Wednesday
23 Jan 2019

വഴി തടയലുമില്ല, ഓടിച്ചിട്ട് പിടിക്കലുമില്ല; പക്ഷേ കിട്ടും എട്ടിന്‍റെ പണി

By: Web Desk | Saturday 12 January 2019 5:18 PM IST

തിരുവനന്തപുരം: വാഹന പരിശോധന രീതികളില്‍ മാറ്റം വരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നു. വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന രീതി ഇതോടെ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്.
നമ്പറുകള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്‍റെ മുഴുവന്‍ വിവരങ്ങളും കണ്ടെത്തുന്ന സംവിധാനമാണ് നിലവില്‍ വരാന്‍ പോകുന്നത്. ഇതിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കും.

വാഹനത്തിന്‍റെ പഴക്കം, ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍, വാഹനം അപകടത്തില്‍പ്പെട്ടതാണോ, മറ്റ് കേസുകള്‍ ഉണ്ടോ ഇങ്ങനെ തുടങ്ങി ഒരു വാഹനത്തിന്‍റെ മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ ലഭ്യമാകുന്നതാണ് ഈ സംവിധാനം.

മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക. ഏതെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ അത് ആ വഴി കടന്നുപോയാല്‍ ഞൊടിയിടയില്‍ വിവരം അധികൃതര്‍ക്ക് കൈമാറും. അതിവേഗവും ഗതാഗതനിയമം തെറ്റിക്കലുമെല്ലാം മുമ്പേ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയിരുന്നു. അതിനൊപ്പമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

മോഷ്ടിച്ച വാഹനവും കാലഹരണപ്പെട്ട വാഹനവും വ്യാജരേഖകളുള്ള വാഹനവും തടഞ്ഞുനിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് സംവിധാനത്തിന്റെ മേന്മ.
നിരത്തില്‍ പുതിയതായി ഇറക്കുന്ന 17 ഇന്റര്‍സെപ്റ്ററിലാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനം സ്ഥാപിക്കുക.