Sunday
24 Jun 2018

മൂന്നാര്‍ പാപ്പാത്തിചോല വില്‍പ്പനയ്ക്ക്

By: Web Desk | Saturday 9 September 2017 2:47 PM IST

പിന്നില്‍ ടോം സ്‌കറിയയുടെ മാഫിയാ ഏജന്റുമാര്‍
ഗള്‍ഫില്‍ വ്യാപകമായി പരസ്യങ്ങള്‍

കെ രംഗനാഥ്‌

ദുബായ്:  മൂന്നാര്‍ കയ്യേറ്റ മാഫിയയുടെ ചക്രവര്‍ത്തിയായ ടോം സ്‌കറിയയും അയാളുടെ വെള്ളുക്കുന്നേല്‍ കുടുംബവും വ്യാജരേഖകള്‍ ചമച്ച് കയ്യടക്കിവച്ചിട്ടുള്ള പാപ്പാത്തിച്ചോലയിലും മൂന്നാറിന്റെ വിവിധമേഖലകളിലുമുള്ള നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും ഏലത്തോട്ടങ്ങളും പ്രവാസികളുടെ തലയില്‍ കെട്ടിവച്ച് കോടികള്‍ കൊയ്യാനുള്ള വാരിക്കുഴികള്‍ തീര്‍ത്ത് മാഫിയാ ഏജന്റുമാര്‍ രംഗത്തിറങ്ങി.

ടോം സ്‌കറിയയുടെ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന തട്ടിപ്പു പ്രാര്‍ഥനാ സംഘത്തിന്റെ ദുബായ് ഘടകത്തിലെ ഏജന്റുമാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നാണ് സൂചന. ഭീമന്‍ കള്ളക്കുരിശ് സ്ഥാപിച്ച് ഇരുന്നൂറോളം ഏക്കര്‍ വളച്ചുകെട്ടിയ പാപ്പാത്തിച്ചോലയിലേയും ചിന്നക്കനാലിലേയും സൂര്യനെല്ലിയിലേയും ഭൂമിയും സര്‍ക്കാരില്‍ നിന്നു പാട്ടത്തിനെടുത്ത ഏലത്തോട്ടങ്ങളും വിറ്റഴിക്കാനാണ് രണ്ടുമാസമായി പ്രവാസികളെ ചാക്കിടുന്നത്. ഈ കയ്യേറ്റ ഭൂമികളെല്ലാം ഏറ്റെടുക്കാന്‍ വേണ്ടി റവന്യൂവകുപ്പ് തയ്യാറാക്കിയ പട്ടികയിലുള്ളവയാണ്.

പാപ്പാത്തിച്ചോല ടോം സ്‌കറിയക്ക് ദൈവം ചൂണ്ടിക്കാണിച്ചുകൊടുത്ത അനുഗ്രഹഭൂമിയാണെന്നാണ് ദുബായിലെ സ്പിരിറ്റ് ഇന്‍ ജീസസ് ഏജന്റുമാര്‍ പ്രവാസികള്‍ക്കിടയില്‍ നടത്തുന്ന കൗതുകകരമായ പ്രചാരണം. ആകാശവിസ്മയം ദൃശ്യമായ പാപ്പാത്തിച്ചോലയില്‍ സൂര്യന്‍ അനുഗ്രഹ സൂചകമായി ചില അടയാളങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും സൂര്യനു ചുറ്റുമുള്ള മഴവില്ല് അനുഗ്രഹ ചിഹ്നമാണെന്നുമുള്ള വീഡിയോകള്‍ കാട്ടിയാണ് കയ്യേറ്റ ഭൂമികള്‍ വിറ്റ് പ്രവാസികളെ വഞ്ചിക്കാന്‍ വ്യാപകശ്രമം നടക്കുന്നതെന്ന് ഇവരുടെ വലയില്‍ വീഴാത്ത മലയാളി പ്രവാസികള്‍ പറയുന്നു. പാപ്പാത്തിച്ചോലയുടെ പ്രകൃതിഭംഗി ചിത്രീകരിച്ചിട്ടുള്ള വീഡിയോകളും ചതിക്കുഴികളില്‍ വീഴ്ത്താന്‍ ഏജന്റമാര്‍ ഉപയോഗിക്കുന്നുണ്ട്. 2008 ഒക്‌ടോബറില്‍ റവന്യൂവകുപ്പ് ഒഴിഞ്ഞുപോകാന്‍ റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയ ഭൂമികളാണ് ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമം നടക്കുന്നത്.

പാപ്പാത്തിച്ചോലയില്‍ നാലേക്കര്‍ ഏലത്തോട്ടവും ഭൂമിയും സെന്റിന് ഏഴ് ലക്ഷം രൂപ വിലയിട്ടുനല്‍കാമെന്നാണ് ഏജന്റുമാരുടെ വാഗ്ദാനം. ചിത്രത്തില്‍ നിന്നും ഇതു പാപ്പാത്തിച്ചോലയാണെന്ന് വ്യക്തം. ചിന്നക്കനാലില്‍ മൂന്നു വര്‍ഷം പ്രായമുള്ള ഏലച്ചെടികളടങ്ങുന്ന 17 ഏക്കര്‍ തോട്ടം, മുതുവാന്‍കുടിയില്‍ 30 ഏക്കര്‍ ഏലത്തോട്ടം 15 കോടിക്ക്, സൂര്യനെല്ലി, ചിന്നക്കനാല്‍, കുഞ്ചിത്തണ്ണി, ആനച്ചാല്‍, ഇക്കാനഗര്‍, രാജീവ് കോളനി എന്നിവിടങ്ങളില്‍ ഏലത്തോട്ടവും ഭൂമിയും എന്നിവയും വില്‍ക്കാനുണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു. പ്രതിവര്‍ഷം 30 ടണ്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ഒരു കോടി രൂപ വരുമാനമുള്ള 135 ഏക്കര്‍ ഏലത്തോട്ടമാണ് ടോം സ്‌കറിയയുടെ ഏജന്റുമാര്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള ഏറ്റവും വിസ്തീര്‍ണമുള്ള ഭൂമി. തോട്ടഭൂമി സര്‍ക്കാര്‍ വകയാണെങ്കിലും ഉടമയ്ക്കു പട്ടയമില്ല.

സൂര്യനെല്ലിയില്‍ ടോം സ്‌കറിയയുടെ വെള്ളുക്കുന്നേല്‍ കുടുംബം കയ്യേറി വ്യാജ പട്ടയങ്ങള്‍ ചമച്ചുവെന്ന് വി എസ് അച്യുതാനന്ദന്‍ മൂന്നാറിനെ കയ്യേറ്റക്കാരില്‍ നിന്നും മോചിപ്പിക്കാന്‍ നിയോഗിച്ച ദൗത്യസംഘാംഗമായിരുന്ന സുരേഷ് കുമാറും പിന്നീട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നിവേദിതാ പി ഹരനും ഇന്റലിജന്‍സ് ഡിജിപി ഇ ജെ ജയരാജും ദേവികുളം ആര്‍ഡിഒയായിരുന്ന ശ്രീറാം വെങ്കിട്ടരാമനും കണ്ടെത്തിയിരുന്നു.

വെള്ളുക്കുന്നേല്‍ കുടുംബം വെട്ടിപ്പിടിച്ചതും ടോംസ്‌കറിയയുടെ ദൂതന്മാര്‍ ‘വിറ്റഴിക്കല്‍ ക്യാമ്പയിന്’ ഗള്‍ഫില്‍ നല്‍കിയ രേഖകളിലുള്ള സര്‍ക്കാര്‍ ഭൂമികളുടെയും കണക്ക് ഇപ്രകാരം. ബ്രാക്കറ്റില്‍ കയ്യേറി വില്‍പ്പനയ്ക്കു വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമികളുടെ വിസ്തൃതി.
ടോംസ്‌കറിയ വെള്ളുക്കുന്നേല്‍ (12.17 ഏക്കര്‍), ജോസഫ് സ്‌കറിയ വെള്ളുക്കുന്നേല്‍ (11.09 ഏക്കര്‍), സ്‌കറിയ ജോസഫ് വെള്ളുക്കുന്നേല്‍ (16.08), മേരി സ്‌കറിയ വെള്ളുക്കുന്നേല്‍ (0.99 ഏക്കര്‍), ബോബി സ്‌കറിയ വെള്ളുക്കുന്നേല്‍ (72.3 ഏക്കര്‍), ജിജി സ്‌കറിയ വെള്ളുക്കുന്നേല്‍ (8.28 ഏക്കര്‍), ജോസ് സ്‌കറിയ, ലിലു ജോസ് വെള്ളുക്കുന്നേല്‍ (8.73 ഏക്കര്‍), ലിലു ജോസ് വെള്ളുക്കുന്നേല്‍ (5.48), ജിമ്മി സ്‌കറിയ വെള്ളുക്കുന്നേല്‍ (13.83). ഇവയെല്ലാം പ്രവാസികളുടെ തലയില്‍ കെട്ടിവച്ച് പ്രവാസികളെ കബളിപ്പിക്കുന്നതു തടയാന്‍ റവന്യൂ ആഭ്യന്തര വകുപ്പുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് നടപടികളെടുക്കണമെന്നാണ് മാഫിയാ ഏജന്റുമാരുടെ വലയില്‍ വീഴാതെ രക്ഷപ്പെട്ടവരുടെ അഭിപ്രായം.

Related News