Tuesday
20 Nov 2018

ശാന്തന്‍പാറ യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ പ്രതികളെ റിമാന്‍ഡുചെയ്തു

By: Web Desk | Wednesday 6 December 2017 12:58 PM IST

അടിമാലി: മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീ സാക്ഷിയെന്നു പോലീസ്. ശാന്തന്‍പാറ തൊട്ടിക്കാനം വാഴയില്‍ രാജന്റെ മകന്‍ രാജീവിനെ (32) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു (43) എന്നിവരെയാണ് നെടുംകണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
രാജീവിന്റെ സുഹൃത്തുക്കളാണ് റിമാന്‍ഡിലായവര്‍. ഇവരുടെ കുറ്റസമ്മത മൊഴിയനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മുതല്‍ പോലീസ് സംഘം രാജാപ്പാറ മെട്ടിലെ കൊക്കയില്‍ നടത്തിയ തെരച്ചിലില്‍ ജീര്‍ണച്ച മൃതദേഹവും പടുതയും വസ്ത്രങ്ങളും കണ്ടെത്തി.
ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തോടൊപ്പം രാജീവിന്റെ അമ്മയുടെ ഡി.എന്‍.എ. പരിശോധനയും നടത്തും.
ബാബുവിനൊപ്പം താമസിച്ചിരുന്ന എമിലിയെയാണു കസ്റ്റഡിയിലെടുത്തത്. കൊലപാതകം നേരില്‍ കണ്ട അവരെ കേസിലെ പ്രധാന സാക്ഷിയാക്കുമെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കൊലപാതകം നേരില്‍ കണ്ട് ഒച്ചവയ്ക്കാന്‍ ശ്രമിച്ച എമിലിയുടെ വായില്‍ പ്രതികള്‍ തുണി തിരുകി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അവിവാഹിതനായ രാജീവ് ബാബുവിനൊപ്പമാണു ഗോപിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നത്.
രാജീവിന്റെ മൊബൈല്‍ ഫോണ്‍ എമിലിയും ബാബുവും ചേര്‍ന്ന് മോഷ്ടിച്ചെന്ന് ആരോപിച്ചുണ്ടായ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ജൂലൈ മാസം പത്തിന് വൈകിട്ട് ആറുമണിയോടെ ബാബുവും ഗോപിയും ചേര്‍ന്നു തൂമ്പ ഉപയോഗിച്ചു രാജീവിനെ അടിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ് പറഞ്ഞു. മൃതദേഹം പടുതയില്‍ പൊതിഞ്ഞ് ഗോപിയുടെ ജീപ്പില്‍ കയറ്റികൊണ്ടുപോയാണു 15 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കൊക്കയില്‍ മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹം കണ്ടെത്താനാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികള്‍.
കൊലപാതകത്തോടെ ഇവരില്‍നിന്ന് അകന്ന എമിലി സഹോദരനൊപ്പം ആനയിറങ്ങലില്‍ താമസിക്കുകയായിരുന്നു. ജൂലൈ പത്തിന് നെടുങ്കണ്ടം കോടതിയില്‍ കേസുമായി പോയ രാജീവ് തിരിച്ചെത്തിയില്ലെന്നു കാണിച്ച് 18ന് അമ്മ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ ശാന്തന്‍പാറ എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ഗോപി അടക്കമുള്ളവരെ പലവട്ടം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായും പോലീസ് പറഞ്ഞു. കേസില്‍ പുരോഗതിയില്ലാതെ വന്നതോടെ കഴിഞ്ഞ 27 ന് രാജീവിന്റെ സഹോദരി രാജി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
കുമളി എസ്.ഐ; ജോബി തോമസിന്റെ നേതൃത്വത്തിലുള്ള എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണു കേസിന് തുമ്പുണ്ടായത്.
സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ എമിലി തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. മൂന്നാര്‍ ഡിവൈ.എസ്.പി: എസ്. അഭിലാഷ്, ദേവികുളം സി.ഐ: ജയന്‍, പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്.ഐ: ജോബി തോമസ്, എ.എസ്.ഐ: സജിമോന്‍ ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തങ്കച്ചന്‍ മാളിയേക്കല്‍, എം.ആര്‍. സതീഷ്, ബേസില്‍ പി. ഐസക്, സി.പി.ഓ: എസ്. സുബൈര്‍, സലിന്‍ രവി, ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍മാരായ ബിനുമോന്‍, ഇ.ജി. മനോജ്കുമാര്‍, അബ്ദുള്‍ നാസര്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണൃ മൃതദേഹം കണ്ടെടുത്തത്.

 

Related News