Wednesday
22 Aug 2018

ചുമര്‍ചിത്രങ്ങളെ ജനകീയമാക്കി ‘ചിത്രവിപഞ്ചനം’

By: Web Desk | Wednesday 16 May 2018 10:27 PM IST

ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചിത്ര വിപഞ്ചനം എന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം നിബിന്‍ രാജ്

സ്വന്തം ലേഖിക

കൊച്ചി: ഒരു കാലത്ത് ക്ഷേത്രങ്ങളിലും മറ്റുമായി ഒതുങ്ങിനിന്നിരുന്ന ചുമര്‍ചിത്രകലയെ സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയാണ് ‘ചിത്രവിപഞ്ചനം’ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം. കോഴിക്കോട് സ്വദേശിയായ പി നിബിന്‍രാജ് വരച്ച 21 ചിത്രങ്ങളാണ് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൃഷ്ണന്റെ സൗമ്യ ഭാവങ്ങള്‍ കോര്‍ത്തിണക്കി വരച്ചിരിക്കുന്ന കൃഷ്ണലീല എന്ന പെയിന്റിംഗ് ഏറെ ശ്രദ്ധേയമാണ്. 10 അടിയില്‍പരം വലിപ്പമുള്ള കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന ചിത്രം ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്താണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഗണപതിയെന്ന് ചിന്തിപ്പിക്കുമെങ്കിലും വൈനായകി എന്ന സ്ത്രീരൂപത്തെ അതിമനോഹരമായാണ് ചിത്രകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗണപതിയില്‍ നിന്നും വ്യത്യസ്തമായി ചെറിയ രണ്ടുകൊമ്പുകളും മറ്റും വൈനായകിയുടെ പ്രത്യേകതകളാണ്. കൂടാതെ അനന്തശയനം, പാര്‍വതി-ബാലഗണപതി, കൃഷ്ണനും ഗോപികമാരും, ഗണപതി പൂജ തുടങ്ങിയ ചിത്രങ്ങളും ചിത്ര ആസ്വാദകരെ ആകര്‍ഷിക്കുന്നവയാണ്. എട്ട് അടി വലിപ്പമുള്ള കാന്‍വാസില്‍ തീര്‍ത്തിരിക്കുന്ന അനന്തശയനത്തില്‍ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രകാരന്‍ നിബിന്‍രാജ് പറഞ്ഞു.

പൈതൃകം ഒട്ടും ചോരാതെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. പുരാണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ചിത്രവിപഞ്ചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാസ്റ്റ് സപ്പര്‍, ചങ്ങമ്പുഴയുടെ വാഴക്കുല, ഒഎന്‍വിയുടെ അമ്മ എന്നീകവിതകളുമുള്‍പ്പെടെയുള്ളവയും നിബിന്‍രാജ് ചെയ്തിട്ടുണ്ട്. ചുമര്‍ചിത്രകലയെ ക്ഷേത്രങ്ങളില്‍ മാത്രമായി ഒതുക്കാതെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ലക്ഷ്യമെന്നും ചിത്രകാരന്‍ പറയുന്നു.

അടുത്തകാലത്തായി മ്യൂറല്‍ പെയിന്റിംഗ് അഭ്യസിക്കാന്‍ സ്ത്രീകള്‍ ധാരാളമായി എത്തുന്നുണ്ട്. എന്നാല്‍ വസ്ത്രത്തിലും മറ്റും വര്‍ക്ക് ചെയ്യുന്നതിനായി പരമ്പരാഗത ശൈലിയില്‍ നിന്ന് മാറിയാണ് പെയിന്റിംഗ് ചെയ്യുന്നത്. ചുവര്‍ചിത്രകല പരമ്പരാഗതമായ ശൈലിയില്‍ തന്നെ അഭ്യസിക്കണമെന്നും നിബിന്‍ പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചുമര്‍ചിത്രപഠനകേന്ദ്രത്തില്‍ നിന്നും ചിത്രകല അഭ്യസിച്ച നിബിന്‍രാജ് മാഹി മലയാള കലാഗ്രാമത്തില്‍ ചുവര്‍ചിത്രകലാ അധ്യാപകന്‍ കൂടിയാണ്. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.