Wednesday
21 Nov 2018

അന്നവര്‍ തകര്‍ത്തത് പള്ളിയായിരുന്നില്ല, ഇന്ത്യയുടെ ഹൃദയമായിരുന്നു

By: Web Desk | Tuesday 5 December 2017 10:57 PM IST

പ്രത്യേക ലേഖകന്‍

ബാബറിമസ്ജിദ് ആര് പണിതുവെന്നോ എത്ര നൂറ്റാണ്ട് പഴക്കമുണ്ടെന്നോ ഉള്ള പുരാവൃത്തങ്ങള്‍ക്ക് പ്രസക്തിയില്ല. സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് വാല്‍മീകിയുടെ രാമായണം എന്ന അതിമനോഹര കാവ്യത്തില്‍ നിന്ന് കേട്ടുപഠിച്ച പ്രദേശമാണ് അയോധ്യ. പുരാണങ്ങളില്‍ വാല്‍മീകീ കഥാപാത്രമായ രാമന്റെ ജന്മഭൂമിയും വിഹാരകേന്ദ്രവുമായിരുന്നു അത്.
മുസ്‌ലിങ്ങളെ സംബന്ധിച്ച് ബാബര്‍ പണിത ആരാധനാ കേന്ദ്രമാണത്. ഹിന്ദുക്കള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാലയമായിരുന്നു അയോധ്യ. യുക്തിവാദികളെ സംബന്ധിച്ച് രാമന്‍ ജീവിച്ചിരുന്നുപോലുമില്ലാത്തതിനാല്‍ ജന്മഭൂമിയെന്ന സങ്കല്‍പം തന്നെ വസ്തുതകള്‍ക്ക് നിരക്കുന്നതായിരുന്നില്ല.
മൂന്ന് പതിറ്റാണ്ടുവരെ – അതിനിടയില്‍ ചില്ലറ തര്‍ക്കങ്ങള്‍ക്ക് ചില കോപ്പുകൂട്ടലുകളുണ്ടായിരുന്നുവെങ്കിലും – നമുക്ക് അയോധ്യയും ബാബറി മസ്ജിദും രാമക്ഷേത്രവുമെല്ലാം കേട്ടുകേള്‍വി മാത്രമായിരുന്നു. ആ തര്‍ക്കങ്ങള്‍ക്കിടയില്‍ നാം ഓര്‍ത്തെടുക്കുന്നത് സരയൂ എന്ന നദിക്ക്, തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന വിഗ്രഹങ്ങളെ ഉല്‍ക്കൊള്ളാനുമാവുമെന്ന് ബോധ്യപ്പെടുത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റുവിനെയായിരുന്നു. രാജീവ് ഗാന്ധിയുടെ മുത്തച്ഛനെന്നും അതിന്റെ കൂടെ പറയണം.
സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ കൃത്യമായി പറഞ്ഞാല്‍ 1949 ഡിസംബര്‍ 22ന് എല്ലാവരും ഉറക്കത്തിലായിരുന്നപ്പോള്‍ മന്ദിരത്തില്‍ ശ്രീരാമ – സീതാ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. അതിന് പിന്നീട് ആള്‍ക്കൂട്ടം അതിക്രമിച്ചുകയറാന്‍ ശ്രമം നടത്തി. പൊലീസും ഭരണാധികാരികളും അത് തടഞ്ഞു. അന്ന് ഗോവിന്ദ് വല്ലബ് പന്തായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രിയോടാണ് പ്രധാനമന്ത്രി നെഹ്‌റു ആ പ്രതിമകള്‍ സരയുവിലെറിയണമെന്ന് പറഞ്ഞത്.
പിന്നീടൊരു തര്‍ക്കത്തില്‍, 1984ല്‍ വിശ്വഹിന്ദുപരിഷത്(വിഎച്ച്പി) വീണ്ടും കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ രാജീവ്ഗാന്ധി ആ മുത്തച്ഛനെയോര്‍ത്തില്ല. കാവിപ്പടയുടെ മുന്നില്‍ ചൂളിപ്പോയ രാജീവ് 1985ല്‍ അയോധ്യയിലെ രാമ ജന്മഭൂമി – ബാബറി മസ്ജിദിന്റെ താഴുകള്‍ മാറ്റാന്‍ ഉത്തരവിട്ടു. അതിന് പിന്നീട് 1989 ല്‍ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തര്‍ക്ക പ്രദേശത്ത് ശിലാന്യാസം (കല്ലിടല്‍ പൂജ) നടത്താന്‍ വിഎച്ച്പിക്ക് അനുമതി കിട്ടിയതോടെ സാമുദായിക സ്പര്‍ദ്ധ വര്‍ധിച്ചു.
രഥയാത്രകളിലൂടെ ഹാലിളക്കങ്ങളുമായി സംഘപരിവാര്‍ രാജ്യവ്യാപകമായി യാത്രകള്‍ നടത്തി. ശിലാപൂജകള്‍, ശിലായാത്രകള്‍, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി നയിച്ച രഥയാത്ര. ആ യാത്രയെ പിടിച്ചുകെട്ടിയ മറ്റൊരു പ്രധാനമന്ത്രിയുടെ പേര് വിശ്വനാഥ് പ്രതാപ് സിങ് എന്നായിരുന്നു. അതിന് പകരമായി അദ്ദേഹത്തിന് അധികാരത്തിന്റെ ചെങ്കോലും കിരീടവും ഉപേക്ഷിക്കേണ്ടിവന്നു. അന്ന് മതേതരഭാരതം ജയിച്ചുനിന്നു. പക്ഷേ ദേശാഭിമാനികളുടെ ഉല്‍ക്കണ്ഠകള്‍ അവസാനിച്ചില്ല.
കലിയടങ്ങാതെ അധികാരത്തിന്റെ ചോരക്കൊതിയുമായി കോപ്പുകൂട്ടലുകള്‍ തുടര്‍ന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ – ഉത്തര്‍പ്രദേശില്‍ – മാത്രം ആ കലാപത്തിന്റെ അലയൊലികള്‍ അവസാനിച്ചില്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ കണ്ട ഭീതിദമായ അവസ്ഥ ഉത്തരേന്ത്യ മുഴുവനുമുണ്ടായി. കലാപങ്ങളുടെയും ചോരപ്പുഴകളുടെയും വാര്‍ത്തകളുമായി വിളിച്ചുണര്‍ത്തപ്പെടുന്ന പ്രഭാതങ്ങളായിരുന്നു ഉണ്ടായത്.
നെഹ്‌റുവില്‍ നിന്ന് രാജീവിലേയ്‌ക്കെത്തുമ്പോള്‍ താഴുകള്‍ തുറന്നുകൊടുക്കപ്പെട്ടുവെങ്കില്‍ നിസംഗനായൊരു കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കുകീഴില്‍ – പി വി നരസിംഹറാവു- 1992 ല്‍ ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുക തന്നെ ചെയ്തു. അതോടെയൊടുങ്ങുകയായിരുന്നില്ല, രാജ്യത്തിന്റെ സമാധാനക്കേട്. വര്‍ധിക്കുകയായിരുന്നു. ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് രാജ്യമാസകലം ഏകപക്ഷീയമായ കലാപങ്ങളുണ്ടായി. നിരപരാധികളായ ആയിരങ്ങള്‍ മരിച്ചുവീണു. ആ ചോരയില്‍ നിന്ന് ബിജെപിക്ക് അധികാരത്തിലേയ്ക്ക് വഴിയൊരുങ്ങി. അതൊരു വഴിയായിക്കണ്ട് വര്‍ഗീയവാദികള്‍ പിന്നീടും കലാപങ്ങള്‍ക്കായുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. കാല്‍ നൂറ്റാണ്ടിനിപ്പുറം കണക്കെടുക്കുമ്പോള്‍ വര്‍ഗീയ കലാപങ്ങളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കലാപത്തിന്റെ കണക്ക് ആറായിരത്തിലധികമായിരുന്നു.
ബാബറിമസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയുടെ ഹൃദയത്തിലേറ്റ മുറിപ്പാടുകളില്‍ നിന്ന് ഇപ്പോഴും ചോരയൊഴുകിക്കൊണ്ടേയിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ ബാബറി മസ്ജിദ് എന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ പുതിയ പേരുകള്‍ കണ്ടെത്തുകയാണ്. താജ്മഹലെന്ന, കുത്തബ്മിനാറെന്ന ചെങ്കോട്ടയെന്ന പുതിയ പുതിയ പേരുകള്‍. ഇതെല്ലാം ഓര്‍മപ്പെടുത്തുന്നത്, അന്ന് തകര്‍ന്നത് ഇന്ത്യയുടെ ഹൃദയം തന്നെയായിരുന്നു എന്നാണ്.