Wednesday
23 Jan 2019

മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം!

By: Web Desk | Sunday 13 May 2018 10:22 PM IST

ണ്ട് പണ്ട് രാജഭരണകാലത്ത് രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും വാഴ്ത്തിപ്പാടാന്‍ എന്തെല്ലാം ഭരണകൂടസമ്പ്രദായങ്ങളാണ് ഉണ്ടായിരുന്നത് എന്നോര്‍ത്താല്‍ അമ്പരന്നുപോകും. ഉണര്‍ത്തുപാട്ടിന് വൈതാളികര്‍. സ്തുതിപാഠകരായി രാജകീയ വിദ്വല്‍സദസ്. ‘അരചനെകെടുത്തൊന്നും പറഞ്ഞീടൊല്ല’ എന്നു കല്‍പിച്ച കാലം, ചെളിയില്‍ കുളിച്ചുനില്‍ക്കുന്ന രാജാവിനെകണ്ടാലും അതേക്കുറിച്ച് ‘ക്ഷ’ എന്നൊരക്ഷരം മിണ്ടിക്കൂട. അതുകൊണ്ടാണല്ലോ നേപ്പാള്‍ മഹാരാജാവിനെക്കുറിച്ച് പണ്ട് അരചന്‍ കേള്‍ക്കാതെ ആരോ ‘നേപ്പാളക്ഷിതി തന്നില്‍ വസിക്കും ഭൂപാലന്റെ കപോലം തന്നില്‍ ചേറുപുരണ്ടാല്‍ കസ്തൂരിക്കുറി’ എന്ന് അമര്‍ത്തിപ്പാടിപ്പോയത്.

രാജഭരണം പോയിട്ടും അല്ലറചില്ലറ ജനാധിപത്യസ്പര്‍ശത്തോടെ സ്തുതിപാഠകരും വൈതാളികരും കുപ്പായം മാറി ഇപ്പോഴുമുണ്ട്. ഉപദേഷ്ടാക്കളുടെ വേഷഭൂഷകളണിഞ്ഞാണെന്നു മാത്രം. പ്രധാനമന്ത്രി മോഡിക്ക് കാക്കത്തൊള്ളായിരം ഉപദേശകരാണുള്ളത്. പ്രസംഗം എന്ന അബദ്ധപഞ്ചാംഗമെഴുതാന്‍ മാധ്യമ ഉപദേഷ്ടാവ്. പിന്നെ വകുപ്പ് തിരിച്ച് അഡൈ്വസര്‍ പട. മുഖ്യമന്ത്രിമാരും ഇതെല്ലാം അനുകരിച്ചപ്പോള്‍ ഉപദേശകവൃന്ദം എന്ന വൈതാളികസംഘങ്ങളില്ലാതെ ഭരണം വയ്യെന്ന നില. ഭരണകൂടത്തില്‍ നിന്നും സ്വന്തം കാര്യം നേടിയെടുക്കാന്‍ മാത്രമേ ഈ ഉപദേശിപ്പട്ടാളത്തിനു നേരമുള്ളു. ഇതിനെല്ലാമിടയിലാണ് ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ഭരണത്തിനുപുറത്തു നിന്നുള്ളവരും വാഴ്ത്തിപ്പാടലുകാരായി രംഗപ്രവേശം ചെയ്യുന്നത്. ഇവരാകട്ടെ ഭരണകൂടത്തിന്റെ തിരുവത്താഴനേരത്തെ യൂദാസുകളും.
ശവമഞ്ചങ്ങള്‍ പിന്നെയും നീങ്ങുന്നു. പ്രബുദ്ധകേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പിന്നെയും തുടര്‍ക്കഥയാവുന്നു. മാഹിയില്‍ സിപിഎം നേതാവ് ബാബുവും ബിജെപി നേതാവ് ഷമേഷും കൊലക്കത്തിക്കിരയായപ്പോള്‍ അനാഥമായത് പറക്കമുറ്റാത്ത കുരുന്നുകളടങ്ങുന്ന രണ്ടു കുടുംബങ്ങള്‍. രാഷ്ട്രീയ കൊലകള്‍ക്കല്ല ഒരു കൊലയ്ക്കും ന്യായീകരണമില്ല. ‘അടിക്കു തിരിച്ചടി’ എന്ന ബാലിശമായ വാദങ്ങള്‍ ഉയരുമ്പോഴും ഉള്ളുരുകുന്നത് സാംസ്‌കാരിക കേരളത്തിന്റേതാണ്. പ്രബുദ്ധം, സാംസ്‌കാരികം എന്നീ നാം ഓമനിക്കുന്ന വിശേഷണപദങ്ങള്‍ നമുക്ക് കൈമോശം വന്നുവോ. വിശന്നുവലഞ്ഞപ്പോള്‍ ഇത്തിരി ആഹാരം മോഷ്ടിച്ച മധുവെന്ന ആദിവാസിപട്ടിണിക്കോലത്തെ തച്ചുകൊന്ന നമ്മള്‍, ശ്രീജിത്ത് എന്ന ദളിത് യുവാവിനെ ഉറക്കത്തില്‍ നിന്നുവിളിച്ചുണര്‍ത്തിക്കൊണ്ടുപോയി തല്ലിക്കൊന്ന വരാപ്പുഴ പൊലീസ് കാപാലികര്‍. പിഞ്ചുബാലികയെ തിയേറ്ററില്‍ വെച്ച് പീഡിപ്പിച്ച കോടീശ്വരനെ രക്ഷിക്കാന്‍ പരാതി മുക്കിയ പൊലീസ്. നമ്മുടെ പൊലീസ് പ്രതിക്കൂട്ടില്‍ കയറുമ്പോള്‍ ചില സംശയങ്ങള്‍ പൊതുമനസിലുണ്ടാവുക സ്വാഭാവികം. പിണറായി വിജയന്‍ നയിക്കുന്ന ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ നികുംഭിലയില്‍ ഒരു ഗൂഢാലോചന നടക്കുന്നുവോ എന്ന സകാരണമായ സന്ദേഹം.
കോവളത്ത് ഒരു വിദേശവനിത കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ പിടികൂടിയ പൊലീസിന് ലാല്‍സലാം. പക്ഷേ ഈ സംഭവം രണ്ടര പതിറ്റാണ്ടു മുമ്പ് കോവളത്തുനടന്ന ഒരു സംഭവത്തിലേക്ക് ഓര്‍മകള്‍ പായിക്കുന്നു. ‘ഭുവനങ്ങളില്‍ സ്വര്‍ഗമുണ്ടെങ്കില്‍ ആ സ്വര്‍ഗം ഇവിടെയാണിവിടെയാണിവിടെ മാത്രം’ എന്നാണല്ലോ കേരളം എന്ന സൗന്ദര്യഭൂമിയെക്കുറിച്ചു നാം അഭിമാനരോമാഞ്ചകഞ്ചുകമണിയാറ്. ഈ പരാമര്‍ശിതസംഭവത്തിലെ കഥാനായികയുടെ പേര് റീത്താ കലാനിറിന്തിനീത്ത. ഗ്രീസിലെ ഒരു ആര്‍ച്ച് ബിഷപ്പിന്റെ അനന്തിരവള്‍. കോവളം കാണാനെത്തിയ റീത്ത എന്ന യുവസുന്ദരിയുടെ പിന്നാലെ ജോസഫ് സഹായി എന്ന ഗൈഡ് കൂടി. പിന്നീട് ഇരുവരും കോവളത്ത് അടിച്ചു പൊളിച്ചുജീവിച്ചു. ഏറെ വൈകിയാണറിഞ്ഞത് റീത്ത കടുത്ത എയ്ഡ്‌സ് രോഗിയാണെന്ന്. ഗൈഡിനടക്കം അനേകം പേര്‍ക്ക് എയ്ഡ്‌സ് സമ്മാനിച്ച ശേഷം അവള്‍ നാട്ടിലെത്തി അന്ത്യശ്വാസം വലിച്ചു. ജോസഫ് സഹായിയടക്കം നിരവധിപേരും രോഗികളായി മരണത്തെ പുല്‍കി.
നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനധികൃത ഗൈഡുകളായി അവതരിക്കുന്ന നൂറുകണക്കിനു സാമൂഹ്യവിരുദ്ധരെ തളയ്ക്കാന്‍ നമുക്ക് നിയമമില്ല. കാല്‍നൂറ്റാണ്ടിനിപ്പുറം കോവളത്ത് ഒരു വിദേശവനിതയെ മയക്കുമരുന്നു നല്‍കി മാനഭംഗപ്പെടുത്തി കൊന്നപ്പോള്‍ ഇന്നും സംഗതികള്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നുവെന്നതിന്റെ ശക്തമായ സൂചനയായി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അരാജകത്വം സംബന്ധിച്ച കേസുകള്‍ ടൂറിസം വകുപ്പിനെ പൊലീസ് അറിയിക്കാറേയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിദേവനം. സാമൂഹ്യവിരുദ്ധരായ ഗൈഡുകളെ തൂത്തെറിഞ്ഞില്ലെങ്കില്‍ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരു കൊലയറയാകുമെന്നുറപ്പ്. ഇതിനിടിയില്‍ കോവളത്തു കൊല ചെയ്യപ്പെട്ട വിദേശവനിതയൂടെ പേരു വെളിപ്പെടുത്തരുതെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ കല്‍പന ‘അരും ചാക്കാലയ്ക്കിടെ പെരും ചിരി’ പോലെയായി. ജിഷയും സൗമ്യയുമടക്കമുള്ളവരുടെ പേരുകള്‍ നമുക്ക് മനഃപാഠമാണ്. കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ പേര് ലിഗ എന്നാണെന്ന് സര്‍വമാധ്യമങ്ങളിലും വന്നിരുന്നു. പോരാഞ്ഞ് ലിഗയുടെ അനുജത്തിയും സുഹൃത്തും ചേര്‍ന്ന് ലിഗയുടെ പേരും പടവുമടങ്ങുന്ന ‘കാണ്മാനില്ല’ എന്ന പോസ്റ്റര്‍ കേരളത്തിന്റെ ഭിത്തികളായ ഭിത്തികളിലൊട്ടിക്കുകയും ചെയ്തു. അപ്പോഴാണ് പേരുവെളിപ്പെടുത്തരുതെന്ന ബഹ്‌റയുടെ വെളിപാട്. ഇതുകേട്ട മാധ്യമങ്ങള്‍ ലിഗയുടെ പേരുമുക്കി കല്‍പനശിരസാവഹിച്ചു.

Related News