Thursday
18 Oct 2018

മുല്ലപ്പെരിയാര്‍: പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി

By: Web Desk | Thursday 11 January 2018 10:23 PM IST

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാരും കേരള, തമിഴ്‌നാട് സര്‍ക്കാരുകളും പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം.
122 വര്‍ഷം പഴക്കമുള്ള അണക്കെട്ടുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ദുരന്തമുണ്ടായാല്‍ നടപടികള്‍ സ്വീകരിക്കാനായാണ് പ്രത്യേക സമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അഭിഭാഷകനായ റസല്‍ ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഡാമിന്റെ സുരക്ഷയെക്കുറിച്ച് രാജ്യാന്തര വിദഗ്ധരടങ്ങുന്ന സംഘത്തെക്കൊണ്ട് പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ അണക്കെട്ട് ഡീ കമ്മിഷന്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കോടതി തീര്‍പ്പാക്കി.
ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മനോജ് വി ജോര്‍ജ് അണക്കെട്ടുകളുടെ ആയുസ് അമ്പത് വര്‍ഷമാണെന്നും രാജ്യത്ത് നൂറിലധികം വര്‍ഷം പഴക്കമുള്ള നൂറിലേറെ ഡാമുകളുണ്ടെന്നും ഇവ ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും കോടതിയെ അറിയിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. മേല്‍നോട്ട സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജിന്റെ റിപ്പോര്‍ട്ടും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. 2014 ലെ ഭരണാഘടനാ ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എജി അറിയിച്ചു.
ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് അനുസൃതമായി നിരീക്ഷണ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന സമിതികള്‍ കേന്ദ്ര സമിതിയുമായി ചേര്‍ന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Related News