Monday
17 Dec 2018

യു പി യിലും ബിഹാറിലും ലഹള, യു പി യിൽ നിരോധനാജ്ഞ

By: Web Desk | Monday 2 October 2017 8:56 PM IST

കാൺപൂരിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നു
കാൺപൂർ: മുഹറം – ദസറ ആഘോഷങ്ങൾ പതിവായി ചെന്നെത്തുന്ന വർഗീയ ലഹളക്കു ഇക്കുറിയും ഉത്തർപ്രദേശും ബിഹാറും സാക്ഷ്യം വഹിച്ചതോടെ ഉത്തർപ്രദേശിലെ കാൺപൂർ, ബലെയ, ബെറായിച് ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ബലെയ ജില്ലയിലെ സിക്കന്തപുർ പട്ടണത്തിൽ ഒരു പ്രത്യേക സമുദായത്തിന്റെ വീടുകൾക്ക് നേരെ ഇന്നും ആക്രമണം ഉണ്ടായി. രണ്ട് ദിവസം മുമ്പ് ഇവിടെ വർഗീയ ലഹള പൊട്ടിപുറപെട്ടതാണ്. ഇന്നത്തെ അക്രമങ്ങളെ തുടർന്ന് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. സിക്കന്തപുരിൽ കുട്ടികളുടെ ഒരു പ്രശ്നമാണ് ഊതി വീർപ്പിച്ചു ലഹളയാക്കിയത്.
പരംപൂർവ പ്രദേശത്തു മുഹറം ഘോഷയാത്ര അനുവദിച്ച വഴിയിൽ നിന്നും മാറി സഞ്ചരിച്ചതിനെ തുടർന്ന് മറ്റൊരു വിഭാഗം കല്ലെറിഞ്ഞതാണ് ലഹളയിൽ കലാശിച്ചത്.
മുഹറം യാത്രയും ദുർഗ്ഗ വിഗ്രഹനിമജ്ജനവും കനത്ത പോലീസ് നിയന്ത്രണത്തിൽ ഇന്നലെ രാത്രി തന്നെ സമാപിച്ചിരുന്നു. ബെറായിചിലെ ഗുല്ലബിറിൽ ഇന്നലെ മുതൽ സ്ഥിതി സ്പോടനാജനകമാണ്. ആൾക്കൂട്ടം പോലീസ് ബൂത്തും ATM കൗണ്ടറും രണ്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി.
രണ്ട് സംസ്ഥാനങ്ങളിലും ഒട്ടേറെ പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. ചിലയിടത്തു പോലീസ് ലാത്തി വീശി. ആഗ്രയിൽ വെടിവെപ്പ് നടത്തിയ 60 വി എച്ച് പി പ്രവർത്തകർക്കെതിരെ ആയുധം കയ്യിൽ വെച്ചതിനു കേസ് എടുത്തു.
ബിഹാറിലെ ജമുയിൽ വിഗ്രഹനിമജ്ജനത്തിനിടെ കല്ലേറിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. തുടർന്ന് മുഹറം ഘോഷയാത്ര ആക്രമിക്കപ്പെട്ടു.

Related News