Tuesday
11 Dec 2018

പഠിക്കണമെന്ന് പറഞ്ഞത് വഴക്കായി തോന്നി; കുട്ടി ആത്മഹത്യ ചെയ്തു

By: Web Desk | Friday 12 January 2018 6:43 PM IST

ഭോപ്പാല്‍: പഠിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ നാലാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സ്‌കൂളിലും കുട്ടി പഠനത്തില്‍ പിന്നോക്കമായിരുന്നു. ഇത് മാനസികമായി കുട്ടിയെ തളര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെട്ട് അമ്മ ശകാരിച്ചു. ഇതില്‍ മനം നൊന്താണ് പത്തുവയസ്സുകാരനായ കുട്ടി തൂങ്ങിമരിച്ചത്. ഭോപ്പാലില്‍നിന്നും 43 കിലോമീറ്റര്‍ അകലെയുള്ള ബെരാസിയയില്‍ കൂട്ടുകുടുംബത്തിലെ അംഗമാണ് ഈ കുട്ടി.
”രാവിലെ വീട്ടുമുറ്റത്ത് ബന്ധുക്കളായ മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, സ്‌കൂളില്‍ പോകുന്ന കാര്യം പറഞ്ഞ് അല്‍പ്പസമയം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടി വിറക് പുരയിലേയ്ക്ക് പോയി നൈലോണ്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു”- പൊലീസ് പറഞ്ഞു.
കുട്ടിയുടെ ബന്ധു വിറകെടുക്കാന്‍ വന്നപ്പോള്‍ കുട്ടി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഉടനെതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.