Wednesday
22 Nov 2017

ദുരഭിമാനക്കൊല: കനേഡിയന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് അയക്കും

By: Web Desk | Monday 11 September 2017 8:46 AM IST

മോണ്‍ട്രിയോള്‍: ഇന്ത്യയില്‍ ദുരഭിമാനക്കൊല നടത്തിയ കനേഡിയന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് കടത്താന്‍ കോടതി ഉത്തരവ്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഞ്ചാബില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളായ രണ്ട് ഇന്ത്യന്‍ വംശജരെയാണ് ഇന്ത്യയ്ക്ക് കൈമാറാന്‍ കാനേഡിയന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. റിക്ഷാ ഡ്രൈവറെ വിവാഹം കഴിച്ചതിന് അമ്മയും അമ്മാവനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
ജസ്‌വിന്ദര്‍ കൗര്‍ സിദ്ദുവിനെ (25)യാണ് മാതാവ് മല്‍കീത് കൗര്‍ സിദ്ദുവും (67), അമ്മാവന്‍ സുര്‍ജിത് സിങ് ബദേഷ (72)യും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാനഡ പൗരന്മാരായ ഇരുവരെയും കൈമാറാന്‍ 2014ല്‍ നിയമമന്ത്രി അനുമതി നല്‍കിയെങ്കിലും 2016ല്‍ റദ്ദാക്കി. ഈ അനുമതിയാണ് ഒന്‍പതംഗ ബെഞ്ച് പുനഃസ്ഥാപിച്ചത്.
2000ലാണ് കൊലപാതകം നടന്നത്. മിതു സിദ്ദുവിനെ രഹസ്യവിവാഹം ചെയ്തു കാനഡയിലേക്കു മടങ്ങിയ ജസ്‌വീന്ദര്‍ ഒരു വര്‍ഷത്തിനു ശേഷം മാതാപിതാക്കളെ ഇക്കാര്യം അറിയിച്ച ശേഷം പഞ്ചാബിലേക്കു മടങ്ങി ഭര്‍ത്താവിനൊപ്പം താമസം തുടങ്ങി. സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി മിതുവിനെ മര്‍ദിച്ചശേഷം ജസ്‌വീന്ദറിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പിന്നീട് കഴുത്തറത്ത നിലയിലാണു കണ്ടെത്തിയത്. അമ്മയും അമ്മാവനും ചേര്‍ന്നു നല്‍കിയ ക്വട്ടേഷനായിരുന്നു കൊലപാതകം എന്നാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ ഏഴുപേരെ ശിക്ഷിച്ചെങ്കിലും അപ്പീലില്‍ ചിലരുടെ ശിക്ഷ റദ്ദാക്കപ്പെട്ടു. കേസില്‍ പ്രതികളായ ഇരുവരെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.
കൂലിവേലക്കാരനായ മിതുവിന് കേസ് ഒത്തുതീര്‍പ്പാക്കാനായി ജസ്‌വീന്ദറിന്റെ കുടുംബാംഗങ്ങള്‍ വന്‍ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും തന്റെ പ്രണയത്തിന് വേണ്ടി അദ്ദേഹം അതെല്ലാം വേണ്ടന്ന് വെയ്ക്കുകയായിരുന്നു.

Related News