Monday
23 Apr 2018

 കൗമാരക്കാരായ പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

By: Web Desk | Wednesday 11 April 2018 4:01 PM IST

മുംബൈ: രണ്ടുവര്‍ഷത്തോളം കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഫാഷന്‍ ഡിസൈനറായ പിതാവ് അറസ്റ്റിൽ . മുംബൈ വകോല സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ അമ്മയോടു പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടുവര്‍ഷത്തിനിടെ പലതവണ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പീഡനവിവരം അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ രണ്ടുപെണ്‍കുട്ടികളെയും കൊണ്ട് വകോല സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കൈലാഷ് ചന്ദ് അവ്ഹാദ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ തന്നോട് മോശമായി സംസാരിച്ചെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ വിദ്യാഭ്യാസകാര്യങ്ങള്‍ക്കു പണം നല്‍കുന്നതു നിര്‍ത്തുമെന്നും വീടിനു പുറത്താക്കുമെന്നും അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മുതിര്‍ന്ന പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ നവംബറില്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഏപ്രില്‍ പന്ത്രണ്ടുവരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Related News