Wednesday
22 Nov 2017

പട്ടിണി,സര്‍ക്കാര്‍ ഹോസ്റ്റലിലെ ആദിവാസിക്കുട്ടികള്‍ ഭിക്ഷയാചിച്ച് വിശപ്പടക്കി

By: Web Desk | Sunday 10 September 2017 7:12 PM IST

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഹോസ്റ്റലിലെ അന്തേവാസികളായ 16 ആദിവാസി വിദ്യാര്‍ത്ഥികള്‍ ഭിക്ഷ യാചിച്ച് വിശപ്പടക്കി. മധ്യപ്രദേശിലെ ശിവപുരിയില്‍ആണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിലാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം ദുര്‍ഗതി.
ഹോസ്റ്റലിലേക്കുള്ള റേഷന്‍ അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷവും ഭക്ഷണം കിട്ടാതെയായപ്പോഴാണ് ഇവര്‍ തെരുവിലിറങ്ങിയത്. രണ്ട് ദിവസം ഈ കുട്ടികള്‍ പൂര്‍ണമായും പട്ടിണിയായിരുന്നുവെന്ന് അധികൃതരും സമ്മതിക്കുന്നു.
ഹോസ്റ്റലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ 20 ദിവസങ്ങളായി അവധിയിലായിരുന്നു. രണ്ട് ദിവസം മുമ്പ് റേഷനും മണ്ണെണ്ണയും തീര്‍ന്നു. ഭക്ഷണം കൊടുക്കാന്‍ നിവൃത്തിയില്ലെന്ന് ഇവരെ അറിയിച്ചത് പാചകകാരനാണ്. രണ്ട് ദിവസം കാത്തിരിന്നിട്ടും കഴിക്കാന്‍ ഒന്നും കിട്ടാതെ വലഞ്ഞ കുട്ടികള്‍ ശിവപുരിജാന്‍സി റോഡിലെ യാത്രക്കാരോട് ഭിക്ഷ യാചിച്ചത്.

നാട്ടുകാര്‍ സഹായിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഗോതമ്പ് കൊണ്ട് ചപ്പാത്തിയുണ്ടാക്കിയാണ് ഇവര്‍ വിശപ്പടക്കിയത്. വിവരം ലഭിച്ചതിന് പിന്നാലെ ആദിവാസി വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണം തുടങ്ങിയതായും ജില്ലാ കണ്‍വീനര്‍ അറിയിച്ചു.