Wednesday
22 Nov 2017

ചരിത്രം മാറ്റിയ തടിച്ചി സൗന്ദര്യ മത്സരം

By: Web Desk | Monday 14 August 2017 2:38 PM IST

സൗന്ദര്യമത്സരമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ കാറ്റില്‍പറക്കുന്നവിധം മെലിഞ്ഞ കുറേ സുന്ദരികള്‍ റാമ്പിലൂടെ ക്യാറ്റ് വാക്ക് നടത്തുന്നതാണ് ഓര്‍മ്മവരിക. എന്നാല്‍ ചരിത്രം തിരുത്തിക്കുറിച്ച ഒരു സൗന്ദര്യ മത്സരവും  നടന്നു. ഭാരം കൂടിയവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പതിവു സൗന്ദര്യമല്‍സര ചരിത്രമാണ് ഇവിടെ തിരുത്തിക്കുറിച്ചത്. സീറോ സൈസ് ആകാനായി ആരോഗ്യം കളയുന്നവരുടെ ശ്രദ്ധകേന്ദ്രീകരിച്ച ഒരു മത്സരമായിരുന്നു അത്.
മെലിഞ്ഞവര്‍ക്കായി പാരീസ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ ബ്രസീലില്‍ തടിച്ചവരുടെ സൗന്ദര്യ മത്സരം സൂപ്പര്‍ ഹിറ്റായി. സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ സാധാരണ ചിന്താഗതികള്‍ തിരുത്തിക്കുറിച്ച ഈ സൗന്ദര്യമത്സരം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമായി. ബ്രസീലിലെ റിയോഡി ജനീറോയിലാണ് ‘തടിച്ചി’കളുടെ സൗന്ദര്യമത്സരം നടന്നത്. മത്സരാര്‍ത്ഥികളുടെയും കാണികളുടെയും സാന്നിദ്ധ്യം സാധാരണത്തേതില്‍ നിന്ന് ഈ മത്സരങ്ങളില്‍ അധികമായിരുന്നു താനും. പതിനെട്ടിനും നാല്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഇരുപത്തിനാലുപേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. വണ്ണമുള്ളവരുടേതെന്ന് കരുതി സാധാരണ സൗന്ദര്യമത്സരങ്ങളില്‍ നിന്ന് ഇത് ഒട്ടും പിന്നിലായിരുന്നില്ല. സാധാരണ സൗന്ദര്യ മത്സരത്തിനുള്ള ഒട്ടുമിക്ക റൗണ്ടുകളും ഇതിലും ഉണ്ടായിരുന്നു.
ബ്രസീല്‍ സ്വദേശിനിയായ ജസിക്ക ലിമ എന്ന ഇരുപത്താറുകാരിയാണ് ഈ വ്യത്യസ്ത സൗന്ദര്യ മത്സരത്തിലെ വിജയിയായത്. വന്‍ സമ്മാനത്തുകയ്‌ക്കൊപ്പം വമ്പന്‍ കമ്പനികളുടെ മോഡലാകാനുള്ള അവസരവും ഇവര്‍ക്കു ലഭിച്ചു. മാനേജ്‌മെന്റ് ബിരുദക്കാരിയായ ജസീക്ക ഇപ്പോള്‍ത്തന്നെ ബ്രസീലില്‍ അറിയപ്പെടുന്ന മോഡലാണ്. വിജയം പ്രതീക്ഷിച്ചതല്ലെന്നും, തടി കൂടിയതിന്റെ പേരില്‍ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് വരാന്‍ ധൈര്യപ്പെടാത്തവര്‍ക്ക് ധൈര്യം തരുന്നതാണ് ഇതുപോലുള്ള മത്സരങ്ങളെന്നും ജസീക്ക അഭിപ്രായപ്പെട്ടു.