Wednesday
22 Aug 2018

സാന്ത്വനത്തിന്റെ രാജവീഥി

By: Web Desk | Tuesday 30 January 2018 8:38 PM IST

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പാലിയേറ്റീക് കെയറിന്റെ സ്ഥാപകന്‍ ഡോ. എം ആര്‍ രാജഗോപാല്‍ ജനയുഗത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌

പത്മ പുരസ്‌കാരവും തേടിയെത്തി.. കേരളത്തിന് അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ തന്നെയാണിത്? എന്തുതോന്നുന്നു?

ഒരുപാട് സന്തോഷമുണ്ട് . തീര്‍ച്ചയായും.. വലിയ അംഗീകാരം തന്നെയാണ്. അതിന് അര്‍ഹത നേടിയോ എന്ന് ഞാനും എന്റെ സഹപ്രവര്‍ത്തകരും ഉള്ളിലേയ്ക്ക് തിരിഞ്ഞു നോക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. വേദനയും ദുരിതവും ചികിത്സിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടായി എന്നത് വലിയ കാര്യം. ചെറിയ ഒരളവ് വരെയെങ്കിലും അത് മാറ്റാനായി എന്നതും വലിയ കാര്യം. ‘ചെറിയ ഒരളവ് വരയെ മാറ്റാനായി’ എന്നുള്ളത് മറക്കാതിരുന്നാല്‍ നന്ന്.

നമ്മളങ്ങ് കൊടുമുടി കീഴടക്കിയിട്ടൊന്നുമില്ല. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും നന്നായി പാലിയേറ്റീക് വേദന ചികിത്സിക്കപ്പെടുന്ന, പാലിയേറ്റ് കെയര്‍ ലഭിക്കുന്ന രാജ്യങ്ങളെന്ന് വിചാരിക്കപ്പെടുന്നത് യു കെ, ഫ്രാന്‍സ് മറ്റ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയിലൊക്കെ സാധാരണ നല്‍കപ്പെടുന്ന വേദന ചികിത്സയുടെ ഏതാണ്ട് 200ല്‍ ഒന്നേ നമ്മുടെ കേരളത്തില്‍ കിട്ടുന്നുള്ളൂ. അതിന്റെ പ്രധാന കാരണം സാധാരണക്കാരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്നുവെങ്കിലും വലിയ ആശുപത്രികളില്‍ കയറിപ്പറ്റാന്‍ വേദന ചികിത്സയ്‌ക്കൊ പാലിയേറ്റീവ് കെയറിനോ കഴിഞ്ഞിട്ടില്ല എന്നത് തന്നെ.

സാന്ത്വന പരിചരണമെന്ന മേഖല കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കേണ്ടതായി തോന്നുന്നുണ്ടോ?

പാലിയേറ്റീവ് കെയര്‍ കുറച്ചെങ്കിലും നല്‍കപ്പെടുന്ന ആശുപത്രികളുണ്ട് പക്ഷെ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നതുപോലെ അല്ലെങ്കില്‍ ഒരു പശ്ചിമ യൂറോപ്യന്‍ രാജ്യത്ത് നല്‍കപ്പെടുന്നതുപോലെ രോഗത്തിന്റെ ആരംഭം മുതല്‍ തന്നെ രോഗചികിത്സയോടൊപ്പം കൊണ്ടുപോകുന്ന ഒന്നായിട്ടില്ല പാലിയേറ്റീവ് കെയര്‍ നമ്മുടെ നാട്ടില്‍. ഇത് ഏതാണ്ട് ഉറപ്പിച്ച് പറയാന്‍ കഴിയും. എങ്കിലും നമുക്കാശ്വസിക്കാം. രാജ്യത്ത് കേരളം വിട്ടാല്‍ വളരെ ദയനീയമാണ് സ്ഥിതി.

ലോക ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കേരളത്തില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതാണ് സാന്ത്വന പരിചരണം.. അതിനെ ഇത്രത്തോളം വളര്‍ത്തിയെടുക്കുക വെല്ലുവിളിയായിരുന്നില്ലെ?

പാലിയേറ്റീവ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നതാണ് സത്യം. പ്രത്യേകിച്ചും കേരളത്തില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലാകെ അങ്ങനെയാണ്. എന്നുവച്ചാല്‍ ലോകത്തിന്റെ 80 ശതമാനം ജനസംഖ്യയ്ക്കും ഇത് തന്നെയാണ് ഗതി. ചില കാര്യങ്ങളില്‍ കേരളം എത്രയോ മുന്നിലാണ്. പ്രത്യേകിച്ചും പാലിയേറ്റീവ് കെയറില്‍ സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍. സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലനം നേടി രോഗികളുടെ കുടുംബത്തില്‍ എത്തിച്ചേരുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ നയം കൊണ്ടുവന്ന് നടപ്പിലാക്കി എല്ലാ പഞ്ചായത്തിലും ഓരോ പാലിയേറ്റീവ് കെയര്‍ നേഴ്‌സ് കിടപ്പുരോഗികളെ മാസത്തിലൊരിക്കലെങ്കിലും വീട്ടില്‍പോയി നോക്കുന്നുവെന്ന കാര്യത്തില്‍.  ഇത്രയും ചെയ്യാന്‍ കഴിഞ്ഞ ഒരു വികസ്വര രാജ്യവും വേറെയില്ല. എന്നുമാത്രമല്ല, പാലിയേറ്റീവ് കെയറിലുള്ള പൊതുജന പങ്കാളിത്തം കേരളത്തിലെപോലെ  വേറെ ഒരു രാജ്യത്തും ഉണ്ടായെന്നു വരില്ല.

ഇതിനെ വളര്‍ത്തിയെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നില്ലെന്ന ചോദ്യത്തിന് അതങ്ങു വളര്‍ന്നുവെന്നു പറയുന്നതാകും ശരി.. ഇത്രയും വളര്‍ത്തിയെടുത്തെങ്കില്‍ അത് കേരളത്തിലെ സാധാരണക്കാരണ്. മറ്റുള്ളവരുടെ ദുരിതത്തില്‍ സമൂഹത്തിന് ഒരു കടമയുണ്ട്. എന്നു തിരിച്ചറിഞ്ഞ് ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ അയല്‍ക്കൂട്ടങ്ങളുണ്ടാക്കി പാലിയേറ്റീവ് കെയറിനെ ഉൗട്ടി വളര്‍ത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടിയിട്ടുണ്ട്.

ശരിയാണ്. വെല്ലുവിളി ഉണ്ടായിരുന്നത് ഇപ്പോഴുമുണ്ട്. സമൂഹം സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈദ്യശാസ്ത്രം അതേപോലെ പാലിയേറ്റിവ് കെയറിനെ സ്വീകിരച്ചിട്ടില്ല. എത്രയോ ദൂരം ഇനിയും  പോകാനുണ്ട്.

കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തിലും അംഗീകാരം താങ്കളെ തേടിയെത്തി.. ഈ രംഗത്തില്‍ അടുത്ത കാല്‍വെയ്പ്പ് എന്ത് കേന്ദ്രീകരിച്ചായിരിക്കും?

അടുത്ത കാല്‍വയ്പ് വച്ചുകഴിഞ്ഞു. സ്പീഡ് തീരെ പോരെന്നു മാത്രം. പാലീവ് ഇന്ത്യയുടെ ശ്രമം കേരളത്തിന് പുറത്ത് പാലിയോറ്റീവ് കെയര്‍ വളര്‍ത്തിയെടുക്കാന്‍ തന്നെയാണ്. അതിനെ കേന്ദ്രഗവണ്‍മെന്റിനെതിരെ കൂടെ അവരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കുക മാത്രമല്ല, സാധിക്കുന്നിടത്തൊക്കെ സംസ്ഥാനത്തിലും പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഹിമാചല്‍പ്രദേശ്, മിസ്സോറാം എന്നീ സംസ്ഥാനങ്ങളില്‍ കാര്യമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വേറെ ചില സംസ്ഥാനങ്ങളില്‍ അല്‍പംകൂടി കുറഞ്ഞു. മുമ്പ് ഇല്ലാത്തത്ര പ്രവര്‍ത്തനം ചിലിയിടത്ത് നടക്കുന്നുണ്ട്.

താങ്കളുടെ സ്‌നേഹലാളനങ്ങള്‍ ഏറ്റുവാങ്ങിയ ഒട്ടേറെപ്പേര്‍ ഇന്ന് കേരളസമൂഹത്തിലുണ്ട്.. അവരോട് പറയാനുള്ളതെന്തായിരിക്കും?

എന്റെ സ്‌നേഹലാളനങ്ങള്‍ ലഭിച്ച ഒരുപാടുപേര്‍ കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞല്ലോ ഇതിനെയൊന്ന് തിരിച്ച് പറഞ്ഞു നോക്കു. എത്രപേരുടെ സ്‌നേഹലാളനങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്? എനിക്ക് എന്തൊരു സമ്പത്താണത്. സ്നേഹം ഒരുവഴിയ്ക്ക് ഒഴുകുന്ന സാധനമല്ല. മ്യൂച്വലാണ്. ഞാന്‍ ഒരാള്‍ക്ക് സ്‌നേഹത്തോടുകൂടിയുള്ള പരിചരണം കൊടുത്തുവെങ്കില്‍ അതില്‍ നിന്ന് എനിക്ക് കിട്ടുന്ന സംതൃപ്തിയും അവരില്‍ നിന്ന് എനിക്ക് കിട്ടുന്ന സ്‌നേഹവും അനുഗ്രഹവുമെല്ലാം എനിക്കും വിലപിടിച്ച സമ്പത്താണ്. ഞാന്‍ അങ്ങോട്ടൊന്നു കൊടുത്ത് അവിടെ അവസാനിക്കുന്ന ഒരു പ്രക്രിയ അല്ലത്.

സാന്ത്വന പരിചരണരംഗത്തേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള ഉപദേശം ?

കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമായിരിക്കും ചിലര്‍ക്കൊക്കെ. പക്ഷെ പാലിയേറ്റീവ് കെയര്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ തൊട്ടേ തീരു. ഇല്ലാതെ വരില്ല. നമുക്ക് തന്നെ രോഗം വരും. അല്ലെങ്കില്‍ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കും രോഗം വരും. അപ്പോള്‍ കൊടുക്കുന്ന ചികിത്സയുടെ കൂടെ അവരുടെ മാനസിക- സമൂഹിക – ആത്മീയ പ്രശ്‌നങ്ങള്‍ എന്താണെന്ന് കൂടെ ചോദിക്കുമ്പോള്‍ പാലിയേറ്റീവ് കെയര്‍ ആയി. അന്വേഷിച്ച് വേണ്ടത് ചെയ്യുന്നു. ഇത് ഒരളവ് വരെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി വരുന്നു. മനസ്സുകൊണ്ട് അതിന് തയ്യാറായിരുന്നാല്‍ ആ സമയത്ത്  പരിഭ്രാന്തി കുറച്ച് കുറയ്ക്കാം.

വൈദ്യശാസ്ത്ര രംഗത്ത് നിന്ന് വരുന്നവരോട് പറയാനുള്ളത്. ഇത് മുഴുവന്‍ സമയത്തും ഇവിടെ നില്‍ക്കണമെന്നില്ല. അത്യാവശ്യം വൈദ്യശാസ്ത്ര പഠനങ്ങള്‍ക്ക് ശേഷം ഇതില്‍ നില്‍ക്കാം. ഇതില്‍ വ്യാപൃതരായിക്കഴിഞ്ഞാല്‍ ഓരോരുത്തരുടെയും മെഡിക്കല്‍ പ്രാക്ടീസ് വേറെയൊരു തരത്തിലേക്കാവും എന്നതാണ്.

രോഗിയുടെയും കുടുംബത്തിന്റെയും സംതൃപ്തി എല്ലാവരുടെയും ജീവിതത്തിന് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ സമ്മര്‍ദ്ദങ്ങള്‍ കൂടും. ഏത് മേഖലയിലാണെങ്കിലും ഇത് കൂടി കൂട്ടിച്ചേര്‍ത്താല്‍ ജീവിതം എളുപ്പവും ആനന്ദദായകവുമാക്കാം എന്നതാണ് എനിക്ക് പറയാനുള്ളത്.

രോഗത്തോടൊപ്പം തന്നെ വേണ്ട ശുശ്രൂഷകളും മരുന്നും ലഭിക്കാതെ വലയുന്ന നിങ്ങളുടെ പരിചയത്തിലെ ആളുകള്‍ക്ക് പാലിയേറ്റീവ് കെയര്‍ എന്ന മഹത്തായ സ്ഥാപനത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക.

മരുന്നെത്തിക്കാന്‍ കഴിയാത്ത ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍ക്ക് മരുന്നും, എഴുന്നേറ്റ് പോയി വൈദ്യ ചികിത്സ ലഭ്യമാകാത്ത ആളുകള്‍ക്ക്      (മരുന്നുവാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി മരുന്നും) ഉള്‍പ്പെടെ വീട്ടിലെത്തി നല്‍കുന്ന പാലിയേറ്റീവിനെ നല്ലൊരു നാളേയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തു. ബന്ധപ്പെടേണ്ട വിലാസവും മെയില്‍ ഐഡിയും ഫോണ്‍ നമ്പറും ചുവടെ :-

Photo Courtesy: palliativecare.org.au

Address for Correspondence

Trivandrum Institute of Palliative Sciences (TIPS)
Pallium IndiaArumana Hospital Building,Airport Road, Subash Nagar,Vallakadavu P.OThiruvananthapuram – 695 008Kerala, India.
Phone/Fax (office):+91 471 2468991, +91 9387296889Email:[email protected]
Registered Address:
Pallium India,
PJRRA 65,
Pothujanam Road, Medical College P.O.
Trivandrum 695011
Kerala, India.