Wednesday
21 Nov 2018

മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി

By: Web Desk | Monday 3 September 2018 11:03 PM IST

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ വിശദീകരിച്ച് എങ്ങനെയാണു പൊലീസിനു വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുകയെന്നു കോടതി ചോദിച്ചു. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നതു തെറ്റാണെന്നും ജസ്റ്റിസ് ഭട്കര്‍ നിരീക്ഷിച്ചു. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഗെയ്ക്ക്‌വാദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരുടെ വിശദീകരണം അറിയിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കേസ് സെപ്റ്റംബര്‍ ഏഴിനു പരിഗണിക്കും.
ഓഗസ്റ്റ് 31 നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ആക്ടിവിസ്റ്റുകള്‍ക്കെതിരെ ആയിരക്കണക്കിന് രേഖകള്‍ തെളിവായുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മഹാരാഷ്ട്ര പൊലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിങ് അവകാശപ്പെട്ടു. മോഡിയുടെ ഭരണം അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധി വധം പോലൊരു സംഭവത്തിനായി, അറസ്റ്റിലായവര്‍ നിരവധി കത്തുകള്‍ കൈമാറിയിരുന്നുവെന്നും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും പരംബീര്‍ സിങ് അവകാശപ്പെട്ടിരുന്നു. കത്തിലെ ചില വിവരങ്ങളും എഡിജിപി പങ്കുവച്ചിരുന്നു.ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തത് ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ആക്ടീവിസ്റ്റുകളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ശക്തമായ ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയെന്ന് പറയുമ്പോഴും അത് വ്യക്തമാക്കുന്ന എന്ത് തെളിവാണുള്ളതെന്ന് പൊലീസ് വിശദീകരിച്ചിരുന്നില്ല. എന്നാല്‍ കേസ് വിവരങ്ങള്‍ പുറത്ത് വിട്ടത് തെറ്റാണെന്നും ഇത് സംബന്ധിച്ച് മഹാരാഷ്ട്ര പൊലീസ് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അറസ്റ്റിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണു മഹാരാഷ്ട്ര പൊലീസ് അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കവി വരവരറാവു, ഗൗതം നവല്‍ഖ, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗൊണ്‍സാല്‍വസ് എന്നിവരാണ് അറസ്റ്റിലായത്. പുണെയില്‍ നടന്ന ദളിത് കൂട്ടായ്മയായ എല്‍ഗാര്‍ പരിഷത്തിനുശേഷം ഭീമ കൊറാഗാവില്‍ ആക്രമണമുണ്ടായി. അന്നു രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വച്ചാല്‍ മതിയെന്നു സുപ്രിംകോടതി പിന്നീട് ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റെന്ന വിലയിരുത്തലില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു വിശദീകരണവും തേടി.