്ങളുടെയും തണുപ്പ്
നെഞ്ചിലോട്ടു ഒന്നിച്ചങ്ങു പെരുകും

ഒറ്റപ്പെടുന്നവരുടെ ദൈവമേ
വീടിനുള്ളിലെ ഇരുട്ടില്‍
നീ ഒളിച്ചിരിപ്പുണ്ടെന്നു
എനിക്കറിയാം
ഉടനെ വെളിച്ചപ്പെടല്ലേ
ഞാനിത്തിരി കൂടി നടന്നോട്ടെ.